കോട്ടയം: സംസ്ഥാനത്തെ ഒന്‍പതു നഗരത്തില്‍ പോലീസ് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍ രാത്രിദൃശ്യങ്ങള്‍ വ്യക്തമല്ല. സുരക്ഷയ്ക്കും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുംവേണ്ടിയാണ് ഇവ സ്ഥാപിച്ചത്. രാത്രിദൃശ്യങ്ങള്‍ പതിയുമെങ്കിലും വ്യക്തതയില്ലാത്തത് പോലീസിനെ വലയ്ക്കുന്നു. സംസ്ഥാനത്ത് 548 ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 39 ക്യാമറ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കെല്‍ട്രോണ്‍ പ്രോജക്ട് മാനേജര്‍ എസ്.പി.ഗോപകുമാര്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്നവയില്‍ത്തന്നെ രാത്രിദൃശ്യങ്ങള്‍ വ്യക്തവുമല്ല.

2009-മുതലാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് നഗരങ്ങളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചുതുടങ്ങിയത്. അന്നത്തെ മികച്ച ഫിക്സഡ്, പി.ടി.ഇസഡ്.(പാന്‍ ടില്‍റ്റ് സൂം) വിഭാഗങ്ങളില്‍പ്പെട്ട ക്യാമറകളാണ് കെല്‍ട്രോണ്‍വഴി സ്ഥാപിച്ചത്.

ഇവയില്‍ രാത്രിദൃശ്യങ്ങള്‍ വീഡിയോ ആയി റെക്കോഡുചെയ്യും. പക്ഷേ, വ്യക്തതയില്ല. കോട്ടയം കുമ്മനം അറുപറയില്‍നിന്ന് 2016 ഏപ്രിലില്‍ ദമ്പതിമാരെ കാണാതായ സംഭവത്തില്‍ നഗരത്തിലെ സി.സി.ടി.വി. പരിശോധിച്ചെങ്കിലും രാത്രിയിലെ ദൃശ്യങ്ങള്‍ക്കു വ്യക്തതയില്ലാതായതോടെ പോലീസന്വേഷണം വഴിമുട്ടി. സമാനമായ ഒട്ടേറെ സംഭവങ്ങള്‍ മറ്റിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാത്രിയിലെ കുറ്റങ്ങള്‍ തെളിയിക്കാന്‍ വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പരുകള്‍ ഏറെ സഹായകമായിരുന്നു. ഇത്തരം ക്യാമറകളില്‍നിന്നു നിശ്ചിതദൂരത്തിലാണ് വാഹനമെങ്കില്‍ ദൃശ്യങ്ങള്‍ വ്യക്തമാകാറേയില്ല.

അറ്റകുറ്റപ്പണികള്‍ നടത്താത്തതും ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളില്‍ വാഹനങ്ങള്‍ ഇടിച്ചതുമാണ് പ്രശ്നകാരണമായി അധികൃതര്‍ പറയുന്നത്.

ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ നഗരസഭയുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചത്.

ഫിക്സഡ് ക്യാമറ

രാത്രിദൃശ്യങ്ങള്‍ പതിയുന്ന വീഡിയോ റെക്കോഡിങ് സംവിധാനമുള്ള ക്യാമറയാണിത്. ഏതെങ്കിലും ഒരു ദിശയിലേക്കു മാത്രമാണ് സ്ഥാപിക്കുന്നത്. നിശ്ചലചിത്രങ്ങള്‍ കിട്ടില്ല. 70 മീറ്റര്‍മുതല്‍ 110 മീറ്റര്‍വരെ ദൂരത്തിലുള്ള ദൃശ്യങ്ങളാണ് ഫിക്സഡ് ക്യാമറകളില്‍ റെക്കോഡ് ചെയ്യപ്പെടുന്നത്. 30,000 രൂപയാണ് വില.

പി.ടി.ഇസഡ്. ക്യാമറ(പാന്‍ ടില്‍റ്റ് സൂം)

റിമോട്ടിന്റെ സഹായത്തോടെ 360 ഡിഗ്രിയില്‍ തിരിയുന്ന ക്യാമറയാണ് പി.ടി.ഇസഡ്. ക്യാമറ. വീഡിയോ റെക്കോഡിങ് സംവിധാനവുമുണ്ട്. പക്ഷേ, നിശ്ചലചിത്രങ്ങള്‍ കിട്ടില്ല. കണ്‍ട്രോള്‍ റൂമിലിരുന്ന് റിമോട്ടിന്റെ സഹായത്തോടെ ക്യാമറകള്‍ തിരിച്ച് സൂംചെയ്ത് ദൃശ്യങ്ങള്‍ എടുക്കാനാകും. 1,15,000 രൂപയാണ് വില. ഈ രണ്ട് ക്യാമറയില്‍നിന്നും രാത്രിദൃശ്യങ്ങള്‍ വ്യക്തമായി കിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ഹൈവേകളില്‍ മികച്ച ക്യാമറകള്‍

മോട്ടോര്‍വാഹനവകുപ്പും പോലീസും ചേര്‍ന്ന് സംസ്ഥാനത്തെ ഹൈവേകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ രാത്രിദൃശ്യങ്ങള്‍ വ്യക്തമായി കിട്ടും. വീഡിയോ റെക്കോഡിങും ഉണ്ട്. നല്ല നിശ്ചലദൃശ്യങ്ങളും ലഭിക്കും.

340 എന്‍ഫോഴ്സ്മെന്റ് ക്യാമറയാണ് ദേശീയപാതയിലുള്ളത്. 225 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെവരെ നമ്പരുകള്‍ കൃത്യമായി രേഖപ്പെടുത്താനാകുമെന്നും കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയിലുള്ള ഒരു എന്‍ഫോഴ്സ്മെന്റ് ക്യാമറയുടെ കിറ്റിന് 17 ലക്ഷം രൂപയാണ് വില.

നഗരങ്ങള്‍  ക്യാമറകളുടെ എണ്ണം  പ്രവര്‍ത്തിക്കുന്നവ
തിരുവനന്തപുരം  257  257
കൊല്ലം 14 2
ആലപ്പുഴ 8 8
കോട്ടയം  8 8
എറണാകുളം 99  90
തൃശ്ശൂര്‍  16 14
കോഴിക്കോട്  76  57
കണ്ണൂര്‍  36  34
കാസര്‍കോട്  34  3

Content Highlights: CCTV Camera, Crime