മുംബൈ: പതിനഞ്ചുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുകേസില്‍ എറണാകുളം സ്വദേശിയായ ഡാനിയേല്‍ എഡ്വേര്‍ഡി(45)നെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റുചെയ്തു. 

moneyകേരളത്തില്‍നിന്ന് പിടികൂടിയ ഇയാളെ മുംബൈയിലെ കോടതിയിലാണ് ഹാജരാക്കിയത്. ഏപ്രില്‍ 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. 

2013ല്‍ 'മൈ ട്രെന്‍ഡ്' എന്ന സ്ഥാപനം ആരംഭിച്ചാണ് ഡാനിയേലും കൂട്ടാളികളായ സതീഷ് പാല്‍, മനോജ് പാലും എന്നിവരും നിക്ഷേപകരെ ആകര്‍ഷിച്ചത്. 3500 രൂപ നിക്ഷേപിച്ചാല്‍ ഒരുവര്‍ഷം കൊണ്ട് ഒരു ലക്ഷംരൂപ മടക്കിക്കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഗോരേഗാവില്‍ ഫഌറ്റ് വാടകയ്‌ക്കെടുത്തായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

2014ല്‍ വാഗ്ദാനംചെയ്ത പണം കിട്ടാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഡാനിയേലിന്റെ കൂട്ടാളികള്‍ നേരത്തെതന്നെ പിടിയിലായി. ഇരുപതിനായിരത്തിലേറെ നിക്ഷേപകര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.