ഒരു ബ്ലാക്ക് & വൈറ്റ് ചിത്രം എന്ന നിലയില്‍ അവഗണിക്കേണ്ട ചിത്രമല്ല "Elevator To the Gallows'. കാരണം ഇതിലെ വര്‍ണമില്ലായ്മ കൂട്ടിച്ചേര്‍ക്കുന്നത് പ്രേക്ഷകനില്‍ സങ്കീര്‍ണമെന്ന് തോന്നിപ്പിക്കുന്ന കൊലപാതകങ്ങളിലെ തീക്ഷ്ണതയിലേക്കാണ്‌​. ഫ്രഞ്ച് സിനിമകളില്‍ മാറ്റത്തിന്റെ അലയടികള്‍ തുടങ്ങിയ സമയത്ത് അവതരിപ്പിച്ച ഈ ചിത്രം ഇന്നത്തെ പരിതസ്ഥിതികളില്‍ പോലും പുതുമയേറിയ വിഷയം ആണ്.

കാമുകനും കാമുകിയും ചേര്‍ന്ന് സ്വന്തം ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യയെ​ കൊല്ലുന്ന എത്രയോ കേസുകള്‍ മിക്കപ്പോഴും വായിക്കുന്നു.ആ കുറ്റകൃത്യങ്ങളില്‍ എല്ലാം ഇത് പോലെ അശ്രദ്ധമായ തെളിവുകള്‍ പടര്‍ന്നു കിടക്കുന്നുണ്ടാകാം. എത്ര മറച്ചാലും ഒളിച്ചാലും കുറ്റാന്വേഷണ സമയത്ത് അപ്രതീക്ഷിതമായി വരുന്ന തെളിവുകള്‍!"Elevator To the Gallows' ലെ കാറും,ക്യാമറയും പോലെ. അത് തന്നെയാണ് ഈ ചിത്രത്തിന് ഇന്നത്തെ കാലഘട്ടത്തിലുള്ള പ്രസക്തി.

'If you want to kill someone, you'd better pull off a perfect crime. Our securtiy lies in the fact that that's damnably hard to do'

പ്രശസ്ത ഫ്രഞ്ച് സംവിധായകനായ ക്ലോഡ് ലെലോയുടെ 'Perfect Crime' നെ കുറിച്ചുള്ള പ്രശസ്തമായ വാക്കുകള്‍  ആണിത്. ഒരാളെ കൊല്ലണമെങ്കില്‍ പൂര്‍ണത ഉള്ള ഒരു കൊലപാതകം ചെയ്യുക എന്നതായിരിക്കും ഓരോ കൊലയാളിയുടെയും ലക്ഷ്യം. നിയമത്തിന്റെ കണ്ണില്‍ അയാള്‍ തെറ്റുകാരന്‍ ആകുന്നതു വരെ അത് ഒരു പരിപൂര്‍ണ വിജയമായ കുറ്റകൃത്യമായി മാറുന്നു. എന്നാല്‍ പലപ്പോഴും കുറ്റകൃത്യം ചെയ്ത ആള്‍ ബാക്കി വയ്ക്കുന്ന ചെറിയ ഒരു അശ്രദ്ധ മതിയാകും അയാളുടെ പ്രവൃത്തിക്ക് കളങ്കം ചാര്‍ത്താന്‍. മനുഷ്യനാല്‍ ഏറെക്കുറെ അസാധ്യമായ ഒന്നാണെന്ന് പറയാം തെളിവില്ലാതെ ഒരു കുറ്റകൃത്യം ചെയ്യുക എന്നത്. 'Elevator To the Gallows ' എന്ന ഫ്രഞ്ച് ചലച്ചിത്രം പ്രതിനിധീകരിക്കുന്നത് ഇത്തരം സങ്കീര്‍ണമായ ആശയത്തെ ആണ്; ഒപ്പം അതിന്റെ പാളിച്ചകളെയും.

elevator

ഒരു ഫോണ്‍ സംഭാഷണത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.ഫ്‌ലോറന്‍സ് കരാല ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നും തന്റെ കാമുകമായ ജൂലിയനുമായുള്ള സംഭാഷണത്തിലാണ്. വൈകിട്ട് അവര്‍ തമ്മില്‍ കാണാം എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ ക്രൂരമായ ഒരു കൊലപാതകത്തിന് അരങ്ങൊരുങ്ങുന്നു. ഫ്‌ലോറന്‍സിന്റെ ഭര്‍ത്താവും പ്രശസ്ത ആയുധ വ്യാപാരിയുമായ കരാലയെ അന്ന് ജൂലിയന്‍ കൊല ചെയ്യാന്‍ തീരുമാനിക്കുന്നു. ജൂലിയന്‍ കരാലയുടെ വിശ്വസ്തനായ ജോലിക്കാരന്‍ ആണ്. സൈനിക സേവനം അനുഷ്ഠിച്ച ജൂലിയന്  ആത്മഹത്യയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കൃത്യം നടത്താന്‍ സാധിക്കുന്നു. ഓഫീസില്‍ വച്ച് കൊല നടത്തിയതിനു ശേഷം ജൂലിയന്‍ തന്റെ കാറിന്റെ അടുത്തേക്ക് പോകുന്നു.

ചിത്രത്തിന്റെ നേരത്തെ സൂചിപ്പിച്ച അപ്രതീക്ഷിതമായ 'അശ്രദ്ധ' ഇവിടെ ആരംഭിക്കുന്നു. കൊലപാതകം നടത്താന്‍ വേണ്ടി കരാലയുടെ ഓഫീസിലേക്ക് കയറാന്‍ ജൂലിയനെ സഹായിച്ച കയര്‍ അയാള്‍ അവിടെ നിന്നും മാറ്റാന്‍ മറന്നു പോയി. ഒരു വലിയ അശ്രദ്ധ തന്നെ ആയിരുന്നു അത്. ഒരുപക്ഷെ ഒരിക്കലും തെളിയാതെ പോകുമായിരുന്ന, കേസില്‍ പ്രധാന ഭാഗം ആ കയറിനു കൈ വരുന്നു. തന്റെ കാറില്‍ ഇരുന്നു കൊണ്ട് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ ആടുന്ന ആ കയര്‍ കണ്ട ജൂലിയന്‍ അതെടുക്കാനായി വെപ്രാളത്തില്‍ തിരിച്ചു കയറുന്നു. ഓഫീസിലെ ലിഫ്റ്റില്‍ കയറിയ ജൂലിയന്റെ വിധി അവിടെ മാറുന്നു. ഓഫീസ് അടയ്ക്കാന്‍ നേരത്ത് വൈദ്യുതി നിലയ്ക്കുമ്പോള്‍ അയാള്‍ അവിടെ അകപ്പെട്ടു പോകുന്നു. പുറത്തിറങ്ങാന്‍ ഒരു വഴിയുമില്ലാതെ ആയ ജൂലിയന്‍ അവിടെ അകപ്പെടുന്നു. 'തൂക്കു കയറിലേക്ക് ഉള്ള അയാളുടെ യാത്ര അവിടെ ആരംഭിക്കുന്നു'.

ഇനി ഇതിനു സമാന്തരമായി മറ്റൊരു കഥ കൂടി നടക്കുന്നു. ജൂലിയന്റെ വിലപ്പിടിപ്പുള്ള കാറില്‍ ആകൃഷ്ടനായ, ചെറിയ കുറ്റകൃത്യങ്ങള്‍ കൈമുതലായി കൊണ്ടു നടക്കുന്ന ലൂയിസും അവന്റെ കാമുകി വെറോനിക്കയും ആ കാര്‍ മോഷ്ടിച്ച് യാത്ര തുടങ്ങുന്നു. ഒരു പക്ഷെ പിടിക്കപ്പെടുമെന്ന ഉറപ്പ് ഉണ്ടായിരുന്നിട്ടു കൂടി വിലപ്പിടിപ്പുള്ള കാറില്‍ യാത്ര ചെയ്യാന്‍ ഉള്ള അവരുടെ ആഗ്രഹമായിരുന്നു അവരെക്കൊണ്ട് അത് ചെയ്യിച്ചത്. അവരുടെ യാത്രയില്‍ കണ്ടു മുട്ടുന്ന ബെന്ക്കര്‍ ഫ്രീഡ ദമ്പതികളുമായി അവര്‍ ചങ്ങാത്തത്തിലാകുന്നു. ലൂയിസിന്റെ പേര് മാറ്റി ജൂലിയന്‍ എന്ന പേരാണ് അവര്‍ അവിടെ ഉപയോഗിച്ചത്. എന്നാല്‍ അന്ന് നടന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവസാനിക്കുന്നത്  ബെന്ക്കര്‍ ഫ്രീഡ ദമ്പതികളുടെ കൊലപാതകത്തിലായിരുന്നു. ജൂലിയന്റെ കാര്‍ അവിടെ ഉപേക്ഷിച്ച്  ലൂയിസും വെറോനിക്കയും മരണപ്പെട്ടവരുടെ കാറില്‍ തിരിച്ചെത്തുന്നു. തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തിന് ശിക്ഷ ലഭിക്കുമെന്ന് ഭയന്ന അവര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു.

Elevator to the gallows

പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പുള്ള ചിത്രത്തിന്റെ കഥ ഇതാണ്. നേരിട്ട് പരിചയം ഇല്ലാത്ത വ്യക്തികള്‍ ചെയ്യുന്ന 3 കൊലപാതകങ്ങള്‍. എന്നാല്‍ ജിഗ്‌സോ പസിലില്‍ ചേര്‍ത്ത് വയ്ക്കുന്ന പരസ്പരപൂരകങ്ങള്‍ ആയ വിടവുകള്‍ പോലെ അവരുടെ ഇടയില്‍ ഒരു ബന്ധം ഉണ്ട്. അന്ന് ഈ മൂന്നു പേരുടെയും അവസ്ഥയ്ക്ക് പ്രധാന കഥാപാത്രമായ കാര്‍-മോട്ടലില്‍ കൊലപാതക സമയത്ത് ഉപയോഗിച്ച കാര്‍ ജൂലിയനെ ബെന്ക്കര്‍-ഫ്രീഡ ദമ്പതികളുടെ കൊലയാളിയായി മാറ്റുന്നു. അവിടെ അവര്‍ ഉപയോഗിച്ച പേരും ജൂലിയന്‍ എന്നായിരുന്നു. ജൂലിയന്‍ ചെയ്യാത്ത കുറ്റകൃത്യത്തില്‍ അയാള്‍ പ്രതിയാകുന്നു. അയാള്‍ പിറ്റേദിവസം ലിഫ്റ്റില്‍ നിന്നും പുറത്തു വരുമ്പോള്‍ പോലീസ് പിടിയിലാകുന്നു.

ആത്മഹത്യക്ക് ശ്രമിച്ച ലൂയിസിനെയും വെറോനിക്കയെയും ഫ്‌ലോറന്‍സ് കണ്ടെത്തുന്നു. തലേ ദിവസം രാത്രി തന്റെ കാമുകനൊപ്പമെത്തിച്ചേരാന്‍ കൊതിച്ച ഫ്‌ലോറന്‍സ്  ജൂലിയന്റെ കാറില്‍ യാത്ര ചെയ്യുന്ന വെറോനിക്കയെ കണ്ട് തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാല്‍ മോട്ടലില്‍ നടന്ന കൊലപാതകത്തിന്റെ പിന്നിലുള്ള രഹസ്യമറിയാനുള്ള അവരുടെ ത്വരയാണ് അവളെ അവിടെ എത്തിക്കുന്നത്. ഇവിടെ ആണ് അടുത്ത തെളിവ്. വില്ലന്‍ ആകുന്നത് ജൂലിയന്റെ പോക്കറ്റ് ക്യാമറ. കരാലയുടെ മരണം ആത്മഹത്യയാണെന്ന് കരുതിയ പോലീസിനു അടുത്ത പിടിവള്ളി ആയി അത് മാറുന്നു. ആ ഫോട്ടോയില്‍ കണ്ടെത്തുന്ന തെളിവുകളോടെ ചിത്രം അവസാനിക്കുന്നു. നേരത്തെ പൂരിപ്പിക്കാന്‍ കഴിയാതെയിരുന്ന സമസ്യ അവിടെ തീരുന്നു. ഒരുപക്ഷെ, തെളിവുകളുടെ അഭാവത്തില്‍ ജൂലിയനും, ലൂയിസ് വെറോനിക്ക എന്നിവര്‍ക്കുമൊപ്പം ഈ കേസുകളില്‍ വരാന്‍ സാധ്യത പോലുമില്ലാതിരുന്ന ഫ്‌ലോറന്‍സ് പോലും അവിടെ അകപ്പെടുന്നു.

ഇവിടെ കുറ്റകൃത്യം ചെയ്യുമ്പോള്‍ അവര്‍ വിചാരിക്കുന്നത് തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുകയില്ലെന്ന് തന്നെ ആണ്. ആത്മഹത്യക്ക് ശ്രമിച്ച ലൂയിസും വെറോനിക്കയും പോലും ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അങ്ങനെ തന്നെ കരുതി. എന്നാല്‍ 'ദൈവത്തിന്റെ കരങ്ങള്‍' എന്ന് വിശേഷിക്കപ്പെടുന്ന നിര്‍ണായക തെളിവുകള്‍, അത് ഒളിപ്പിച്ചു വയ്ക്കാന്‍ തക്ക കഴിവ് ഓരോരുത്തരുടെയും പ്രവൃത്തികളുടെ ശേഷിപ്പുകളായി ചുറ്റുമുണ്ട് എന്നതാണ് ഒരു വസ്തുത. തങ്ങളുടെ ബാക്കിയുള്ള ജീവിതത്തില്‍ വര്‍ഷങ്ങളോളം ഇരുട്ട് മുറിയില്‍ പകല്‍ എന്നോ രാത്രി  എന്നോ അറിയാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന അവരുടെ വിധിയിലേക്ക് നയിച്ച കാര്യങ്ങള്‍ ഒരു സിനിമ എന്ന നിലയില്‍ ആസ്വദിച്ചു തന്നെ കാണണം. യാഥാസ്ഥിതിക കൊലപാതക ചിത്രങ്ങളില്‍ നിന്നും മാറി കഥാപാത്രങ്ങളില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ പോകുന്ന ചിത്രത്തിലെ പല രംഗങ്ങളും ഊഹിക്കാവുന്നതിന്റെ അപ്പുറമാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ ഈ ചിത്രം അവതരിപ്പിച്ചാല്‍പ്പോലും സുപ്രധാനമായി മാറുന്ന തെളിവുകള്‍ അവരെ തേടിയെത്തുന്നതായി കാണാം.