കോഴിക്കോട്: മാവോവാദി നേതാക്കളായ കുപ്പുദേവരാജന്റെയും അജിതയുടെയും കൊലയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് സംഘം അയല്‍ സംസ്ഥാനങ്ങളിലേക്കു പോകും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ പോകും. 

Maoists killedക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. നിലമ്പൂര്‍ കരുളായി വനത്തില്‍നിന്ന് കിട്ടിയ ചില ഡയറിക്കുറിപ്പുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

കന്നട, തമിഴ്, ഹിന്ദി ഭാഷകളിലുള്ള ഡയറിക്കുറുപ്പുകളും ലഭിച്ചിട്ടുണ്ട്. ഒപ്പം 106-ല്‍പരം ഡിജിറ്റല്‍ തെളിവുകളും കിട്ടിയെന്ന് പോലീസ് പറയുന്നു. സംസ്ഥാനത്തേതുള്‍പ്പെടെ  20 പത്രപ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും ലഭിച്ചിട്ടുണ്ട്. 

ഇവരില്‍നിന്ന് മൊഴിയെടുക്കും. ഇതുവരെ 71 പേരുടെ മൊഴിയെടുത്തു. മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ട നവംബര്‍ 24-ന് ചുമതലയിലുണ്ടായിരുന്ന നിലമ്പൂര്‍ കരുളായി വനമേഖലയിലെ ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരും ഇതില്‍പ്പെടും. ഏറ്റുമുട്ടലിനൊടുവിലാണോ മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ പരിധിയിലുള്ളത്. 

ചെന്നൈയില്‍നിന്നുള്ള ഡിവൈ.എസ്.പി. ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടിരുന്നു. കേരള പോലീസിന്റെ കൈയിലുള്ള വീഡിയോ ചിത്രങ്ങളിലുള്ള തമിഴ് മാവോവാദികളെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണിത്. 

ഇതിനിടെ, അഭിലാഷ് എന്ന തമിഴ്നാട്ടിലെ മാവോവാദി പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടും തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി.

മാവോവാദി പ്രവര്‍ത്തകരായ 20 അംഗസംഘം കേരളത്തിലെ വനഭൂമിയിലൂടെ മാര്‍ച്ച് ചെയ്തു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ ചിത്രങ്ങള്‍ക്കുതാഴെ 'കേരളത്തിലെ 220 ഏക്കര്‍ വനഭൂമി ആദിവാസികള്‍ക്കായി പിടിച്ചെടുത്തുകൊടുക്കാന്‍ മാവോവാദികള്‍ക്ക് സാധിച്ചു' എന്ന് കുറിച്ചിരുന്നു.