തൃശ്ശൂര്‍: കെ.എസ്.ഇ.ബി. ഓവര്‍സിയറാണെന്ന പേരില്‍ കടകളിലെത്തി പണംവാങ്ങി തട്ടിപ്പ് നടത്തിയയാളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ പണ്ടാരക്കാട് വീട്ടില്‍ മകേഷ് (30) ആണ് പിടിയിലായത്. സ്ത്രീകള്‍ നടത്തുന്ന കടകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ്.

arrest
പ്രതീകാത്മക ചിത്രം

സാധനങ്ങള്‍ ബില്ലാക്കിയ ശേഷം, കയ്യില്‍ ചില്ലറയില്ലെന്നും രണ്ടായിരത്തിന്റെ നോട്ട് വാഹനത്തിലാണിരിക്കുന്നതെന്നും അറിയിച്ച് കടയിലിരിക്കുന്ന സ്ത്രീകളില്‍ നിന്ന് ബാക്കി പൈസ വാങ്ങി മുങ്ങുകയാണ് പതിവ്. ഇയാള്‍ക്കെതിരെ ഇത്തരം നാലു പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വലിയാലുക്കലിലെ സ്റ്റുഡിയോയില്‍നിന്ന് ബുധനാഴ്ചയാണ് ഇയാളെ പിടികൂടിയത്. കെ.എസ്.ഇ.ബി. ഓഫീസില്‍ റിട്ടയര്‍മെന്റ് സംബന്ധിച്ച ആഘോഷമുണ്ടെന്നും 150 ചിത്രങ്ങളെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ സ്റ്റുഡിയോയില്‍ എത്തിയത്. 

എന്നാല്‍ അസ്വാഭാവികത തോന്നിയ സ്റ്റുഡിയോ ഉടമ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് വിളിച്ചന്വേഷിച്ചു. തുടര്‍ന്ന് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സ്റ്റുഡിയോയിലെത്തി. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. നെടുപുഴ എസ്.ഐ. കെ. സതീഷ്‌കുമാര്‍, എ.എസ്.ഐ. എന്‍.എല്‍. ജോസഫ്, സീനിയര്‍ സി.പി.ഒ. സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ റിമാന്‍ഡ് ചെയ്തു.