കൊച്ചി: ഗൗരവമുള്ള കുറ്റകൃത്യങ്ങളില്‍ അന്വേഷണച്ചുമതല അവിദഗ്ധരായ പോലീസുദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നത് സാധാരണക്കാരനോട് ചെയ്യുന്ന അപരാധമെന്ന് ഹൈക്കോടതി. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. 

സ്വാധീനത്തിനും സമ്മര്‍ദത്തിനും വഴങ്ങുന്ന പോലീസുദ്യോഗസ്ഥരെ കേസന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നത് ശരിയല്ല. പാലക്കാട് നെല്ലിയാംപതി മന്ദംചോലയില്‍ ചന്ദ്രന്‍, തങ്കമണി കൊലക്കേസില്‍ പ്രതികളുടെ അപ്പീല്‍ തീര്‍പ്പാക്കവെയാണ് കോടതിയുടെ പരാമര്‍ശം. 

കേസില്‍ ആറു പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു. ഒരാളുടെ ശിക്ഷ ഭാഗികമായും ശരിവെച്ചു. ഒരാളെ വിട്ടയച്ചു. ആദ്യഘട്ട അന്വേഷണച്ചുമതല വഹിച്ച ഉദ്യോഗസ്ഥനെ തെളിവില്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിന് പ്രതിസ്ഥാനത്ത് ചേര്‍ത്തിരുന്നു. ഈ കേസിലെ ഒരു സാക്ഷി കാരണമാണ് ദാരുണമായ ഇരട്ടക്കൊല പുറത്തുവന്നതെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അന്വേഷണോദ്യോഗസ്ഥന്‍ യഥാസമയം ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പോലീസ് സേനയ്ക്ക് കൂടുതല്‍ വിശ്വാസ്യത ലഭിക്കുമായിരുന്നു. വിശ്വാസ്യമായ തെളിവുകള്‍ വലിയ വിഷമമില്ലാതെ ലഭ്യമാക്കാനാകുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കപ്പക്കൃഷിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് 1992 നവംബര്‍ 11ന് ചന്ദ്രനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതേസംഘം തിരികെ വീട്ടിലെത്തി തങ്കമണിയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ചന്ദ്രന്‍ തങ്കമണിയെ കൊലപ്പെടുത്തി നാടുവിടുകയായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമംനടന്നു. ചന്ദ്രന്റെ ഷര്‍ട്ടും അസ്ഥികൂടവും കണ്ടെത്തിയതോടെയാണ് ഇരട്ടക്കൊലയുടെ വിവരം പുറത്തുവന്നത്.