കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു യാത്രക്കരില്‍നിന്നായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഒന്നേകാല്‍ കോടി വിലവരുന്ന 4.278 കിലോഗ്രാം സ്വര്‍ണം പിടിച്ചു.

ഒമാന്‍ എയര്‍വേയ്‌സിന്റെ മസ്‌കറ്റ്-ദുബായ-്‌കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് താമരശ്ശേരി കൊടിയത്തൂര്‍ തെഞ്ചേരി വീട്ടില്‍ മുഹമ്മദ്‌റാഫി (24), കാസര്‍കോട് തെരുവത്ത് തളങ്ങര നൗഷാദ് (28) എന്നിവരില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

ഇവരുടെ കൈവശമുണ്ടായിരുന്ന ഹൈ സ്പീഡ് കാര്‍ വാഷറിനകത്തുനിന്നും വാട്ടര്‍പമ്പിനകത്തുനിന്നുമായി മൂന്നു സ്വര്‍ണക്കട്ടികള്‍ കണ്ടെടുക്കുകയായിരുന്നു. ഇവയുടെ മോട്ടോറിന്റെ ആര്‍മേച്ചറിലെ വൈന്‍ഡിങ് ഇളക്കിമാറ്റി പകരം സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു.

പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 1,22,16,000 രൂപ വിലവരും. ഗള്‍ഫില്‍വെച്ച് പരിചയപ്പെട്ട കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍ ചേര്‍ന്നാണ് കള്ളക്കടത്തിന് തങ്ങളെ നിയോഗിച്ചതെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്. നാട്ടിലേക്കുള്ള ടിക്കറ്റും 50,000 രൂപയുമാണ് ഇവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. കോഴിക്കോട്ടുവെച്ച് സംഘത്തിന്റെ അംഗങ്ങള്‍ക്ക് സാധനങ്ങള്‍ കൈമാറാനാണ് ആവശ്യപ്പെട്ടിരുന്നത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ നിഥിന്‍ലാലിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സി.ജെ. തോമസ്, സി. ഗോകുല്‍ദാസ്, എം. പ്രവീണ്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ. മുരളീധരന്‍, മുഹമ്മദ് ഫൈസല്‍ എന്നിവടങ്ങുന്ന സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.