Auguste Le Breton എഴുതിയ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രരൂപമാണ് (French/Noir) കുറ്റാന്വേഷണ ചലച്ചിത്രമായ RIFIFI. 'കൊള്ളയടിക്കല്‍' വിഷയമായ ചലച്ചിത്രങ്ങളുടെ തുടക്കമെന്ന് പറയാവുന്ന ഈ ഫ്രഞ്ച് ചിത്രമാണ് ആ ജോണറില്‍ ഉള്ള ചിത്രങ്ങളിലെ ഏറ്റവും മികച്ചതായി നിരൂപകര്‍ കരുതുന്നതും. ഇത്തരം ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഈ കാലത്ത് വലിയ ബജറ്റ് ആവശ്യമായി വരുമ്പോള്‍ RIFIFI നിര്‍മ്മിച്ചത് വളരെക്കുറഞ്ഞ ചെലവിലായിരുന്നു. സംവിധായകനായ ദാസിന്‍ തന്റെ ചലച്ചിത്ര ജീവിതത്തിലെ മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ആണ് ഈ ചിത്രം ഒരുക്കാനായി അവസരം ലഭിക്കുന്നത്.

 Ocean's Eleven പരമ്പര പോലെയുള്ള ചിത്രങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്ത ചിത്രമാണ്.  അതല്ലാതെ  ലോകമാകമാനം കൊള്ളയ്ക്ക് കള്ളന്മാര്‍  ഉപയോഗിക്കുന്ന ഹാന്‍ഡ് ബുക്ക് ആയി ചിത്രത്തെ പലരും കണക്കാക്കുന്നുണ്ട്. വളരെയധികം സൂക്ഷ്മതയോടെ അവതരിപ്പിച്ച ഈ ചിത്രത്തിലെ മോഷണ രംഗം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ആ കാലത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നുവെന്ന് വാദിക്കാമെങ്കിലും അന്നത്തെ പരിമിത സാഹചര്യങ്ങളിലുള്ള സാങ്കേതിക വിദ്യ തങ്ങള്‍ക്കു തകര്‍ക്കാന്‍ കഴിയുമെന്ന് കാണിച്ച ആദ്യ പകുതിയാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. 

ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സ്റ്റെഫാനോസിസ് തന്റെ ജീവിതം തകര്‍ന്നതിന്റെ നിരാശയിലാണ്. മോഷണക്കുറ്റത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അയാള്‍ അതിനൊപ്പം തന്നെ വിട്ടു പോയ കാമുകിയോടുള്ള അമര്‍ഷത്തിലുമാണ്. ഈ സമയമാണ് ജോ. മരിയോ,സെസാര്‍ എന്നിവര്‍ ഒരുക്കുന്ന മോഷണ പദ്ധതിയില്‍ ഒപ്പം ചേരാന്‍ സ്റ്റെഫാനോസിസിനെ ക്ഷണിക്കുന്നത്. ആദ്യം താല്‍പ്പര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞ സ്റ്റെഫാന്‍ പിന്നീട് അവരോടൊപ്പം ചേര്‍ന്നു.

പലതരം വിശകലനങ്ങള്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നടത്തിയാണ് അവര്‍ അസാധ്യമെന്ന് കരുതുന്ന ഒരു മോഷണത്തിന്റെ രൂപരേഖ  തയ്യാറാക്കുന്നത്. ഈ ഭാഗത്തിലുള്ള നിശബ്ദമായ മോഷണ ശ്രമം പ്രേക്ഷകനെ ശരിക്കും ത്രില്‍ അടിപ്പിക്കും. ചെയ്യുന്നത് കൊള്ളയാണെങ്കിലും ആ കഥാപാത്രങ്ങള്‍ അത് നന്നായി ചെയ്യണം എന്ന് ആശിക്കുന്ന അവസ്ഥ.

 എന്നാല്‍ ഒരു Heist ല്‍ മാത്രമായി ചിത്രം ഒതുങ്ങുന്നില്ല. ഒരു കൊള്ളയ്ക്കുമപ്പുറത്തുള്ള ജീവിതങ്ങള്‍ ബാക്കിയുണ്ട്. അതിനെ ഒപ്പം കൂട്ടാന്‍ പിന്നീട് ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ അവരുടെ വേട്ടക്കാരുടെ അടുത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. ചിത്രത്തിന്റെ സുപ്രധാനമായ ഭാഗം ഇതാണെന്ന് പറയാം. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം 1955 ല്‍ ദാസിന്‍ ഈ ചിത്രത്തിലൂടെ കരസ്ഥമാക്കിയിരുന്നു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ക്രൈ ചിത്രങ്ങളിലൊന്ന്.