ചെര്‍ക്കള/മുള്ളേരിയ: ജില്ലയില്‍ രണ്ടിടങ്ങളിലായി പോലീസിന്റെ കഞ്ചാവ് വേട്ട. കോളേജ് വിദ്യാര്‍ഥിയടക്കം നാലുപേര്‍ അറസ്റ്റിലായി. വിദ്യാര്‍ഥികളെയും മറുനാടന്‍തൊഴിലാളികളെയും ലക്ഷ്യമിട്ടെത്തിച്ച നാലരക്കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. നെല്ലിക്കട്ട പൈക്കയിലെ ജുനൈസ് (24), നീര്‍ച്ചാല്‍ കന്നിപ്പാടിയിലെ മുഹമ്മദ് മുസ്തഫ (23) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.

കാസര്‍കോട്, വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ റഹീം, ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തില്‍ എസ്.പി.യുടെ ഷാഡോ പോലീസാണ് കഞ്ചാവ് പിടിച്ചത്. കാസര്‍കോട് ഡിവൈ.എസ്.പി. എം.വി.സുകുമാരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. വാഹനം കാത്തുനില്‍ക്കുന്നതിനിടെ ചട്ടഞ്ചാല്‍ മൂടംബയല്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും പിടിയിലായത്. ഉനൈസ് മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. വിദ്യാനഗര്‍ എസ്.ഐ. മെല്‍ബിന്‍ ജോസ്, പ്രൊബേഷന്‍ എസ്.ഐ. രതീഷ്, ഷാഡോ പോലീസ് അംഗങ്ങളായ രാജേഷ്, ഗോകുല്‍, ധനേഷ്, ഓസ്റ്റിന്‍ തമ്പി, സുനില്‍, രജീഷ്, ജിനേഷ്, തോമസ്, എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. 

ganja

മുള്ളേരിയയില്‍ കഞ്ചാവ് കടത്തിയ കേസില്‍ രണ്ടുപേരെക്കൂടി പോലീസ് പിടികൂടി. കൊട്ടാരക്കര താമരശ്ശേരിയിലെ എം.എസ്.രാഹുല്‍ (27), കൊട്ടാരക്കര ഏഴുപൊന്നിലെ രാഹുല്‍നാഥ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഏപ്രില്‍ ഏഴിന് പുലര്‍ച്ചെ ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ ആദൂരില്‍ വാഹനപരിശോധനയ്ക്കിടെ നാലുകിലോഗ്രാം കഞ്ചാവുമായി ബാരയിലെ അഹമ്മദിനെ പോലീസ് പിടികൂടിയിരുന്നു. കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു.

അഹമ്മദിനെ ചോദ്യംചെയ്യുന്നതിനിടയിലാണ് രണ്ടുകിലോഗ്രാം കഞ്ചാവുമായി വേറൊരു കാര്‍ വരുന്നതായി വിവരം കിട്ടിയത്. ആദൂര്‍ പാലത്തില്‍ പോലീസ് വാഹനം കുറുകെയിട്ട് രണ്ടാമത്തെ കാറും പോലീസ് പിടികൂടി. ആ കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കരയിലെ ഷെബിന്‍ പോലീസ് പിടിയിലായെങ്കിലും കൂടെയുണ്ടായിരുന്ന രാഹുലും രാഹുല്‍നാഥും ഓടിരക്ഷപ്പെട്ടിരുന്നു. ഇനി ചട്ടഞ്ചാലിലെ റഫീഖിനെക്കൂടി പിടികിട്ടാനുണ്ട്. എം.എസ്.രാഹുല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയിരുന്നു. രാഹുല്‍നാഥ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഒഡിഷയില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് തമിഴ്‌നാട് കമ്പത്ത് സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. എം.എസ്.രാഹുലാണ് വില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതും വിതരണക്കാരെ കണ്ടെത്തുന്നതും. ഇതിനുമുമ്പ് പലപ്രാവശ്യം കഞ്ചാവ് കടത്തിയതായി പോലീസിനോട് പറഞ്ഞു. ആദൂര്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, ശിവദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.