തൃശ്ശൂര്‍: എ.ടി.എം. തട്ടിപ്പുകേസുകളിലെ പ്രതി ഗോവയില്‍വെച്ച് രക്ഷപ്പെട്ട സംഭവം അന്വേഷിക്കാന്‍ തൃശ്ശൂരില്‍നിന്നുള്ള സംഘം ഗോവയില്‍ എത്തി. അതേസമയം സംഭവത്തില്‍ നടപടി വൈകുമെന്നാണ് സൂചന. കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ തട്ടിപ്പുനടത്തിയ ഹിമാചല്‍പ്രദേശ് സ്വദേശി ഗുല്‍ബിന്ദര്‍സിങ് ആണ് രക്ഷപ്പെട്ടത്. വിയ്യൂര്‍ ജയിലില്‍നിന്ന് ഛത്തിസ്ഗഡിലെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെയാണിത്.

policeകമ്മിഷണറുടെ പ്രത്യേക സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ അടങ്ങുന്ന സംഘമാണ് ഇയാളെത്തേടി ഗോവയില്‍ പോയിട്ടുള്ളത്. ഒരു സീനിയര്‍ സി.പി.ഒ. ഉള്‍പ്പെടെ നാലു പോലീസുകാരാണ് പ്രതിയുടെ കൂടെയുണ്ടായിരുന്നത്. തീവണ്ടിയില്‍വെച്ച് കൈയിലെ വിലങ്ങ് ഊരി കടന്നുകളയുകയായിരുന്നു ഇയാള്‍ എന്നാണ് പോലീസ് പറയുന്നത്.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. പ്രതിക്കൊപ്പം പോയവരും ഇയാളെ അന്വേഷിക്കാന്‍ പോയ സംഘത്തെ സഹായിക്കുകയാണിപ്പോള്‍. ഇതു കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തിയ ശേഷമേ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളു.

ഹിമാചല്‍പ്രദേശ് സ്വദേശിയായ ഗുല്‍ബിന്ദര്‍സിങ് നിരവധി സംസ്ഥാനങ്ങളില്‍ തട്ടിപ്പുനടത്തിയിട്ടുണ്ട്. നിരവധി കോടതികളില്‍ ഇയാള്‍ക്കെതിരേ കേസ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇയാളെ വിയ്യൂരില്‍നിന്നു കൊണ്ടുപോയത്.