1982 ല്‍ നിര്‍മിക്കപ്പെടുകയും സ്പഷ്ടമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള എതിര്‍പ്പ് മൂലം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്ത ചിത്രമാണ് Przesluchanie (Interrogation). പിന്നീട്  സുപ്രധാനമായ തീരുമാനങ്ങളിലൂടെ പോളണ്ടിലെ ഭരണസംവിധാനം മാറിയപ്പോളാണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്. അതും നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ 1989 ല്‍.

ടോണിയ എന്ന കാബറെ നര്‍ത്തകിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്റ്റാലിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം നടന്ന കാലയളവില്‍ അനുവര്‍ത്തിച്ച സോഷ്യലിസത്തിന്റെ ദുരിത ഫലങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

രാജ്യം മുഴുവന്‍ സോഷ്യലിസം നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ജനങ്ങളുടെ സ്വത്തുക്കളെല്ലാം സര്‍ക്കാരിന്റേതാണെന്നുള്ള നയപ്രഖ്യാപനമുണ്ടായി. ഈ പ്രഖ്യാപനത്തെ എതിര്‍ത്തവരെ ഉന്മൂലനം ചെയ്ത കിരാത ഭരണമായിരുന്നു അന്നുണ്ടായിരുന്നത്. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ടോണിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ടോണിയ തന്റെ നൃത്ത പരിപാടിയുടെ ഇടയ്ക്ക് സ്വന്തം ഭര്‍ത്താവിനോട് കൂടുതല്‍ അടുത്തിടപഴകുന്ന തന്റെ സുഹൃത്തിനെ കാണുന്നു. പിണക്കവും പരിഭവവും ആയി അവള്‍ ഭര്‍ത്താവിന്റെ കൂടെ പോകാതെ രണ്ട് അപരിചിതരോടൊപ്പം മദ്യപിക്കാന്‍ പോകുന്നു. മദ്യപിച്ചു ഉന്മാദാവസ്ഥയിലായ ടോണിയ പിറ്റേ ദിവസം ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ താന്‍ പോലീസിന്റെ പിടിയിലാണെന്ന് മനസ്സിലാക്കുന്നു. മറ്റു സ്ത്രീകളോടൊപ്പം സെല്ലില്‍ അടയ്ക്കപ്പെട്ട അവളെ ചോദ്യം ചെയ്യാനായി പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു. അങ്ങനെ ഒരു രാത്രി കൊണ്ട് അവളുടെ ജീവിതം മാറി മറിയുന്നു. പോലീസുകാര്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മൊഴി നല്‍കുവാന്‍ അവളോട് ആവശ്യപ്പെടുന്നു.

ടോണിയയുടെ ജീവിതം പലപ്പോഴും ചികയുന്ന പോലീസ് അവളുടെ ആദ്യ ചുംബനം മുതലുള്ള കഥ പറയാനാവശ്യപ്പെടുന്നു. എന്നാല്‍ അവര്‍ അവളുടെ ഓരോ വാക്കുകളും അവള്‍ക്കെതിരെയുള്ള തെളിവുകളാക്കി മാറ്റുകയായിരുന്നുവെന്ന് അവള്‍ ആദ്യം അറിയുന്നില്ല. സെല്ലിലുള്ള സഹതടവുകാരെ ചിരിപ്പിക്കാനായി അവള്‍ പറഞ്ഞ കഥ പോലും അവള്‍ക്കെതിരെയുള്ള തെളിവുകളാകുന്നു. കുറ്റവാളികളാക്കി ആരെയെങ്കിലും മുദ്ര കുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മൂലം ചെയ്യാത്ത കുറ്റങ്ങള്‍ തന്റേതാക്കി മാറ്റിയവരായിരുന്നു കൂടുതല്‍ തടവുകാരും. പൂര്‍വികമായി ലഭിച്ച സ്വത്തുക്കള്‍ അപഹരിക്കാന്‍ വന്ന കമ്മ്യൂണിസ്റ്റ് ഭടന്മാരെ ആക്രമിച്ച് ജയിലിലായവരുമുണ്ടായിരുന്നു. 

interrogation

ആ ജയില്‍ ജീവിതം ടോണിയയുടെ ജിവിതം ആകപ്പാടെ മാറ്റിമറിച്ചു. നര്‍ത്തകിയായ അവര്‍ സഹനശക്തി കാണിച്ചു തുടങ്ങി. തനിക്കറിയാത്ത കാര്യം മറ്റൊരാള്‍ ചെയ്തുവെന്നുള്ളത് അവള്‍ എഴുതി കൊടുക്കില്ലെന്ന് തീരുമാനിക്കുന്നു. പോലീസും ടോണിയയും തമ്മിലുള്ള സംഘര്‍ഷം അതിശക്തമായി.

അവളുടെ ജീവിതം അവള്‍ക്ക് അന്യമാകുന്നു. അവര്‍ അനുനയിപ്പിച്ചു നോക്കി, ഭയപ്പെടുത്തി, പിന്നെ ക്രൂരമായ രീതിയില്‍ അവളെക്കൊണ്ട് തെളിവ് കൊടുപ്പിക്കാന്‍ നോക്കി. അവളുടെ ജീവിതം ഒരു വേശ്യയുടെ ജീവിതത്തിനു തുല്യമാക്കി. അങ്ങനെ മരണവും ജീവിതവും മുഖാമുഖം കണ്ട ടോണിയ ജീവിതത്തിലെ പ്രകാശം എന്നെങ്കിലും കാണുമോ എന്നതാണ് ചിത്രത്തിന്റെ ബാക്കി പറയുന്നത്. അവള്‍ ചെയ്ത കുറ്റം എന്തായിരുന്നു? ടോണിയ ഒരു ദു:സ്വപ്നം കാണുകയായിരുന്നോ? 

സ്വാതന്ത്രത്തിന്റെ ഇളം ശ്വാസം ലഭിക്കാതെ വീര്‍പ്പു മുട്ടുന്ന ഒരു സമൂഹം അനുഭവിച്ച യാതനകള്‍  ,അതിലേക്കു നയിച്ച പ്രത്യയശാസ്ത്രം എന്നിവയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ടോണിയ എന്ന സ്ത്രീ തന്റെ ദുരനുഭവങ്ങളിലും തമാശ കണ്ടെത്തുന്നത് അവരുടെ മനോബലത്തിനുള്ള ഉദാഹരണമാണ്.

കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനം വെളിച്ചം കണ്ട ഈ ചിത്രം, അതിനു മുന്‍പ് തന്നെ സംവിധായകന്റെ നേതൃത്വത്തില്‍ ഹോം വീഡിയോയായി ഇറങ്ങുകയും ശ്രദ്ധേയമാകുകയും ചെയ്തതാണ്. 1989 ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ കാന്‍  ഉള്‍പ്പടെയുള്ള ലോകോത്തര ചലച്ചിത്ര മേളകളില്‍ സംസാരവിഷയമായി.