കൊച്ചി: ഗുണ്ടാവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ക്രിമിനലുകളെ നിരീക്ഷിക്കാന്‍ കൊച്ചി റേഞ്ചിലെ പോലീസ് സ്റ്റേഷനുകളില്‍ ഇനി സ്ഥിരം സംവിധാനം. ഓരോ സ്റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതികളുടെ വിവരങ്ങള്‍ പട്ടിക തിരിച്ച് സൂക്ഷിക്കാനാണ് തീരുമാനം.

ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ള ക്രിമിനലുകളുടെ വിശദ വിവരങ്ങള്‍ സ്റ്റേഷനിലെ എല്ലാ പോലീസുകാരും അറിഞ്ഞിരിക്കണമെന്നും നിര്‍ദേശമുണ്ട്. സ്റ്റേഷന്‍ ചുമതലയുള്ള സി.ഐ., എസ്.ഐ.മാര്‍ ഇക്കാര്യം ഉറപ്പു വരുത്തണം.

സാമൂഹ്യ വിരുദ്ധരെ കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് കൊടും കുറ്റവാളികള്‍, ഗുരുതരമല്ലാത്ത കേസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, നിലവില്‍ സജീവമല്ലാത്ത പഴയ കുറ്റവാളികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

ഐ.ജി. പി. വിജയന്റെ നിര്‍ദേശപ്രകാരം കൊച്ചി റേഞ്ചില്‍ മാര്‍ച്ച് 8 മുതല്‍ 15 വരെ നടന്ന പ്രത്യേക പരിശോധനയില്‍ 78 ഗുണ്ടകളാണ് അറസ്റ്റിലായത്. ഗുണ്ടാ നിയമപ്രകാരം മൂന്നു പേര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും പോലീസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടത്തിയ ഗുണ്ടാ ഓപ്പറേഷനില്‍ കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ആകെ 798 പേരാണ് അറസ്റ്റിലായത്.