ഈ ചിത്രത്തിന്റെ സംഗ്രഹം ആദ്യമായി വായിച്ചപ്പോള്‍ കണ്ടത് 'പള്ളിയിലെ ഇമാം കേസ് അന്വേഷിക്കുന്ന കഥ എന്നതായിരുന്നു'. ടര്‍ക്കിയില്‍ പോലീസിനു സമാനമായ സ്ഥാനം പള്ളിയിലെ ഇമാമിനുണ്ടോ എന്നാണ് ആദ്യം ഇത് വായിച്ചപ്പോള്‍ ചിന്തിച്ചത്. എന്നാല്‍ പള്ളിയിലെ ഇമാം ഒരു കേസിന്റെ ഭാഗമായി മാറുന്നത് എങ്ങനെയാണെന്നത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്ന് പിന്നീട് മനസ്സിലായി. ടര്‍ക്കിഷ് സിനിമകള്‍ കൂടുതലും ഡ്രാമ,കോമഡി ചിത്രങ്ങള്‍ ആണ്. എന്നാല്‍ ഇടയ്ക്ക് വിരളമായി റിലീസ് ആകുന്ന ക്രൈം, മിസ്റ്ററി ചിത്രങ്ങള്‍ക്ക് അവരുടേതായ ഒരു വ്യക്തിത്വവും നിലവാരവും സൂക്ഷിക്കുന്നുണ്ട്. Av Mevsimi പോലെയുള്ള ചിത്രങ്ങളൊക്കെ ടര്‍ക്കിഷ് രീതിയില്‍ അവതരിപ്പിച്ച ക്രൈം ത്രില്ലറുകള്‍ ആയിരുന്നു.

ഈ ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെയാണ്. മാര്‍ക്കറ്റിനടുത്തുള്ള ഒരു ചെറിയ പള്ളി. നിസ്‌ക്കാരം നടക്കുമ്പോളാണ് അവര്‍ ആ വെടി ശബ്ദം കേള്‍ക്കുന്നത്. ഇമാം സല്‍മാന്‍ കണ്ടത് അയാളുടെ പുറകില്‍ നിന്ന സാലിഹ് എന്നയാള്‍ വെടിയേറ്റ് വീണതാണ്. രണ്ടു പ്രാവശ്യം വെടിയേറ്റ അയാള്‍ അവിടെത്തന്നെ വീണു മരിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങുന്നു. മരിച്ച സാലിഹ് അവിടെ അടുത്തുള്ള ഒരു ഹാര്‍ഡ്‌വെയര്‍ കട നടത്തുന്നു എന്ന അറിവ് മാത്രമേ ഇമാമിന് തുടക്കത്തില്‍  ഉണ്ടായിരുന്നുള്ളൂ. പോലീസ് അന്വേഷണം ആരംഭിക്കുന്നു.

പോലീസ് സല്‍മാനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക് അറിയാവുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ സാലിഹ് നല്ല മനുഷ്യനാണെന്ന് പറയുന്നു. ആദ്യമായാണ് കൊല്ലപ്പെട്ട ആള്‍ നല്ലവനാണെന്ന് ഒരാള്‍ പറയുന്നതെന്ന് പോലീസ് പറയുന്നു. സല്‍മാന്‍ പിന്നീട് അറിഞ്ഞ സാലിഹ് എന്ന മനുഷ്യനെക്കുറിച്ചുള്ള കഥകളെല്ലാം അയാളുടെ വിശ്വാസത്തിനുമപ്പുറമായിരുന്നു.

ഇതിനിടയിലാണ് അപ്രതീക്ഷിതമായ വഴിത്തിരിവ് ഉണ്ടാകുന്നതും ഇമാം ഈ കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണെന്ന് പോലീസിനു കരുതാനുള്ള തെളിവുകള്‍ ലഭിക്കുന്നതും. ചെറുപ്പത്തില്‍ ബോക്‌സറായും പിന്നീട് പട്ടാളക്കാരനായും മാറിയ വൈവിധ്യമേറിയ കരിയറുള്ള ആ ഇമാം പിന്നീട് നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഷെര്‍ലോക്ക് ഹോംസിന്റെ അന്വേഷണ രീതിയാണ് ഇവിടെ. കേസില്‍ നിന്നും സ്വയം രക്ഷപ്പെടുന്നതോടൊപ്പം ശരിക്കുമുള്ള കുറ്റവാളിയെ കണ്ടെത്താന്‍ ബുദ്ധിമാനായ  സല്‍മാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആരാണ് സാലിഹ് എന്ന കച്ചവടക്കാരനെ കൊല്ലപ്പെടുത്തിയത്?എന്തായിരുന്നു അതിന്റെ കാരണം? ഇതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്. ഇത്തരം ഒരു കുറ്റാന്വേഷണ ത്രില്ലറില്‍ വേണ്ട എല്ലാ ചേരുവകകളും ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു ടര്‍ക്കിഷ് ചിത്രം.