മംഗളൂരു: പണത്തിനായി സഹപാഠിയെ തട്ടിക്കൊണ്ടുപോയ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയും സംഘവും പിടിയില്‍. ബാഗല്‍കോട്ട് ജില്ലയിലെ മന്തൂര്‍ സ്വദേശി ദിവ്യ മല്ലികാര്‍ജുന്‍ മാലാഘന(22)യും ബാല്യകാല സുഹൃത്തായ കേദാരി ഹനുമന്ത പാട്ടീലും കാര്‍ഡ്രൈവര്‍ സുമിത്തുമാണ് ബലഗവി പോലീസിന്റെ പിടിയിലായത്.

arrest
പ്രതീകാത്മക ചിത്രം

ധാര്‍വാഡ് സ്വദേശി അര്‍പ്പിത ഗോവിന്ദ നായിക്കിനെയാണ് ദിവ്യവും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ബലഗവിയിലെ ജി.ഐ.ടി. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ദിവ്യയും അര്‍പ്പിതയും. ദിവ്യ കഴിഞ്ഞവര്‍ഷം  പഠനം നിര്‍ത്തിയിരുന്നു. അവസാന സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അര്‍പ്പിത, റിട്ട. പി.ഡബഌു.ഡി. എന്‍ജിനീയര്‍ ഗോവിന്ദ നായിക്കിന്റെ മകളാണ്.

തിങ്കളാഴ്ച ബലഗവി ടൗണില്‍വെച്ച് ദിവ്യയും കേദാരിയും അര്‍പ്പിതയെ കാണുകയും ഉച്ചയൂണിന് ക്ഷണിക്കുകയും ചെയ്തു. അടുത്തുള്ള റസ്റ്റോറന്റില്‍നിന്ന് ഊണുകഴിച്ചശേഷം ദിവ്യയുടെ കാറില്‍ കയറിയ അര്‍പ്പിതയ്ക്ക് ഉറക്കഗുളിക കലര്‍ത്തിയ ഇളനീര്‍ നല്‍കി. മയക്കത്തിലായ അര്‍പ്പിതയെ തുടര്‍ന്ന് ടൗണിലെ ഒരുവീട്ടില്‍ കൊണ്ടുപോയി ക്ലോറഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നു.

ബുധനാഴ്ച പകല്‍ ബോധംവന്ന അര്‍പ്പിതയോട് വീട്ടില്‍ വിളിച്ച് മോചനദ്രവ്യമായി അഞ്ചുകോടി രൂപ നല്‍കണമെന്ന് പറയുവാന്‍ സംഘം ആവശ്യപ്പെട്ടു. വിവരം വീട്ടുകാര്‍ പോലീസിലറിയിച്ചതിനെത്തുടര്‍ന്ന് ഡി.സി.പി. സി.രാധികയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച വിട് കണ്ടെത്തുകയും മൂവരെയും പിടികൂടുകയുമായിരുന്നു.

കിട്ടുന്ന പണത്തില്‍ 70 ലക്ഷം രൂപ തിരുപ്പതി ക്ഷേത്രത്തില്‍ നടയ്ക്കുവെക്കുമെന്നും ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ രണ്ടുപശുക്കളെ നേര്‍ച്ചയായി നല്‍കാമെന്നും സംഘം വഴിപാടുനേര്‍ന്നിരുന്നതായി ചോദ്യംചെയ്യലില്‍ പറഞ്ഞു. 60 ഉറക്കഗുളികകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.