fernandezതിരുവനന്തപുരം: തട്ടിപ്പുകേസിലെ പ്രതിയായ കോടതി ജീവനക്കാരന്‍ യേശുദാസനെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയിലെ ബഞ്ച് ക്ലാര്‍ക്ക് ആയിരുന്നു യേശുദാസന്‍.

പാരിപ്പള്ളിയിലെ പ്രവാസി മലയാളിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. ബസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപയാണ് യേശുദാസന്‍ ഉള്‍പ്പെട്ടസംഘം തട്ടിയെടുത്തത്.

പ്രവാസി മലയാളിയോടൊപ്പം സ്ത്രീകളെ നിര്‍ത്തി ചിത്രമെടുത്ത് കുടുംബം തകര്‍ക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഒന്‍പത് ക്രിമിനല്‍ കേസില്‍ പ്രതിയായ ഇബിയും മോഷണക്കേസ് പ്രതിയായ വിദ്യയും പറവൂര്‍ പെണ്‍വാണിഭക്കേസ് പ്രതിയായ വിജയനുമാണ് തട്ടിപ്പിലെ സൂത്രധാരകര്‍.

കോടതിയില്‍ കേസ് സംബന്ധമായെത്തിയ ഇവരുമായി യേശുദാസന്‍ ചങ്ങാത്തത്തിലായി. ഇവര്‍ക്ക് ആവശ്യമായ നിയമസഹായവും അഭിഭാഷകരെ ചുമതലപ്പെടുത്തിക്കൊടുക്കലുമായിരുന്നു കോടതി ജീവനക്കാരന്റെ ജോലി.

പ്രവാസി മലയാളിയെ കബളിപ്പിച്ച് കൈക്കലാക്കിയ വിലയേറിയ രണ്ട് മൊബൈല്‍ േഫാണില്‍ ഒന്ന് ഇബിയും വിദ്യയും യേശുദാസനാണ് നല്‍കിയത്. ഇത് ഇയാള്‍ ഒരു വനിതാ അഭിഭാഷകയ്ക്ക് കൈമാറിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.