'സാന്റ റോസാ' എന്ന മെക്‌സിക്കോയിലെ കൊച്ചു പട്ടണം അവിടെ ഉള്ള ഉപ്പളങ്ങളുടെ പേരില്‍ പ്രശസ്തമാണ്. എന്നാല്‍ അധികം ജനവാസം ഇല്ലാത്ത ആ സ്ഥലത്ത് വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറച്ചു പെണ്‍കുട്ടികളെ  കാണാതാകുന്നു.പിന്നീട് അവരുടെ ശവശരീരങ്ങള്‍ കണ്ടു കിട്ടുന്നു. പ്രോസസ് ചെയ്യാന്‍ കൊണ്ട് പോകുന്ന ഉപ്പിന്റെ കൂട്ടത്തിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്. അന്വേഷണോദ്യോഗസ്ഥര്‍ അധികമില്ലാത്ത ആ സ്ഥലത്ത് ആകെ ഉണ്ടായിരുന്നത് പോലീസ് ചീഫും അയാളുടെ സഹായിയും മാത്രം ആയിരുന്നു. പോലീസ് 'കമ്മീഷണര്‍ സലസാര്‍' തലസ്ഥാനത്തേക്ക് സഹായം ആവശ്യപ്പെടുന്നു.

അങ്ങനെ കേസ് അന്വേഷിക്കാനായി 'കമാണ്ടര്‍ ട്രിജിലോ' വന്നു ചേരുന്നു. ശവശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലുമുള്ള സൗകര്യം ഇല്ലാതിരുന്ന ആ സ്ഥലത്ത് ശവശരീരങ്ങള്‍ പരിശോധിക്കുന്നത് അവിടെയുള്ള ഒരു ഡോക്ടറാണ്. അത് നടത്തുന്നത് ശവ ശരീരങ്ങള്‍ അടക്കുന്നതിനു മുന്‍പ് വൃത്തിയാക്കുന്ന ഒരു സ്വകാര്യ മോര്‍ച്ചറിയിലും. 'സേപെടയും' അയാളുടെ മകന്‍ 'വിക്ട്ടറും' ആണ് അത് നടത്തുന്നത്.

ട്രിജിലോ എത്തിയതിനു ശേഷം പുഴയില്‍ ഞണ്ട് പിടിക്കാന്‍ പോയ കുട്ടികളാണ് അടുത്ത ശവശരീരം കണ്ടെത്തുന്നത്. അത് 'ബ്രെണ്ട' എന്ന പെണ്‍കുട്ടിയുടെ ആയിരുന്നു. മുഖം വികൃതമാക്കപ്പെട്ട അവളുടെ കൈയിലെ ടാറ്റുവില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ട്രിജിലോ അന്വേഷണം തുടങ്ങുമ്പോള്‍ ഒരു തെളിവും ഈ കേസില്‍ ലഭിച്ചിട്ടില്ലായിരുന്നു. വിക്റ്റര്‍ ബ്രണ്ടയുടെ ശവശരീരം കിട്ടിയപ്പോള്‍ അതിന്റെ പരിശോധനയില്‍ അവരോടൊപ്പം ചേരുന്നുണ്ട്. വിക്ട്ടറിന്റെ അച്ഛന്‍ അപകടത്തില്‍ ഭാര്യ മരിച്ചതിനു ശേഷം ആകെ അസ്വസ്ഥനാണ്. അതുപോലെ തന്നെ വിക്ടറും. 

അമ്മ മരിച്ചതിനു ശേഷം അവന്‍ ആകെ മാറിയിരുന്നു. പാവകളെക്കൊണ്ട് സ്വയം ഒരു കൊലപാതകിയായി ഭാവനയില്‍ കണ്ടു. ചെറിയ സിനിമകള്‍ സ്വന്തമായി റെക്കോര്‍ഡ് ചെയ്യുകയാണ് അവന്റെ ഇഷ്ട വിനോദം. സ്‌കൂളില്‍ ശ്രദ്ധ ഇല്ലാതിരുന്ന അവന്‍ 'പ്രോഫസ്സര്‍ മാഗ്‌നയും' ആയി ശത്രുതയിലുമാണ്.

salt

ബ്രണ്ടയുടെ ശവം അടക്കുന്ന ദിവസം അവസാനമായി ഒരു പെണ്‍കുട്ടി അവിടെ എത്തുന്നു. ബ്രണ്ടയുടെ ജൂനിയര്‍ ആയി സ്‌കൂളില്‍ പഠിച്ച 'ഇസബെല്‍'. വിക്ട്ടറിന് അവളോട് പ്രണയം തോന്നുന്നു. എന്നാല്‍ ട്രിജിലോയ്ക്ക് ആദ്യമായി കൊലപാതകങ്ങളിലേക്കു വിരല്‍ ചൂണ്ടാവുന്ന കണ്ണിയെ അവിടെ ലഭിക്കുകയായിരുന്നു. ഈ കൊലപാതകങ്ങള്‍ എല്ലാം ഒരു പരമ്പര കൊലപാതകത്തിന്റെ ഭാഗമാണ് എന്നുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങുന്നു. കാരണം കൊല്ലപ്പെട്ടവര്‍ തമ്മില്‍ ഉള്ള ബന്ധം. കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.

 'Under the Salt' എന്നാണു ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. മെക്‌സിക്കോയില്‍ നിന്നും പുറത്തിറങ്ങിയ ഈ ചിത്രം മികച്ച ഒരു കുറ്റാന്വേഷണ ചിത്രം ആണെന്ന് പറയാം. പലപ്പോഴും കണ്ണിന്റെ മുന്നില്‍ ഉള്ള കാഴ്ചകള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ഈ ചിത്രത്തിലും കാണാം. വളരെയധികം നല്ല ട്വിസ്റ്റുകള്‍ ഒക്കെയുള്ള ഒരു സ്പാനിഷ് ക്രൈം ത്രില്ലര്‍ ആണ് 'Bajo La Sal'.