തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ച ശുപാര്‍ശ തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന് നല്‍കി. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കേസില്‍പ്പെട്ട പെണ്‍കുട്ടി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണ ഏജന്‍സിയെ മാറ്റുന്നത്. 

അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന പെണ്‍കുട്ടിയുടെ നിലപാട് പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍മാത്രമാണ് സ്വാമിക്കെതിരെ കേസെടുത്തത്. നിലപാടുമാറ്റിയതിനാല്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് പോലീസ് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കി.

സ്വാമിക്കെതിരെ മൊഴി നല്‍കിയത് പോലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സി.ബി.ഐ.യ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. റിമാന്‍ഡ് കസ്റ്റഡിയില്‍ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.