കുറ്റകൃത്യങ്ങള്‍ പ്രമേയമായി മലയാളത്തിലും അന്യഭാഷയിലും നിരവധി ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയും സാങ്കല്‍പ്പിക സംഭവങ്ങളില്‍ നിന്നുമൊക്കെ ഇത്തരം ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചലച്ചിത്രങ്ങളില്‍ കാണുന്നത് യഥാര്‍ഥത്തില്‍ അവ നിര്‍മിക്കപ്പെടുന്ന സമൂഹങ്ങളുടെ പ്രതിഫലനമാണ്. കുറ്റകൃത്യങ്ങള്‍ കൂടുതലായി രേഖപ്പെടുത്തപ്പെടുമ്പോള്‍, ചലച്ചിത്ര ലോകത്ത് കുറ്റാന്വേഷണ രംഗവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ​ പംക്തിയിലൂടെ

'The Soviet Union doesn't have serial killers! It is a decadent, western phenomenon.' പ്രതിച്ഛായ ബാധ്യത ആയിത്തീര്‍ന്ന ഭരണകൂടത്തിന്റെ ഒരു വക്താവിന്റെ വാക്കുകള്‍ ആണ് ഇവ.

 പരമ്പര കൊലപാതകികളുടെ ഇരകളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കൊലയാളി ! അയാള്‍ 52 പേരെ കൊല്ലാനുള്ള കാരണം ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു. മിഖായേല്‍ ഗോര്‍ബചോവിന്റെ 'ഗ്ലാസ്‌നോസ്റ്റ്' നയങ്ങള്‍ നിലനിന്നിരുന്ന റഷ്യ ആണ് പശ്ചാത്തലം. പരമ്പര കൊലപാതകികള്‍ എന്നത് വൈദേശികമായ ഒരു മിഥ്യാധാരണ ആണെന്ന നിലപാടാണ് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. അതിനോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് ലോകത്തോട് വിളിച്ചു പറയുന്നതിന്റെ ഭാഗമായി പൊതു ജനമദ്ധ്യത്തില്‍ നിന്നും മറച്ചു വയ്‌ക്കേണ്ടി വരുന്നു ആ കൊലപാതകങ്ങള്‍. ഒപ്പം തങ്ങളുടെ സാങ്കേതിക വളര്‍ച്ചയെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസവും കൊണ്ടെത്തിക്കുന്നത് 'ചിക്കാറ്റിലോ' യില്‍ ആണ്.

എണ്‍പതുകളുടെ തുടക്കം മുതല്‍ അവസാനം വരെ റഷ്യന്‍ പോലീസിനെ കുരുക്കിയ പരമ്പര കൊലപാതകിയുടെ കഥ അവതരിപ്പിക്കുകയാണ് HBO യുടെ ടെലിവിഷന്‍ സിനിമ ആയ Ctizen X ലൂടെ. പാടം ഉഴുന്നതിന്റെ ഇടയിലാണ് ആദ്യ മൃതദേഹം ലഭിക്കുന്നത്. ആ ഭാഗത്ത് തന്നെ തെളിവുകള്‍ കാണുമെന്ന് പറഞ്ഞു. അന്വേഷണോദ്യോഗസ്ഥരെ അയക്കുന്ന പോലീസ് ഫോറന്‍സിക് വിദഗ്ധന്‍ ബുറക്കോവിനായി അവര്‍ അന്ന് കൊണ്ടുവന്നത് ഏഴു മൃതദേഹങ്ങള്‍ കൂടിയായിരുന്നു.

ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം മനസ്സിലായ ബുറക്കോവ് ഉന്നത കമ്മിറ്റിയുടെ മുന്നില്‍ തന്റെ സംശയം അവതരിപ്പിക്കുന്നു. ഒരു രാത്രിയില്‍ വിശ്രമമില്ലാതെ 8 മൃതദേഹങ്ങളുടെ പരിശോധന നടത്തിയത് ബുറക്കോവിന്റെ മടുക്കാത്ത മനസ്സിന്റെ കഴിവാണെന്ന് മനസ്സിലാക്കിയ കേണല്‍ ഫെറ്റിസോവ് കുറ്റാന്വേഷണത്തില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും അയാള്‍ക്ക് കൊലപാതകങ്ങളുടെ അന്വേഷണ ചുമതല നല്‍കി.

donald

സമാനമായ ചിന്താഗതിക്കാര്‍ ആയിരുന്നു ബുറക്കോവും കേണല്‍ ഫെറ്റിസോവും. ബുറക്കോവ് അല്‍പ്പം കൂടി വൈകാരികതയ്ക്ക് അടിമപ്പെട്ടു പോകുന്ന ആള്‍ ആയിരുന്നു എന്ന് മാത്രം. തന്നെ ഉദ്യോഗസ്ഥര്‍ ശകാരിക്കുമ്പോള്‍ കരയുകയും, തന്നെക്കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ സന്തോഷത്താല്‍ കരയുകയും ചെയ്തിരുന്ന ബുറക്കോവ് വര്‍ഷങ്ങള്‍ കടന്നു പോകുമ്പോഴും തന്റെ ലക്ഷ്യമായ പരമ്പരക്കൊലയാളിയെക്കുറിച്ചുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു.

തന്റെ ആവശ്യങ്ങള്‍ കമ്മിറ്റി പലപ്പോഴും നിരാകരിച്ചപ്പോള്‍ പോലും. ഒരിക്കല്‍ സംശയത്തിന്റെ പേരില്‍ ചിക്കാറ്റിലോയെ പിടികൂടിയപ്പോള്‍ പോലും പാര്‍ട്ടി അംഗം ആണെന്ന കാരണത്താല്‍ വിട്ടയക്കുകയാണ് ചെയ്തത്. ലോകത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് മാറാതിരുന്ന സാങ്കേതിക വിദ്യയും അന്ന് വിനയായി.

 ഇനി ആരാണ് ചിക്കാറ്റിലോ? ഒരു പക്ഷെ അന്‍പതിലേറെ കൊലപാതകങ്ങള്‍ നടത്താന്‍ മാത്രം ശക്തന്‍ ആണോ അയാള്‍ എന്ന് സംശയിക്കാവുന്ന രൂപത്തോടുകൂടിയ ആത്മവിശ്വാസമില്ലാത്ത, കിടപ്പറയില്‍ പരാജയമായ, ജോലി സ്ഥലത്ത് പരിഹസിക്കപ്പെട്ടിരുന്ന ഒരാളായിരുന്നു കുടുംബസ്ഥനായ ചിക്കാറ്റിലോ. ലൈംഗികാരോപണത്തിനു വിധേയനായ അയാളെ അദ്ധ്യാപകവൃത്തിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നു. തന്റെ ദൈനംദിന ജീവിതത്തിലെ പരാജയങ്ങള്‍ അയാള്‍ മറന്നിരുന്നത് കൊലപാതകങ്ങളിലൂടെ ആയിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍, ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ആണ്‍കുട്ടികള്‍ എന്നിവയെല്ലാം അയാള്‍ക്ക് തന്നില്‍ നിന്നും ഒളിച്ചോടാനുള്ള 'വസ്തുക്കള്‍' മാത്രമായിരുന്നു. മരിച്ചതിനു ശേഷവും ഇരകളുടെമേല്‍ തന്റെ ലൈംഗികാഭിനിവേശം തീര്‍ക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ നിന്നുമായിരുന്നു അയാള്‍ തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ദുര്‍ബലരായ ആളുകളായിരുന്നു അയാളുടെ ലക്ഷ്യം. തന്റെ 52 ഇരകളില്‍ 35 പേരും 17 നു വയസ്സില്‍ താഴെ ഉള്ളവര്‍ ആയിരുന്നുവെന്നതില്‍ നിന്നു  തന്നെ അയാളുടെ കൊലപാതകങ്ങളിലെ സുപ്രധാനമായ ഒരു സാദൃശ്യം ബുറക്കോവ് മനസ്സിലാക്കുന്നു.

റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസിനെ നിയോഗിച്ചെങ്കിലും മേലുദ്യോഗസ്ഥര്‍ക്ക് കൊലയാളി സ്വവര്‍ഗാനുരാഗിയാണെന്ന 'കണ്ടെത്തല്‍' കാരണം അത്തരം ആളുകളുടെ വേട്ടയായി മാറ്റപ്പെട്ടു. എന്നാല്‍ 8 വര്‍ഷത്തോളം തന്റെ കണ്ടെത്തലുകളില്‍ വിശ്വസിച്ച ബുറക്കോവ് അവസാനം ലക്ഷ്യം കാണുന്നു. മാറപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്ഥാനക്കയറ്റം ലഭിച്ച ഫെറ്റിസോവും ബുറക്കോവും കുറ്റാന്വേഷണത്തില്‍ ശാസ്ത്രീയമായ രീതികളിലേക്ക് അന്വേഷണം മാറ്റുന്നു. അമേരിക്കയുടെ FBI സഹായം വരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു.

citixen x

അല്‍പ്പ ദിവസത്തിന് ശേഷം ചിക്കാറ്റിലോ ആകസ്മികമായി പിടിയിലാകുമ്പോള്‍ അയാള്‍ തന്റെ 52 ാമത്തെ ഇരയെ വകവരുത്തിയിട്ടുണ്ടായിരുന്നു. എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടി. അവളുടെ ബന്ധുവായ പോലീസുകാരന്‍ ആ മൃതശരീരം കണ്ടപ്പോള്‍ അല്‍പ്പം നേരത്തെ അയാളെ പിടികൂടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നിരിക്കാം. അധികാരത്തിന്റെ വടം വലിയിലുള്ള ഈഗോ ഈ കേസില്‍ അവസാനം വരെ വില്ലനായി. അശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ട ചിക്കാറ്റിലോ നീണ്ട ഏഴു ദിവസത്തോളം കുറ്റം സമ്മതിക്കാന്‍ തയ്യാറാകുന്നില്ല.

കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കില്‍, പ്രതിയെന്നു സംശയിക്കുന്ന ആളെ പുറത്തു വിടേണ്ട ദിവസം നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അവസാനം ബുറക്കോവ്, ബുക്കാനോവ്‌സ്‌ക്കി എന്ന 'മനശാസ്ത്ര വിദഗ്ദ്ധനെ' രംഗത്തിറക്കുന്നു. കൊലപാതക രീതികള്‍ ഉപയോഗിച്ച് കൊലപാതകിയെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ വിശദമായ പഠനം നടത്തിയിരുന്നു. റഷ്യയില്‍ ആദ്യമായി കൊലപാതക കൃത്യങ്ങളെ പ്രതികളുടെ മനോനില അനുസരിച്ച് തെളിയിക്കുന്ന രീതികളുടെ തുടക്കമായിരുന്നു അതെന്ന് പറയാം. കുറ്റം ഏറ്റു പറയുന്ന ചിക്കാറ്റിലോ അതെങ്ങനെ നടപ്പാക്കി എന്ന് വിശദീകരിക്കുകയാണ് കഥയുടെ അവസാനം.

തന്റെ കുറ്റകൃത്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുമ്പോള്‍, ഒരു ഇരുമ്പ് കൂട്ടില്‍ അടയ്ക്കപ്പെട്ട അയാളെ പിന്നീട് വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു നീതി പീഠം . റോബര്‍ട്ട് കല്ലന്‍ രചിച്ച ''The Killer Department' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചിത്രം എന്ന നിലയില്‍ ആണ് HBO ഈ ചിത്രം അവതരിപ്പിച്ചതെങ്കിലും പരമ്പര കൊലപാതകികളെക്കുറിച്ചുള്ള സിനിമകളിലെ അധികം ശ്രദ്ധിക്കാതെ കിടക്കുന്ന മാണിക്യം ആണ് 'Citizen X' എന്ന സിനിമ. ബുക്കാനോവസ്‌ക്കി തന്റെ അജ്ഞാത കൊലയാളി കഥാപാത്രത്തിന് നല്‍കിയ പേരാണത്.

വിലക്കുകള്‍ മൂലം പൊതു ജനങ്ങള്‍ക്ക് ഇത്തരം ഒരു സംഭവത്തെക്കുറിച്ച് സൂചന ഇല്ലാതിരുന്നു. ഒരു കേസ് അന്വേഷണത്തില്‍ ഭരണകൂട നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുണ്ടാകുമെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ചിക്കാറ്റിലോയും അയാളുടെ 52 ഇരകളും. എട്ടു വര്‍ഷത്തോളം സ്വവര്‍ഗാനുരാഗികളെ കണ്ടത്താന്‍ ബുറക്കോവ് ചവിട്ടി തുറക്കുന്ന വാതിലുകളില്‍ നിന്നും തന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അയാള്‍ക്ക് അവസരം വരുന്നതിലൂടെ ആണ് കേസന്വേഷണം പൂര്‍ത്തിയാകുന്നത് എന്ന് വേണമെങ്കില്‍ പറയാം.