കൊച്ചി: സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ജോര്‍ജ് ചെറിയാന്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ഷാജി വര്‍ഗീസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ (18) കാണാതായത്. തൊട്ടടുത്ത ദിവസം മൃതദേഹം കായലില്‍നിന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് മുങ്ങിമരണമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും ബലപ്രയോഗമോ പീഡനമോ നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്.

മിഷേലും കേസില്‍ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകള്‍, ഇവര്‍ നേരത്തേ ഉപയോഗിച്ചിരുന്ന സിംകാര്‍ഡുകള്‍ എന്നിവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരുന്നു. മിഷേലിനെ ക്രോണിന്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍നിന്ന് വ്യക്തമാകുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മിഷേലിനെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് എറണാകുളം വനിതാ പോലീസ് സ്റ്റേഷന്‍, ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.