കുറ്റകൃത്യങ്ങള്‍ പ്രമേയമായി മലയാളത്തിലും അന്യഭാഷയിലും നിരവധി ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയും സാങ്കല്‍പ്പിക സംഭവങ്ങളില്‍ നിന്നുമൊക്കെ ഇത്തരം ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചലച്ചിത്രങ്ങളില്‍ കാണുന്നത് യഥാര്‍ഥത്തില്‍ അവ നിര്‍മിക്കപ്പെടുന്ന സമൂഹങ്ങളുടെ പ്രതിഫലനമാണ്. കുറ്റകൃത്യങ്ങള്‍ കൂടുതലായി രേഖപ്പെടുത്തപ്പെടുമ്പോള്‍, ചലച്ചിത്ര ലോകത്ത് കുറ്റാന്വേഷണ രംഗവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ​ പംക്തിയിലൂടെ

കുറ്റകൃത്യങ്ങള്‍  പ്രധാന പ്രമേയമായി  വരുന്ന സിനിമകള്‍ക്ക് പൊതുവായി ഒരു അവതരണ രീതി കാണപ്പെടാറുണ്ട്. Protogonist അഥവാ കഥയിലെ മുഖ്യ കഥാപാത്രത്തിന്റെ വീക്ഷണങ്ങള്‍ ആണ് പൊതുവേ സിനിമയായി അവതരിപ്പിക്കുന്നത്. ഇതില്‍ Protagonist പലപ്പോഴും നന്മയുടെ വക്താക്കളായിരിക്കും. തിന്മയെ അതിജീവിച്ചു നന്മ വിജയിക്കുന്നു എന്ന പ്രതീതി ഉളവാക്കുന്ന ചിത്രങ്ങള്‍.

എന്നാല്‍  ലോകത്തെ തന്റെ  നിശബ്ദ ചിത്രങ്ങളിലൂടെ  ചിരിപ്പിക്കുകയും അത് പോലെ തന്നെ കണ്ണീരിന്റെ നനവോടെ  തന്റെ കാലഘട്ടത്തിലെ സാമൂഹിക  വ്യവസ്ഥ  അവതരിപ്പിക്കുകയും ചെയ്ത ചാര്‍ളി ചാപ്ലിന്‍ എന്ന ഐതിഹാസിക നടന്റെ  ജീവിതത്തിലെ അവസാന അദ്ധ്യായം കുറിച്ചിടുന്ന നാടകീയത നിറഞ്ഞ സംഭവങ്ങള്‍ സിനിമയായി  അവതരിപ്പിക്കപ്പെട്ടപ്പോള്‍ സംഭവിച്ചത്  മറിച്ചാണ്.

La Rancon De La Goire/Price of Fame എന്ന ഫ്രഞ്ച്  ചലച്ചിത്രം അവതരിപ്പിക്കപ്പെടുന്നത്  യഥാര്‍ത്ഥ  സംഭവങ്ങളിലൂടെയാണ്. 1977 ലെ ഒരു  ക്രിസ്മസ് ദിനത്തില്‍  അന്തരിച്ച ചാര്‍ളി ചാപ്ലിന്റെ   മൃതദേഹം മോഷണം പോയതുമായി  ബന്ധപ്പെട്ട സംഭവങ്ങളാണ്  ചിത്രത്തിന്  ആധാരം. പണത്തിനു വേണ്ടി തട്ടിക്കൊണ്ടു പോകുന്നത് പ്രമേയമാക്കി നിരവധി സിനിമകള്‍  പുറത്തിറങ്ങിയിട്ടുണ്ട്.

ജീവനില്ലാത്ത ശരീരം മോഷ്ടിച്ച് കൊണ്ട്  പോയി വില പേശുക എന്ന നാടകീയത ചാര്‍ളി ചാപ്ലിന്റെ  ജീവിതത്തിന്റെ അവസാനം ഉണ്ടായി. ഇവിടെ  കഥ അവതരിപ്പിച്ചിരിക്കുന്നത് കുടിയേറ്റക്കാരായ  എഡി, ഒസ്മാന്‍  എന്നിവരുടെ  വീക്ഷണത്തില്‍ക്കൂടിയാണ്. ഒരു പക്ഷെ ഇത്തരം ഒരു ചിത്രത്തില്‍ Antagonist ആയി  സ്വാഭാവികമായും പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ ഇവരായിരിക്കും. എന്നാല്‍ 2014 ല്‍ ചാപ്ലിന്റെ മകനായ യൂജിന്‍ ചാപ്ലിന്‍ ,കൊച്ചുമകള്‍ ഡോലോരാസ് ചാപ്ലിന്‍ എന്നിവര്‍ ചെറിയ വേഷം അവതരിപ്പിച്ച സേവ്യര്‍ ബ്യോവോയുടെ La Rancon De La Gore എന്ന ഫ്രഞ്ച് സിനിമയില്‍ ആ അവസ്ഥയെ  തമാശയോടൊപ്പം  കലര്‍ത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ് പോലീസിനെ കുഴക്കിയ ഒരു  കേസായിരുന്നു അത്. ചെറുകിട കള്ളന്മാരായ എഡി, ഒസ്മാന്‍ എന്നിവര്‍ അവരുടെ പഴയകാല ജീവിതത്തില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങിയപ്പോളാണ് ഒസ്മാന്റെ ഭാര്യയുടെ ചികിത്സച്ചെലവ്  മുതലുള്ള  കണക്കുകള്‍  അവരുടെ  നിലപാടുകള്‍ മാറ്റിയത്.

ചാപ്ലിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആസ്ഥിയെക്കുറിച്ചുള്ള  വാര്‍ത്തകള്‍  അവരെ വേറെ ഒരു രീതിയില്‍ ചിന്തിക്കാനാണ് പ്രേരിപ്പിച്ചത്. മോഷ്ടിച്ച ശവശരീരവുമായി അവര്‍ ചാപ്ലിന്റെ വിധവ ഊനയോട് നടത്തിയ വില പേശലുകള്‍ക്ക് അവര്‍ വഴങ്ങുന്നില്ല. പോലീസ് ഈ കേസില്‍ ആദ്യം മുതല്‍ താല്‍പ്പര്യത്തോടെ തന്നെ മുന്‍പോട്ടു പോയി. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു.

La Rancon De La Goire/Price of Fame

ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചവര്‍ റോഷി, ബെനോ എന്നീ നടന്‍മാര്‍ ആയിരുന്നു. സ്വാഭാവികമായ തമാശകള്‍ കൂടി ഈ ചിത്രത്തിലുണ്ട്. സാഹചര്യങ്ങളിലൂടെ വഴി മാറി വന്നവയാണ് അവ. ചിത്രത്തില്‍ യഥാര്‍ത്ഥ മോഷ്ടാക്കളുടെ പേര് മാറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

പോളണ്ടുകാരനായ റോമന്‍ വര്‍ദാസ്, ബള്‍ഗേറിയനായ ഗനേവ് എന്നിവര്‍ ആയിരുന്നു യഥാര്‍ത്ഥ പ്രതികള്‍. പോലീസ് അന്വേഷണം പരിചിതമായ സാഹചര്യങ്ങളിലൂടെ അല്ലാത്തതുകൊണ്ടു തന്നെ അത്രയേറെ ഉദ്വേഗജനകമല്ലായിരുന്നു. പതിവ് രീതികളിലൂടെ സഞ്ചരിക്കാന്‍ മാത്രമേ അവര്‍ക്കും സാധിച്ചുള്ളൂ.

ഒരു ക്രൈം ചിത്രം എന്നതിലുപരി ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് അതില്‍ ഉള്‍പ്പെട്ട ആളും അതിലെ 'കൗതുക'കരമായ കുറ്റകൃത്യവുമാണ്. ഒരു പക്ഷെ തന്റെ അഭിനയത്തിലൂടെ ലോകത്തിന് മുന്നില്‍ പ്രശസ്തനായ ഒരാളുടെ അന്ത്യത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ നാടകീയതയായിരുന്നു ഈ ചിത്രം.

'അതെ, ചാപ്ലിന്‍ അഭിനയിക്കുകയായിരുന്നു തന്റെ കല്ലറയില്‍ പോലും.'