ചെന്നൈ: ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മദ്രാസ് ഹൈക്കോടതിയെ വിമര്‍ശിച്ചതിന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പെരുങ്കളത്തൂര്‍ സ്വദേശി സുഭാഷ് ചന്ദ്രബോസാണ് (60) സര്‍ക്കാര്‍ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിധിയുടെപേരില്‍ കോടതിയെ വിമര്‍ശിച്ചത്. വേതന വര്‍ധനയടക്കമുള്ള ആവശ്യങ്ങളുമായി അധ്യാപകരും മറ്റു സര്‍ക്കാരുദ്യോഗസ്ഥരും നടത്തിയ സമരം കോടതി തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ കോടതിക്കെതിരെ പ്രതികരിക്കുകയായിരുന്നു.

Facebook
പ്രതീകാത്മക ചിത്രം

ജാക്ടോ-ജിയോ (ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്-ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് )യുടെ നേതൃത്വത്തിലാണ് അധ്യാപകരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. കൃപാകരന്‍ സമരം തടയുകയും പണിമുടക്കില്‍ പങ്കെടുത്ത അധ്യാപകരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോടതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പരാമര്‍ശങ്ങളെ വിലക്കുകയും ചെയ്തു.

ആഭ്യന്തരവകുപ്പിലെ ജീവനക്കാരനായിരുന്ന സുഭാഷ് ചന്ദ്രബോസ് ജാക്ടോ-ജിയോയുടെ നേതാക്കാന്മാരില്‍ ഒരാളായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത സൈബര്‍ സെല്‍ വെള്ളിയാഴ്ച അറസ്റ്റു ചെയ്യുകയായിരുന്നു.