കാക്കനാട്: കാക്കനാട് പീഡനക്കേസിലെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കി. മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ച സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

Mobilephone
പ്രതീകാത്മക ചിത്രം

അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ പ്രാഥമിക പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ല. തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ട് ഫോണുകളുടെ വിദഗ്ധ പരിശോധന ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.

റിമാന്‍ഡില്‍ കഴിയുന്ന ആറു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ കസ്റ്റഡിയില്‍ നല്‍കണമെന്നാണ് പോലീസ് കോടതില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 2014 മുതല്‍ പീഡനം തുടരുന്നതിനാല്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതി സ്ഥാനത്തുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.