കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രങ്ങള്‍ മിക്കതും അസാധാരണമായ വേഗത കൊണ്ടും നിര്‍മാണശൈലികൊണ്ടും കഥാവസാനം എന്താകുമെന്ന് ഒരു പിടിയും നല്‍കാതെ അവസാന നിമിഷം വരെ ത്രില്‍ നിലനിര്‍ത്താറുണ്ട്‌. ഹോളിവുഡ് സിനിമകളൊക്കെ ഇപ്പോള്‍ പ്രേക്ഷകന് അത്തരം ഒരു അനുഭവം കൊടുക്കുന്നതില്‍ നിന്നും വളരെയധികം അകന്നിരിക്കുന്നു. കഥകളിലെ അസാധാരണത്വം കൊറിയന്‍ സിനിമകളുടെ ഒരു വലിയ സവിശേഷത ആണ്. ഒരിക്കലും ഊഹിക്കാനാകാത്ത രീതിയില്‍ കഥാഗതിയില്‍ പെട്ടന്ന് കൊണ്ട് വരുന്ന മാറ്റങ്ങള്‍ പലപ്പോഴും പ്രേക്ഷകനെ അത്ഭുതപ്പെടുത്താറുണ്ട്.

 മാധ്യമങ്ങളും ബ്യൂറോക്രാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ പലപ്പോഴും നീതിയില്‍ നിന്നും സാധാരണക്കാരനെ അകറ്റുന്നു.  ഒരു ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റുഡിയോയില്‍ ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ചില പ്രത്യേക കാരണങ്ങള്‍ കാരണം രാത്രി വാര്‍ത്തയിലെ അവതാരകസ്ഥാനത്ത് നിന്നും മാറ്റപ്പെട്ട യുന്‍ അതേ മാധ്യമ ഗ്രൂപ്പിന്റെ റേഡിയോ ചാനലിലെ പ്രഭാത പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങുന്നു. അയാള്‍ ആ അടുത്ത് വിവാഹ മോചനം നേടിയിരുന്നു.

അന്നത്തെ അയാളുടെ ഷോയിലെ പ്രധാന വിഷയം നികുതി കൂട്ടിയ ഭരണകൂടത്തിന്റെ നടപടി പണക്കാരെ സഹായിക്കുവാന്‍ മാത്രം ഉള്ളതാണോ എന്നതായിരുന്നു.

 ശ്രോതാക്കളുടെ അഭിപ്രായം ആരാഞ്ഞ് വന്ന ആദ്യ വിളി വന്നത് പാര്‍ക്ക് എന്നയാളില്‍ നിന്നായിരുന്നു. താന്‍ ഒരു നിര്‍മാണ തൊഴിലാളിയാണെന്നും തന്റെ വീട്ടിലുള്ള ഒരു ഫ്രിഡ്ജിനും ടിവിക്കും കൂടി കൊടുക്കുന്ന കറന്റ് ബില്ല് അധികമാണെന്നും അയാള്‍ പറയുന്നു. എന്നാല്‍ അന്നത്തെ വിഷയം നികുതികളെക്കുറിച്ചാണ് എന്ന് യൂന്‍ പറയുമ്പോള്‍ വൈദ്യുതിയും നികുതിയില്‍പ്പെടുമെന്ന് അയാള്‍ പറയുന്നു. 

അപ്രധാനമെന്ന് തോന്നാവുന്ന സംഭാഷണം. അതുകൊണ്ട്  യൂന്‍ അയാളുടെ ഫോണ്‍കോള്‍ കട്ട് ചെയ്യുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ക്കു വില കൊടുത്തില്ലെങ്കില്‍ ,തനിക്കു പറയാന്‍ ഉള്ളത് കാര്യമായി എടുത്തില്ലെങ്കില്‍ 'മാപ്പോ' നദിക്കു കുറുകെയുള്ള മാപ്പോ പാലം താന്‍ ബോംബ് വച്ച് തകര്‍ക്കും എന്നയാള്‍ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ഒരു വ്യാജ ഭീഷണി ആയി മാത്രമേ യൂന്‍ അതിനെ കാണുന്നുള്ളൂ.

അവസാനം, ദേഷ്യം വന്ന യൂന്‍ പാര്‍ക്കിനെ അസഭ്യം പറയുന്നു. പറ്റുമെങ്കില്‍ ബോംബ് പൊട്ടിക്കാന്‍ യൂന്‍ പാര്‍ക്കിനെ വെല്ലു വിളിക്കുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാപ്പോ പാലം തകരുന്നു.

അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു മനസിലാക്കിയ യൂന്‍ അയാളോട് സംസാരിക്കുന്നു. അപ്പോള്‍ പാര്‍ക്ക് തന്റെ ആവശ്യങ്ങള്‍ സാധിച്ചു തന്നില്ലെങ്കില്‍ വീണ്ടും ബോംബ് സ്‌ഫോടനം  ഉണ്ടാകുമെന്ന് പറയുന്നു.

 യൂന്‍ ഇത് തന്റെ നഷ്ടപ്പെട്ടു പോയ സ്ഥാനം വീണ്ടെടുക്കാനുള്ള ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്ത ആയി കരുതുന്നു. അയാള്‍ ന്യൂസ് ചീഫിനെ ഫോണില്‍ വിളിച്ച് ആ ബോംബ് വച്ച ആള്‍ തന്നോട് സംസാരിച്ചുവെന്നും തന്നെ ആ വാര്‍ത്ത അവതരിപ്പിക്കാനും അയാളോട് സംസാരിക്കാനും അനുവദിച്ചാല്‍  മാത്രമേ ആ എക്‌സ്‌ക്ലൂസിവ് അവര്‍ക്ക് ലഭിക്കുകയുള്ളൂ എന്നും പറയുന്നു.

crime

സ്‌ഫോടനത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാതെ കുഴയുന്ന മറ്റു ചാനലുകളില്‍ നിന്നും തങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ള സാധ്യത മനസിലാക്കിയ ന്യൂസ് ചീഫ്, യൂനിന് ആ റേഡിയോ സ്റ്റുഡിയോയില്‍ വച്ച് തന്നെ ടി വി ന്യൂസ്  പ്രക്ഷേപണം ചെയ്യാനുള്ള അനുമതി നല്‍കുന്നു.

എന്നാല്‍ തന്നെക്കൊണ്ട് എല്ലാ ന്യൂസ് ചാനലുകള്‍ക്കും ഉപയോഗമുണ്ടെന്ന് മനസ്സിലാക്കിയ പാര്‍ക്ക്, യൂനിനോട് സംസാരിക്കണമെങ്കില്‍ അയാള്‍ ആവശ്യപ്പെടുന്ന തുക നല്‍കണം എന്ന് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ആ ന്യൂസ് മറ്റു ചാനലുകളില്‍ വരും എന്ന് പറയുന്നു.

പാര്‍ക്ക് ചോദിച്ച കാശ് അവര്‍ നല്‍കുന്നു. എന്നാല്‍ സ്വന്തമായി ഏറ്റെടുത്ത ആ വാര്‍ത്താ വായന വളരെയധികം സങ്കീര്‍ണവും അപകടകരവുമാണെന്ന് യൂന്‍ പതിയെ മനസ്സിലാക്കുന്നു. 

പാര്‍ക്ക് എന്ന ആളുടെ ആവശ്യങ്ങള്‍ യൂനിന്റെ പരിധിക്കുമപ്പുറമുള്ള കാര്യങ്ങള്‍ ആയിരുന്നു. പിന്നീട് ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. അമ്പതു വയസ്സുള്ള നിര്‍മാണ തൊഴിലാളി ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? അയാളുടെ ആവശ്യങ്ങള്‍ എന്തൊക്കെ ആയിരുന്നു?എന്തുകൊണ്ട് അയാള്‍ യൂനിനെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാനായി തിരഞ്ഞെടുത്തു? ഇതാണ് ബാക്കി ചിത്രം പറയുന്നത്.

ഒന്നരമണിക്കൂര്‍ ഉള്ള ഈ ചിത്രം ആദ്യ സീനില്‍ നിന്നും തന്നെ ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയുള്ള വേഗത കൈവരിക്കുന്നു. അപ്രതീക്ഷിതമായ അപരിചിതന്റെ നീക്കങ്ങള്‍ അവരുടെ പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നു. ഒരു രാജ്യത്തെ മൊത്തം നോക്കുകുത്തിയാക്കി നടത്തിയ സ്‌ഫോടനം വെറും ഒരു ഭ്രാന്തന്റെ ഭീഷണി അല്ലായിരുന്നു. അതിന്റെ പിന്നില്‍ ന്യായമായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ചെറുതെന്ന് തോന്നുമെങ്കിലും അപ്രാപ്യം ആയവ.

എന്നാല്‍ ചില ആവശ്യങ്ങള്‍ അങ്ങനെ ആണ്. എളുപ്പം ഉള്ളതാണ് എന്ന് തോന്നുമെങ്കിലും, അതി കഠിനമായിരിക്കും. സിനിമ കാണുമ്പോള്‍ അല്‍പ്പം പോലും മുഷിപ്പിക്കാത്ത ഒരു പരിപൂര്‍ണ ത്രില്ലര്‍ ആണ് ഈ ചിത്രം. ചെറിയ ബഡ്ജറ്റില്‍ വന്നെങ്കിലും സാമ്പത്തികമായി വിജയിച്ച ചിത്രമായിരുന്നു The Terror Live, ഭീകരതയുമായി നേര്‍ക്കുനേര്‍.