കുറ്റകൃത്യങ്ങള്‍ പ്രമേയമായി മലയാളത്തിലും അന്യഭാഷയിലും നിരവധി ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയും സാങ്കല്‍പ്പിക സംഭവങ്ങളില്‍ നിന്നുമൊക്കെ ഇത്തരം ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചലച്ചിത്രങ്ങളില്‍ കാണുന്നത് യഥാര്‍ഥത്തില്‍ അവ നിര്‍മിക്കപ്പെടുന്ന സമൂഹങ്ങളുടെ പ്രതിഫലനമാണ്. കുറ്റകൃത്യങ്ങള്‍ കൂടുതലായി രേഖപ്പെടുത്തപ്പെടുമ്പോള്‍, ചലച്ചിത്ര ലോകത്ത് കുറ്റാന്വേഷണ രംഗവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ​ പംക്തിയിലൂടെ

മുന്‍കോപി ആയ റിച്ചാര്‍ഡ് തന്റെ സ്വഭാവം കാരണം ജീവിതത്തില്‍ ഏറെ പഴി കേട്ട ആളാണ്. അയാളുടെ കുടുംബ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുമെല്ലാം അയാളുടെ ഈ സ്വഭാവം വിനയായി. പില്‍ക്കാലത്ത് ഏറെ നിഗൂഢതയുള്ള ഒരു കേസില്‍ പ്രതിയാകാനും അയാളുടെ ഈ സ്വഭാവം കാരണമായി. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് അവതരിപ്പിച്ച Frenzy എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രമാണ് റിച്ചാര്‍ഡ് ബ്ലേനി. ബ്രിട്ടനിലെ വ്യോമ സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന റിച്ചാര്‍ഡ് ഒരു ബാറിലാണ് ജോലി ചെയ്യുന്നത്. അയാളില്‍ നിന്നും വിവാഹ മോചനം നേടിയ ഭാര്യ കൂടി ആയപ്പോള്‍ ജീവിതത്തിലെ ദുരിതം പൂര്‍ണമായി. എന്നാല്‍ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അപ്രതീക്ഷിതമായ ഏതൊരു സംഭവവും ജീവിതത്തെ മാറ്റി മറിക്കാം. എന്നാല്‍ റിച്ചാര്‍ഡിന്റെ കാര്യത്തില്‍, കുറച്ചു ദിവസങ്ങള്‍ താന്‍ ഇതുവരെ അനുഭവിച്ച ജീവിതത്തില്‍ നിന്നും കൂടുതല്‍ ദുരിത പൂര്‍ണമാകുന്നു.

കുപ്രസിദ്ധമായ ക്രിസ്റ്റിയുടെ '10 Rillington Place' ലെ കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള കാലഘട്ടമാണ് ഹിച്ച്‌കോക്ക് ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തത്. 'NeckTie Murders' എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പരമ്പര കൊലപാതകങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നു. തെളിവുകള്‍ ശാസ്ത്രീയമായി അവലോകനം ചെയ്യാനുള്ള സാങ്കേതികത വളര്‍ന്നിട്ടില്ലാത്ത കാലഘട്ടം. പീഡനങ്ങള്‍ക്ക് വിധേയയായ ശേഷം ടൈ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍ പോലീസിനു തലവേദനയായി മാറി. പ്രതിയിലേക്ക് എത്തിച്ചേരാനുള്ള തെളിവുകളുടെ അഭാവം തന്നെ കാരണം. എന്നാല്‍ റിച്ചാര്‍ഡ് ,തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലേക്കുള്ള യാത്രയിലായിരുന്നു. മോഷണം ആരോപിക്കപ്പെട്ട അയാള്‍, ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും പുറത്താക്കപ്പെട്ടൂ. ബാര്‍ മാനേജറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും റിച്ചാര്‍ഡിന്റെ ആരെയും കൂസാത്ത പ്രകൃതവും കൂടിച്ചേര്‍ന്നപ്പോള്‍ അയാളില്‍ അവിടെ കുറ്റം ആരോപിക്കപ്പെടുകയായിരുന്നു.

ജോലി നഷ്ടപ്പെട്ട അയാള്‍ തന്റെ സുഹൃത്തും വ്യാപാരിയുമായ റസ്‌ക്കിനെ കാണാന്‍ പോകുന്നു. അയാള്‍ സഹായം ചെയ്യാനുള്ള മനസ്സ് കാണിച്ചുവെങ്കിലും റിചാര്‍ഡിലെ ദുരഭിമാനി അതിനു വഴങ്ങുന്നില്ല. പിന്നീട് തന്റെ മുന്‍ ഭാര്യയെ കാണാന്‍ പോയ അയാള്‍ അവരുടെ ഓഫീസില്‍ വച്ച് ചെറിയ രീതിയില്‍ വാഗ്വാദങ്ങള്‍ ഉണ്ടാക്കുന്നു.അയാളുടെ മുന്‍ കോപമായിരുന്നു കാരണം. ഭാര്യയുടെ സെക്രട്ടറി ഇതെല്ലാം കാണുന്നുമുണ്ടായിരുന്നു. അവര്‍ തമ്മില്‍ പിന്നീട് രമ്യതയിലായി. എന്നാല്‍ അടുത്ത ദിവസം അവര്‍ കൊല്ലപ്പെടുമ്പോള്‍ അവരെ കാണാന്‍ കഴിയാതെ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്ന റിച്ചാര്‍ഡിനെ സെക്രട്ടറി കാണുന്നു. തലേ ദിവസത്തെ സംഭവങ്ങളും സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട റിച്ചാര്‍ഡും കൊലപാതകത്തിലെ മുഖ്യ പ്രതിയായി അയാളെ മാറ്റുന്നു. 

സത്യം മറ്റൊന്നാണെങ്കിലും 'തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിയ' ആളായിരുന്നു റിച്ചാര്‍ഡ്. പോലീസില്‍ നിന്നും രക്ഷപ്പെട്ട്, തന്റെ ഇപ്പോഴത്തെ കാമുകിയുമായി സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിച്ചുവെങ്കിലും കാമുകിയും സമാനമായ രീതിയില്‍ കൊല്ലപ്പെടുന്നു. അയാളില്‍ കുറ്റാരോപിതമായ കൊലപാതകങ്ങള്‍ രണ്ടും നടന്നത് ഒരേ രീതിയിലായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ 'NeckTie' കൊലപാതകങ്ങളുടെ അതെ രീതിയില്‍. റിച്ചാര്‍ഡ് ആണ് പരമ്പര കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുന്നു.

Frenzy

കൊലപാതകി മാനസികമായ പ്രശ്‌നങ്ങളുള്ള ആളാണെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. റിച്ചാര്‍ഡ് കടന്നു പോകുന്ന ജീവിതത്തില്‍ നിന്ന് പോലീസ് അയാളെ കുറ്റവാളിയാക്കുകയായിരുന്നു. എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യനായ മറ്റൊരാളായിരുന്നു കൊലയാളി. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ മാന്ത്രിക സ്പര്‍ശം ഇവിടെ ആണ് അവതരിപ്പിക്കപ്പെടുന്നത്. കൊലയാളിയായ റോബര്‍ട്ട് റസ്‌ക്കിനെ അയാളുടെ കൊലപാതകം നടത്തുന്ന രംഗവുമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രേക്ഷകനില്‍ നിഗൂഢത അവശേഷിപ്പിക്കുന്നു. കൊലപാതകങ്ങള്‍ ഒരാളില്‍ ആരോപിക്കപ്പെടുന്നെങ്കിലും യഥാര്‍ത്ഥ കൊലയാളി വിദഗ്ദ്ധമായി രക്ഷപ്പെടുകയും തന്റെ ജീവിതം തുടര്‍ന്ന് പോവുകയും ചെയ്യുന്നു. റോബര്‍ട്ട് റസ്‌ക്കിലേക്ക് പോലീസ് എത്തിച്ചേരുന്നത് ചെറിയ സംശയങ്ങളുടെ പേരിലായിരുന്നു. ഈ സമയം കൊലപാതകി ആരാണെന്നു മനസ്സിലായ റിച്ചാര്‍ഡ് പോലീസ് വലയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. കുറ്റാരോപിതനും യഥാര്‍ത്ഥ കൊലയാളിയും തമ്മിലുള്ള അന്തരം എത്രത്തോളം കുറയുന്നു എന്ന് ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സിനിമകള്‍ തലമുറകളെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നു. അവാച്യമായ പുതുമ ഓരോ സിനിമയിലും അനുഭവപ്പെടാറുണ്ട്. സാമാന്യ യുക്തിയിലേക്ക് എത്തിച്ചേരാന്‍ അവതരിപ്പിക്കപ്പെടുന്ന അസാധാരണമായ സംഭവങ്ങള്‍ ഒരുക്കിയിട്ടുള്ള അവതരണ രീതി അദ്ദേഹത്തിന്റെ ചിത്രങ്ങളെ എക്കാലവും സമാനമായ രീതിയിലുള്ള ചിത്രങ്ങള്‍ക്ക് റഫറന്‍സ് ആയി മാറുന്നു എന്ന് നിസംശയം പറയാം. കാഴ്ചകളിലൂടെ ലഭിക്കുന്ന ക്രൈം  സിനിമയുടെ ത്രില്‍, അത് അനുഭവിച്ചു തന്നെ അറിയണം. Frenzy അത്തരം ഒന്നാണ്. പ്രേക്ഷകന് കാഴ്ച്ചയുടെ നിഗൂഢത നല്‍കുന്ന ഒന്ന്.