പൊള്ളലേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചുമാണല്ലോ കഴിഞ്ഞ ലേഖനത്തിലെഴുതിയത്. പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചാകാം ഇത്തവണ. 

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും പ്രമാദമായ കേസുകളിലൊന്നാണ് ചാക്കോ വധക്കേസ്. ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി അവധിക്ക് വന്ന പ്രവാസിയായ സുകുമാരക്കുറുപ്പും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ഫിലിം റപ്രസന്റേറ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം കത്തിച്ചു എന്നതായിരുന്നു കേസ്. ഡി.എന്‍.എ അനാലിസിസ് പോലുള്ള ആധുനിക സൗകര്യങ്ങള്‍ അത്ര പരിചിതമല്ലാതിരുന്ന എണ്‍പതുകളില്‍ നടന്ന ഈ അന്വേഷണം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. മരിച്ചുപോയ ചാക്കോയുടെ തലയോട്ടിയും ഫോട്ടോയും ഉപയോഗിച്ച് സൂപ്പര്‍ ഇമ്പോസിഷന്‍, അസ്ഥികളില്‍ നിന്നും  പാദത്തിന്റെ മോഡല്‍ നിര്‍മിച്ച് താരതമ്യം ചെയ്യുക തുടങ്ങിയ പല സാങ്കേതിക വിദ്യകളും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. 'ഒരു പോലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ ഡോ. ബി. ഉമാദത്തന്‍ ഈ സംഭവങ്ങളെല്ലാം വിശദമായെഴുതിയിട്ടുണ്ട്. അദ്ദേഹമാണ് പോസ്റ്റ് മോര്‍ട്ടം പരിശോധന നടത്തിയതും. 

മരിച്ചയാളെ തിരിച്ചറിയാതിരിക്കാനും ഏതെങ്കിലും രീതിയില്‍ കൊലപ്പെടുത്തിയതിന് ശേഷം തീപ്പൊള്ളലേറ്റ് മരിച്ചതാണെന്ന ധാരണ സൃഷ്ടിക്കാനുമാണ് മരണശേഷം കത്തിക്കുന്നത്. ആള്‍മാറാട്ടം നടത്തുകയും ലക്ഷ്യമാകാമെന്ന് ചാക്കോ വധക്കേസ് നമ്മെ ഓര്‍മിപ്പിക്കുന്നു. 

വിദഗ്ദ്ധമായ പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെ മരണശേഷമാണോ പൊള്ളലേറ്റത് എന്ന് മനസിലാക്കാനാവും. അതെങ്ങനെയെന്ന് വിശദമാക്കുകയാണ് ലേഖനത്തിന്റെ ലക്ഷ്യം. 

ശരീരത്തിലെ പൊള്ളലുകളുടെ പ്രത്യേകതകള്‍ നിരീക്ഷിക്കുക അതിപ്രധാനമാണ്. ജീവനുള്ളപ്പോള്‍ സംഭവിക്കുന്ന പൊള്ളലുകളില്‍ ഉണ്ടാവുന്ന ജൈവ ലക്ഷണങ്ങള്‍ മരിച്ചശേഷം ശരീരം കത്തിച്ചാലുണ്ടാവുകയില്ല. 

ജീവനുള്ളപ്പോള്‍ പൊള്ളലേല്‍ക്കുന്നവരിലെ പൊള്ളലിന്റെ അതിര്‍ത്തിയില്‍ (പൊള്ളലേല്‍ക്കാത്ത ഭാഗവുമായ ചേരുന്ന ത്വക് ഭാഗം) ചുവന്ന മാര്‍ജിന്‍ ഉണ്ടാവും (Zone of hyperemia). മരിച്ചതിന് ശേഷമുണ്ടാകുന്ന പൊള്ളലില്‍ ഇതുണ്ടാവുകയില്ല. 

പൊള്ളലേറ്റ് ഒരു മണിക്കൂറിനകം പൊള്ളലേറ്റ ഭാഗത്ത് കുമിളകള്‍ ഉണ്ടാവും. നിറമില്ലാത്ത ദ്രാവകമാണ് കുമിളകളിലുണ്ടാവുക. ആല്‍ബുമിന്‍, ക്ലോറൈഡ് എന്നിവയാണ് ദ്രാവകത്തില്‍ പ്രധാനമായും കാണപ്പെടുക. മൂന്ന് ദിവസം കഴിയുമ്പോള്‍ ഈ ദ്രാവകം ജെല്ലി രൂപത്തിലാവും. കുമിളകളുടെ അടിഭാഗവും മാര്‍ജിനും ചുവന്ന് കാണപ്പെടും. 

മരണശേഷം ഉണ്ടാവുന്ന പൊള്ളലുകളിലും കുമിളകള്‍ രൂപപ്പെടാം. എന്നാല്‍ ഈ കുമിളകളില്‍ ദ്രാവകത്തേക്കാളേറെ വാതകങ്ങളാവും ഉണ്ടാവുക. മാത്രമല്ല ഇവയുടെ അടിഭാഗത്തും മാര്‍ജിനിലും ജൈവ ലക്ഷണങ്ങളുണ്ടാവില്ല. 

ജീവനോടെയുള്ള പൊള്ളലിന്റെ മാര്‍ജിനില്‍ പല എന്‍സൈമുകളുടെയും അളവുകള്‍ ഉയരും. പൊള്ളലേറ്റ് രണ്ട് മണിക്കൂറാകുമ്പോള്‍ Aminopeptidase, മൂന്ന് മണിക്കൂറാകുമ്പോള്‍ Acid phosphatase, നാല് മണിക്കൂറാകുമ്പോള്‍ Non-specific esterase എന്നീ എണ്‍സൈമുകളെ പരിശോധനയിലൂടെ (Enzyme histochemistry) കണ്ടെത്താനാവും. മരണാനന്തരമുണ്ടാവുന്ന പൊള്ളലുകളില്‍ ഇതുണ്ടാവുകയില്ല. 

ശരീരമാസകലം കത്തിക്കരിഞ്ഞ അവസ്ഥയാണെങ്കില്‍ ഈ വിവരിച്ച ജൈവ ലക്ഷണങ്ങള്‍ കണ്ടെത്താനാവില്ല എന്നറിയാമല്ലോ.

തീപ്പൊള്ളല്‍ ഏറ്റ് മരിക്കുന്ന അവസരത്തില്‍ ശ്വസിക്കുന്ന വായുവില്‍ പുകയും കരിയും ഉണ്ടെന്നറിയാമല്ലോ. ഈ പുകയും കരിയും ഇരയുടെ ശ്വാസകോശത്തിലും ശ്വാസനാളിയിലും എത്തപ്പെടും. ഇവ മൂലം കുറുനാക്ക്, സ്വനപേടകം തുടങ്ങിയവയില്‍ നീര്‍വീക്കവും ഉണ്ടാവാം. പോസ്റ്റ് മോര്‍ട്ടം പരിശോധന നടത്തുമ്പോള്‍ ഇവ കണ്ടെത്താനാവും. മരണാനന്തര ദഹിപ്പിക്കലുകളില്‍ ഇതുണ്ടാവുകയില്ല. 

ജീവനോടെ അഗ്‌നിക്കിരയായ ശരീരത്തിലെ രക്തത്തിന്റെ നിറം പ്രത്യേകതരം ചുവപ്പാണ് (Cherry red). കാര്‍ബോക്‌സി ഹീമോഗ്ലോബിന്റെ സാന്നിധ്യമാണ് ഈ നിറ വ്യത്യാസത്തിന് കാരണം. മരണാനന്തരം അഗ്‌നിക്കിരയായ ശരീരത്തിലെ രക്തത്തില്‍ ഈ നിറവ്യത്യാസം ഉണ്ടാവുകയില്ല.

ചില പോസ്റ്റ് മോര്‍ട്ടം പരിശോധനകളില്‍ ആമാശയത്തില്‍ നിന്നും മണ്ണെണ്ണയുടെയോ പെട്രോളിന്റെയോ അംശം ലഭിക്കാറുണ്ട്. ശരീരത്തിലൊഴിക്കുന്ന ഇന്ധനം വെപ്രാളത്തില്‍ കുടിക്കുന്നതിനാല്‍ സംഭവിക്കുന്നതാണിത്. ആമാശയത്തിലും അന്നനാളത്തിലും കരി കാണാനുള്ള സാധ്യതകളുമുണ്ട്. മരണ വെപ്രാളത്തില്‍ പുകയും കരിയും വിഴുങ്ങുന്നതാണിതിന് കാരണം. മരണാനന്തര ദഹപ്പിക്കലുകളില്‍ ഇതും ഉണ്ടാവില്ല. 

ഇവ കൂടാതെ ശ്വാസകോശത്തിലും മസ്തിഷ്‌കത്തിലും വൃക്കകളിലും പല വ്യത്യാസങ്ങളുമുണ്ട്, ജീവനോടെയുള്ള പൊള്ളലേല്‍ക്കുമ്പോള്‍. ആന്തരാവയവങ്ങളുടെ Histopathology പരിശോധനയിലൂടെ ഇവയും തിരിച്ചറിയാനാകുന്നതാണ്. 

കൊലപാതകത്തിന് ശേഷം കത്തിച്ച ശരീരത്തില്‍ നിന്നും മരണ കാരണം കൂടി കണ്ടുപിടിക്കേണ്ടതുണ്ട്. ശരീരത്തില്‍ ഏറ്റ മുറിവുകളോ, കഴുത്തിലേറ്റ പരിക്കുകളോ, ശരീരത്തില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തുകയോ, തുടങ്ങി പലതും കണ്ടെത്താനാവും.

(കോട്ടയം മെഡിക്കല്‍ കോളേജ്​ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അധ്യാപകനാണ്​ ലേഖകന്‍)