'It wasn't as dark and scary as it sounds. I had a lotto fun...Killing somebody's a funny experience' -Albert Desalvo (The Boston Strangler)

വളരെയധികം ദുരൂഹമായ ഒരു കൊലപാതക പരമ്പരയായിരുന്നു അറുപതുകളില്‍ അമേരിക്കയിലെ ബോസ്റ്റണില്‍ നടന്ന 13 സ്ത്രീകളുടെ മരണം. 1962 ജൂണ്‍ 14 നും 1964 ജനുവരി 4 നും ഇടയില്‍ നടന്ന കൊലപാതക പരമ്പര വര്‍ഷങ്ങള്‍ക്കു ശേഷവും അന്വേഷണ വിധേയമായി മാറുകയുണ്ടായി. വ്യത്യസ്തമായ കണ്ടെത്തലുകളിലൂടെ. കൊലപാതകങ്ങള്‍ നടത്തിയ രീതികള്‍ തമ്മില്‍ സാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേസിന്റെ തുടക്കം മുതല്‍ ഒരാള്‍ തന്നെ ആണ് ബോസ്റ്റണിലെ കൊലപാതകി എന്നു പോലീസ് വിധി എഴുതി. പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ ഒരേ രീതിയിലുള്ള കുരുക്കുകള്‍ കൊണ്ടു ബന്ധിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു.

 മരണപ്പെട്ടവര്‍ 19 വയസ്സിനും 85 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്തു കൊലപാതകി കടന്നു കയറിയത്‌ ബലം പ്രയോഗിച്ചല്ലെന്ന് പോലീസിന് മനസ്സിലായി. രണ്ടു കാരണങ്ങളായിരുന്നു പോലീസ് വിശദീകരണമായി നല്‍കിയത്.

1.കൊല്ലപ്പെട്ടവര്‍ക്ക് പരിചയമുള്ള ആള്‍ കൊലപാതകി ആകാന്‍ ഉള്ള സാധ്യത.

2.കൊല്ലപ്പെട്ടവരെ ഏതെങ്കിലും രീതിയില്‍ വിശ്വസിപ്പിച്ചു അകത്തു കയറിയ ആള്‍. ഉദാ:കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വന്ന ആള്‍.

ശാസ്ത്രീയമായ അവലോകനം കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്ര സാങ്കേതിക വളര്‍ച്ച അന്ന് ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ കേസന്വേഷണം കൂടുതല്‍ സങ്കീര്‍ണവും ആയിരുന്നു. പ്രതികള്‍ എന്നു സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി പോലീസ് അന്വേഷണം തുടങ്ങി. സമാനമായ കേസുകളില്‍ പണ്ട് ഉള്‍പ്പെട്ട ആളുകളായിരുന്നു പലരും. എന്നാലും ഇരുട്ടില്‍ തപ്പുന്ന പോലീസ് ജനങ്ങളുടെ ഇടയില്‍ ഭീതി വളര്‍ത്തി. പലരും തങ്ങളെ ആരോ ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞുള്ള ഫോണ് വിളികള്‍ കൊണ്ടു പോലീസിനെ കൂടുതല്‍ കുഴപ്പിച്ചൂ.

 ബോസ്റ്റണിലെ കൊലയാളിയെ കണ്ടെത്താന്‍ പുതിയ സ്‌ക്വാഡ് വരെ രൂപീകരിച്ചൂ. കേസന്വേഷണത്തില്‍ വഴി മുട്ടി നില്‍ക്കുന്ന സമയത്ത് ഹര്‍ക്കോസ് എന്ന സൈക്കിക്കിനെ അന്വേഷണത്തില്‍ സഹായിക്കാന്‍ സമീപിച്ചതൊക്കെ പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൊലയാളിയെ സംബന്ധിച്ച് ഒരു ചെറിയ സൂചനയെങ്കിലും ലഭിക്കാന്‍ വേണ്ടി ഏതറ്റം വരെ പോകാനും അവര്‍ തയ്യാറായിരുന്നു. 

boston

എന്നാല്‍ ആകസ്മികമായി ആല്‍ബര്‍ട്ട് ഡെസള്‍വോ ആണ് ബോസ്റ്റണിലെ കൊലയാളി എന്നു പൊലീസിന് വിവരം ലഭിക്കുന്നു. പിടിയിലായെങ്കിലും തുടക്കത്തില്‍ അയാളില്‍ നിന്നും ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. കുടുംബസ്ഥനായ ആല്‍ബര്‍ട്ട് ഇത്തരം കൃത്യങ്ങളില്‍ പ്രതി ആകുമെന്ന് അയാളെ അറിയാവുന്ന ആരും വിശ്വാസിച്ചിരുന്നുമില്ല . 

സിനിമ റിലീസ് ആയ സമയത്തെ വിവരങ്ങള്‍ പ്രകാരം അയാള്‍ തന്റെ കുറ്റ കൃത്യങ്ങള്‍ ഏറ്റു പറയുന്നതായും പിന്നീട് അയാളുടെ ചെയ്തികള്‍ മാനസിക നിലയിലുള്ള വ്യതിയാനമായുമാണ് അവതരിപ്പിക്കുന്നത്. 'മള്‍ട്ടിപ്പിള്‍ പേഴ്‌സണലിറ്റി ഡിസോര്‍ഡര്‍' ആണ് ഇവിടെ രോഗ കാരണം. ഈ കാരണങ്ങളാല്‍ അയാളെ കൂടുതല്‍ മനോരോഗ ചികിത്സയ്ക്കായി അയക്കുന്നതായി ചിത്രം ക്‌ളൈമാക്‌സില്‍ അവതരിപ്പിക്കുന്നു.

സാധാരണ ഇത്തരം നടന്ന സംഭവങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകളില്‍ നിന്നും വിഭിന്നമായി ഒരു ഡോക്യൂസിനിമ നിലവാരത്തില്‍ നിന്നും വാണിജ്യ ചേരുവകള്‍ കൂടി ഉള്‍പ്പെടുത്തി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഹെന്റി ഫോണ്ടാ,ടോണി കുര്‍ട്ടീസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചൂ. Neo noir രീതിയില്‍ ഉള്ള അവതരണ ശൈലി ചിത്രത്തിന് ആസ്വാദ്യകരമായ ഒരു രൂപം നല്‍കുന്നുണ്ട്.

 സിനിമയ്ക്കപ്പുറത്തുള്ള ബോസ്റ്റണിലെ കൊലപാതകി

 എന്നാല്‍ സിനിമ അവസാനിച്ചെങ്കിലും കേസ് പിന്നീടുള്ള വര്‍ഷങ്ങളില്‍ വളരെയധികം മുന്നോട്ടു പോയി. പല അനുമാനങ്ങളും കടന്നു വന്നൂ. ഡസള്‍വോ പിന്നീട് തടവറയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടിയിലായി. ജയിലില്‍ വച്ചു തന്നെ അയാള്‍ കുത്തി കൊല്ലപ്പെട്ടൂ. കൊലപാതകിയെ കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. 2013 ല്‍ ഡെസള്‍വോയുടെ ഡി എന്‍ എ സാമ്പിളും മരണപ്പെട്ടവരില്‍ നിന്നും ലഭിച്ചവയും വച്ചു താരതമ്യം നടത്തിയപ്പോള്‍ പൂര്‍ണമായും അതു അയാളുടെതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ജീവിതത്തില്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കാന്‍ വേണ്ടി അയാള്‍ സ്വയം കൊലപാതകക്കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടൂ. കൊലപാതകികള്‍ ഒന്നില്‍ കൂടുതല്‍ കാണുമെന്നുള്ള അഭിപ്രായവും ശക്തപ്പെട്ടൂ. കാരണം അവസാന കൊലപാതകങ്ങളുടെ Modus Operandi വ്യത്യസ്തമായിരുന്നു എന്നതായിരുന്നു ഒരു വാദം. കേസില്‍ നിര്‍ണായകമായേക്കാവുന്ന പല കാര്യങ്ങളും പിന്നീടാണ് ലഭിച്ചതെന്നതുകൊണ്ട് തന്നെ സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിച്ച വസ്തുതകളെ  'ഫിക്ഷന്‍' വിഭാഗത്തിലുള്ള ഒരു കഥ വായിച്ച ലാഘവത്തോടെ കാണാന്‍ മാത്രമേ സാധിക്കൂ.