ഹൈദരാബാദ്: വിമാനം റാഞ്ചുമെന്ന് വ്യാജ ഇമെയില്‍ സന്ദേശമയച്ച ട്രാവല്‍ ഏജന്റിനെ ഹൈദരാബാദില്‍ പോലീസ് അറസ്റ്റുചെയ്തു. മുബൈ പോലീസിന് മെയിലയച്ച മിയാപുര്‍ സ്വദേശി എം. വംശികൃഷ്ണ(30)യാണ് പിടിയിലായത്. പെണ്‍സുഹൃത്തിനൊപ്പമുള്ള വിമാനയാത്ര മുടക്കാനാണ് ഇയാള്‍ മെയിലയച്ചതെന്ന് ഹൈദരാബാദ് പോലീസ് കമ്മിഷണര്‍ എം. മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.

aeroplane
പ്രതീകാത്മക ചിത്രം

ഏപ്രില്‍ 16നാണ് വംശി പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയെന്നപേരില്‍ മെയിലയച്ചത്. തുടര്‍ന്ന് ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ അതിജാഗ്രത പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. കുറച്ചുയുവാക്കള്‍ ഒരു റസ്റ്റോറന്റില്‍ വെച്ച് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍നിന്ന് വിമാനം റാഞ്ചുന്നതിനെപ്പറ്റി സംസാരിക്കുന്നതായി കേട്ടെന്നാണ് മെയിലില്‍ പറഞ്ഞത്. 23 അംഗസംഘമാണ് റാഞ്ചല്‍ പദ്ധതി തയ്യാറാക്കിയതെന്നും ഒരു ഇന്ത്യന്‍ പൗരയെന്ന നിലയിലാണ് കേട്ടകാര്യം പോലീസില്‍ അറിയിക്കുന്നതെന്നും വിശദീകരിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വംശികൃഷ്ണയാണ് മെയിലിനുപിന്നിലെന്ന് തെളിഞ്ഞത്. 

ചെന്നൈയില്‍ താമസിക്കുന്ന യുവതിയുമായി വംശി മുബൈക്ക് വിമാനയാത്ര നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വിമാനടിക്കറ്റെടുക്കാനും മറ്റ് ചെലവുകള്‍ക്കും ഇയാളുടെ കൈയില്‍ കാശുണ്ടായിരുന്നില്ല. യാത്ര റദ്ദാക്കാന്‍ യുവതിയോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഒരു വ്യാജടിക്കറ്റ് തയ്യാറാക്കി അവര്‍ക്ക് അയച്ചുകൊടുത്തു. പിന്നാലെ വിമാനസര്‍വീസുതന്നെ മുടക്കി യാത്ര ഒഴിവാക്കാന്‍ പോലീസിന് മെയിലയച്ചെന്നാണ് വംശി പോലീസില്‍ നല്‍കിയ മൊഴി. യാത്രയ്ക്ക് തലേന്ന് ഹൈദരാബാദ് എസ്.ആര്‍. നഗറിലുള്ള ഇന്റര്‍നെറ്റ് ബൂത്തില്‍നിന്ന് വ്യാജ ഇമെയില്‍ വിലാസമുണ്ടാക്കിയാണ് സന്ദേശമയച്ചത്.