'The world is a fine place, and worth fighting for'...I agree with the second part.'

ഏതൊരു മിസ്റ്ററി/ത്രില്ലര്‍ സിനിമാപ്രേമിയുടെയും ഇഷ്ട സിനിമകളുടെ ലിസ്റ്റില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് Se7en എന്ന് നിസ്സംശയം പറയാം. ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അതിന്റെ പശ്ചാത്തലമാണ്‌. നിഗൂഢമായ എന്തോ പ്രേക്ഷകനെ കാത്തിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന പശ്ചാത്തലം. ഡേവിഡ് ഫിഞ്ചര്‍ ഉപയോഗിച്ച ഈ രീതി പല  കൊറിയന്‍  സിനിമകളിലും ഉപയോഗിക്കാറുണ്ട്. മഴയും ഇരുട്ടും നിറഞ്ഞ് രക്തം പോലും ഭയം മൂലം ഉറയുന്ന അവസ്ഥ. സിനിമയുടെ  കഥയും ആ ഒരു ഫീല്‍  കൊണ്ടുവരുന്നു.

Crime

നായക കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് സോമര്‍സെറ്റ്, മില്‍സ് എന്നിവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തിന് ഒരു മിസ്റ്ററി ത്രില്ലര്‍ എന്നതില്‍ നിന്നും കൂടുതല്‍ സങ്കീര്‍ണമായ ഒരു മുഖം നല്‍കുന്നുണ്ട്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇവിടെ ചിത്രത്തിന്റെ മൊത്തം കഥയും ഒറ്റ വാക്കില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രേക്ഷകന് ചിത്രത്തിന്റെ അവസാനമാകുമ്പോള്‍ പൂര്‍ണമായും മനസ്സിലാകുന്ന ഒന്നാണത്. പേരില്ലാത്ത ആ നഗരം വളരെയധികം  അലോസരമായിരുന്നു ട്രേസിക്ക്. ഭര്‍ത്താവായ മില്‍സിനു അവള്‍ പറയുന്നത് കേള്‍ക്കാനുള്ള  മനസുണ്ടാകുമോ എന്നൊരു സംശയം അവള്‍ക്കുണ്ടായിരുന്നു താനും.

se7enനഗരത്തില്‍ നടക്കുന്ന രണ്ടു കൊലപാതകങ്ങള്‍. അതിക്രൂരമായി കൊല്ലപ്പെട്ട രണ്ടാളുകള്‍ ,അവരുടെ മൃതദേഹത്തിനടുത്തു നിന്നും കിട്ടിയ രണ്ടു വാക്കുകളായ'gluttony','greed'എന്നിവ ഒരു പരമ്പര കൊലയാളിയുടെ സാമീപ്യത്തെ  സൂചിപ്പിക്കുന്നു. സോമര്‍സെറ്റ്, മില്‍സ് എന്നിവര്‍ അവര്‍ നേരിടുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതോടു കൂടി ചിത്രം ഹൊറര്‍ ആയി  മാറുന്നോ എന്ന് സംശയിക്കും. കാരണം പലപ്പോഴും ഈ ചിത്രം പ്രേക്ഷകനെ ഭയപ്പെടുത്തും.

Best Film Editing  വിഭാഗത്തില്‍ ഓസ്‌ക്കാര്‍ നാമനിര്‍ദേശം  ലഭിച്ചതാണ് ഈ ചിത്രം. കഥാഘടനയിലും അവതരണ രീതിയിലുമെല്ലാം ഹോളിവുഡ് സിനിമാ ചരിത്രത്തിലെ തന്നെ മികച്ച മിസ്റ്ററി /ത്രില്ലറായി ഈ ചിത്രത്തെ കണക്കാക്കുന്നു. ബ്രാഡ് പിറ്റ്, മോര്‍ഗന്‍, ഫ്രീമാന്‍  എന്നിവരുടെ സിനിമാ  ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്  മില്‍സ്, സോമര്‍സെറ്റ് എന്നിവര്‍. തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളിലൊന്നാണ്  Se7en.