രണ്ട് സംഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വിനോദിന്റെ മരണത്തില്‍ നിന്നു തുടങ്ങാം. അമ്മ മാത്രമുള്ള വിനോദ് 'തൂങ്ങി മരിച്ചെന്ന് സംശയിക്കുന്നു ' എന്നാണ് ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനക്കായി വിരല്‍ നഖങ്ങളും രക്തവും ശേഖരിച്ചു നല്‍കണം എന്നും എഴുതിയിട്ടുണ്ട്. കഴുത്തിന് ചുറ്റുമുണ്ടായ ബലപ്രയോഗമാണ് മരണ കാരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. 

ഒരു സമ്പന്ന കുടുംബത്തിലെ മധ്യവയസ്‌കനായ ഗൃഹനാഥന്‍ കട്ടിലില്‍ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു എന്നതായിരുന്നു അടുത്ത കേസ്. ഏതോ അസുഖം മൂലമാകാം മരണം എന്നായിരുന്നു ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ് മോര്‍ട്ടം പരിശോധനക്ക് ശേഷം ക്രൈം സീന്‍ സന്ദര്‍ശിച്ച ശേഷമാണ് മരണകാരണം വ്യക്തമായത്. ഹാങ്ങിങ് (തൂങ്ങിമരണം) ആണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. 

Medico-legal
Execution of German war criminal

Hanging

നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമാണ് ഹാങ്ങിങ് അഥവാ തൂങ്ങിമരണം. കയറോ മറ്റു വള്ളികള്‍ കൊണ്ടോ കഴുത്തില്‍ കുരുക്കിട്ട് ശരീരം തൂങ്ങി നിന്നു കൊണ്ടുണ്ടാകുന്ന മരണമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന്റെ ഭാരമാണ് കുറുക്കു മുറുക്കാനാവശ്യമായ ബലം നല്‍കുന്നത്.

ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന കുഴലായ ശ്വാസനാളിയിലുണ്ടാവുന്ന (Trachea) തടസം, തലയില്‍ നിന്നും ഹൃദയത്തിലേക്ക് രക്തം ഒഴുകുന്ന ജുഗുലാര്‍ സിരയിലുണ്ടാകുന്ന (Jugular vein) തടസം, ഹൃദയത്തില്‍ നിന്നും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന കരോട്ടിഡ് ധമനികളില്‍ (Carotid artery) ഉണ്ടാവുന്ന തടസം, കഴുത്തിലെ കശേരുക്കള്‍ക്കുണ്ടാവുന്ന (Cervical vertebrae) ക്ഷതം, വാഗല്‍ ബ്ലോക്ക് (Vagal inhibition) എന്നിവയാണ് പ്രധാന കാരണങ്ങള്‍. ആദ്യത്തെ രണ്ട് കാരണങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിച്ചാണ് ഒട്ടുമിക്ക തൂങ്ങിമരണങ്ങളും സംഭവിക്കുന്നത്. 

ജുഗുലാര്‍ സിരയില്‍ തടസം സൃഷ്ടിക്കാന്‍ നാല് കിലോയില്‍ താഴെ മാത്രം ഭാരം മതിയാകും. അതുപോലെ ശ്വാസനാളിയില്‍ തടസം സൃഷ്ടിക്കാന്‍ 15 കിലോ ഭാരം മതിയാവും. അതായത് ശരീരത്തിന്റെ ഭാരം മുഴുവന്‍ ആവശ്യമില്ല തൂങ്ങിമരണം സംഭവിക്കാന്‍ എന്ന് ചുരുക്കം. ശരീര ഭാഗങ്ങള്‍ ഭാഗികമായി തറയില്‍ സ്പര്‍ശിച്ചാലും തൂങ്ങിമരണം സാധ്യമാകും. തൂങ്ങാനുപയോഗിക്കുന്ന കുരുക്കില്‍ കെട്ടിന്റെ സ്ഥാനത്തിലുള്ള പ്രത്യേകത കാരണം കഴുത്തിലെ കശേരുക്കളിലുണ്ടാവുന്ന ക്ഷതം മൂലമാണ് ജുഡീഷ്യല്‍ ഹാങ്ങിങ്ങില്‍ മരണം സംഭവിക്കുന്നത്. ചെവിയില്‍ മൂളല്‍ ശബ്ദം, കാഴ്ച മങ്ങുക, മനോവിഭ്രമം, അബോധാവസ്ഥ, അപസ്മാരം എന്നിവയാണ് ലക്ഷണങ്ങള്‍. 

പോസ്റ്റ് മോര്‍ട്ടം പരിശോധനയിലെ പ്രധാന കണ്ടെത്തലുകള്‍

കഴുത്തിലെ പാട് (Ligature mark) ഒരു പ്രധാന കണ്ടെത്തലാണ്. കഴുത്തിനെ ചുറ്റിയ വസ്തുകൊണ്ടുണ്ടാവുന്ന ഉരസല്‍ മൂലമാണ് ഈ പാട് (Pressure abrasion). വീതികൂടിയ തുണി പോലുള്ള വസ്തുക്കള്‍ കൊണ്ടുള്ള പാടുകള്‍ വളരെ സ്പഷ്ടമായിരിക്കണം എന്നില്ല. എന്നാല്‍ വീതികുറഞ്ഞതും കയറുകൊണ്ടുള്ളതുമായ പാടുകള്‍ കൂടുതല്‍ വ്യക്തമായിരിക്കും. കൂടുതല്‍ സമയം തൂങ്ങി നില്‍ക്കുകയാണെങ്കില്‍ ശരീരഭാരം നിമിത്തം കുഴിവ് ഉണ്ടാവാനും ആ കുഴിവിനുള്ളില്‍ കയറിന്റെ മുദ്ര (Patterned abrasion) കാണാനും സാധിക്കും. തൂങ്ങിമരണങ്ങളിലെ കഴുത്തിലെ പാട് സാധാരണ ചെരിഞ്ഞതായിരിക്കും (Oblique), മാത്രമല്ല അത് സാധാരണ തൈറോയ്ഡ് ഗ്രന്ഥിയുടെ (Thyroid gland) മേല്‍ഭാഗത്തായിരിക്കും. സാധാരണയായി ഏറ്റവും കൂടുതല്‍ കാണുന്ന കെട്ട് കൂനാംകുരുക്കാണ് (Slip knot). 

സാധാരണയായി മുഖം രക്തമയമാര്‍ന്ന (Congested) ഇരുണ്ട നിറത്തിലോ നീലനിറം പോലെയോ കാണപ്പെടും. കെട്ടിന്റെ എതിര്‍വശത്തേക്കായി തല ചെരിഞ്ഞിരിക്കും. ചിലപ്പോള്‍ കഴുത്തിലെ വള്ളി ഉമിനീര്‍ ഗ്രന്ഥിയില്‍ മര്‍ദ്ദം ഏല്‍പ്പിക്കുവാന്‍ സാധ്യതയുണ്ട്. അങ്ങിനെയുള്ള അവസരങ്ങളില്‍ കെട്ടിന് എതിര്‍ഭാഗത്ത് വായില്‍ നിന്നും ഉമിനീര്‍ ഒലിച്ചിറങ്ങിയ പാടുണ്ടാകാന്‍ (Salivary dribble mark) സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ നാക്ക് പുറത്തേക്കു തള്ളി കാണപ്പെടാം. കഴുത്തിലെ സിമ്പതെറ്റിക് ഗാംഗ്ലിയയില്‍ കെട്ട് അമര്‍ന്നിരിക്കുകയാണെങ്കില്‍ ആ വശത്തെ കണ്ണ് തുറന്നിരിക്കുകയും കൃഷ്ണമണി വികസിച്ചിരിക്കുകയും ചെയ്യും (Le Facie Sympathique). ആന്തരാവയവങ്ങളെല്ലാം രക്തമയമാര്‍ന്ന നിറത്തിലാണ് കാണപ്പെടാറ്.

കഴുത്തിന് കീഴ്ഭാഗം മുതല്‍ നെഞ്ചും ഉദരവും തുറന്ന് ആന്തരാവയവങ്ങള്‍  പുറത്തെടുത്ത് പരിശോധന നടത്തുകയും തലയോട്ടി തുറന്ന് മസ്തിഷ്‌കം പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് കഴുത്ത് പരിശോധിക്കുക. മുന്‍ഭാഗം ത്വക്ക് മുതല്‍ പാളികളായി (Flap dissection of neck) പരിശോധന നടത്തുന്നു. കഴുത്തിലെ നാടപോലുള്ള മാംസപേശികള്‍ (tSrap muscles of neck) ഓരോന്നും പരിശോധിക്കുന്നു, ഓരോന്നിലും ചതവുകളോ പരിക്കുകളോ ഉണ്ടോ എന്നതാണ് ഏറ്റവും ശ്രദ്ധിക്കുക. അതിന് ശേഷം തൈറോയ്ഡ് ഗ്രന്ഥിയും (Thyroid gland) തരുണാസ്ഥിയും (Thyroid cartilage) ഹായോയ്ഡ് അസ്ഥിയും (Hyoid bone) പരിശോധിക്കുന്നു. കരോട്ടിഡ് ധമനിയില്‍ തിരശ്ചീനമായ വിള്ളല്‍ ഉണ്ടോ എന്നും പരിശോധിക്കുന്നു. 

സാധാരണ തൂങ്ങി മരണങ്ങളില്‍ കഴുത്തിലെ പാടിന് കീഴിലായി വിളറി വെളുത്താണ് കാണപ്പെടുക. ചിലപ്പോഴൊക്കെ മാംസപേശികളുടെ തുടക്കഭാഗത്ത് രക്തം പറ്റിപ്പിടിച്ചു കാണപ്പെടാം. ഹായോയ്ഡ് അസ്ഥിയില്‍ പൊട്ടലുകള്‍ ഉണ്ടാകുന്നതും അത്ര വിരളമല്ല. എന്നാല്‍ തൈറോയ്ഡ് തരുണാസ്ഥിയില്‍ പൊട്ടലുകള്‍ വളരെ അസാധാരണമാണ്.

ആത്മഹത്യ (Suicidal hanging), അപകടങ്ങള്‍ മൂലമുള്ള ഹാങ്ങിങ് (Accidental hanging), കൊലപാതകം (Homicidal hanging) , കോടതിയുത്തരവ് പ്രകാരം തൂക്കിക്കൊല്ലുക (Judicial hanging), ലൈംഗിക സുഖം ലഭിക്കാനായി കഴുത്ത് മുറുകുമ്പോള്‍ മരണപ്പെടുക (Autoerotic hanging) എന്നിങ്ങനെ പലരീതിയില്‍ തൂങ്ങിമരണം സംഭവിക്കാം. അതീവ സൂക്ഷ്മതയുള്ള പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെ ഇത് വ്യക്തമാകുന്നതാണ്. എങ്കിലും ചിലപ്പോഴൊക്കെ ക്രൈം സീന്‍ സന്ദര്‍ശിക്കേണ്ടിവരാറുമുണ്ട്.

Strangulation

ഹാങ്ങിങ്ങില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കഴുത്തില്‍ മര്‍ദ്ദം ചെലുത്തി കൊലപാതകം നടത്തുമ്പോള്‍ ലഭിക്കുന്ന പോസ്റ്റ് മോര്‍ട്ടം കണ്ടെത്തലുകള്‍. കയറോ അതുപോലുള്ള ഏതെങ്കിലും വള്ളികള്‍ ഉപയോഗിച്ചു വലിച്ചുമുറുക്കിയോ, കൈപ്പത്തി ബലമായമര്‍ത്തിയോ ആണ് സാധാരണ ഇത്തരം കൊലപാതകങ്ങള്‍ നടത്താറ്. കഴുത്തിന്റെ പുറം പരിശോധയില്‍ നിന്ന് തന്നെ തൂങ്ങിമരണവുമായുള്ള വ്യത്യാസങ്ങള്‍ ആരംഭിക്കും. കയറോ വള്ളികളോ മുറുക്കിയുള്ള കൊലപാതകമാണെങ്കില്‍ കഴുത്തിലെ പാട് തിരശ്ചീനമായാവും (Horizontal) കാണപ്പെടുക. കഴുത്തിന് ചുറ്റും കാണപ്പെടണം എന്ന് നിര്‍ബന്ധമില്ല. 

പാടിനോടൊപ്പം ഇടവിട്ട് ചതവുകളും (Contusion) ഉണ്ടാവാന്‍ സാധ്യതയുണ്ട്. ശ്വാസം മുട്ടല്‍ മൂലമുള്ള വ്യത്യാസങ്ങള്‍ കുറച്ചുകൂടെ തീവ്രമായിരിക്കും ഇത്തരം കേസുകളില്‍. കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചര്‍മ്മപാളിയില്‍ രക്തസ്രാവം കാണാന്‍ സാധ്യതയുണ്ട്, മുഖത്ത് ചെറിയ പൊട്ടുകളായി രക്തസ്രാവം ഉണ്ടാവാം, ചെവിയില്‍ നിന്നും മൂക്കുകളില്‍ നിന്നും രക്തസ്രാവം ഉണ്ടാവുന്നതും വിരളമല്ല.

പാടിന് കീഴിലായി കഴുത്തിനുള്ളിലെ മാംസപേശികളില്‍ ചതവുകളുണ്ടാവാന്‍ സാധ്യതയുണ്ട്. ഹായോയ്ഡ് അസ്ഥിക്ക് പൊട്ടലുണ്ടാവാന്‍ സാധ്യത കുറവാണ്. എന്നാല്‍ തൈറോയ്ഡ് തരുണാസ്ഥിക്ക് പൊട്ടലുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ആന്തരാവയവങ്ങളിലെല്ലാം ശ്വാസം മുട്ടലിന്റെ ലക്ഷണങ്ങള്‍ തീവ്രമായിരിക്കും. മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബലപ്രയോഗം നടത്തിയതിന്റെ പരിക്കുകളും ലഭിക്കാവുന്നതാണ്.

hanging
Illustration of auto-erotic hanging

കൈപ്പത്തി ഉപയോഗിച്ച് കഴുത്തില്‍ ബലപ്രയോഗം നടത്തി കൊന്നതാണെങ്കില്‍ നഖത്തിന്റെ പാടുകള്‍ കഴുത്തിന് പുറമെ നിന്നും ലഭിക്കുവാന്‍ സാധ്യതയേറെയാണ്. മാത്രമല്ല കഴുത്തില്‍ അവിടവിടെയായി വിരലുകള്‍ അമര്‍ന്നതിന്റെ ചതവുകളും ഉണ്ടായിരിക്കും. അതിന് കീഴിലുള്ള മാംസപേശികളിലും ചതവുകളുണ്ടാവാം. ഹായോയ്ഡ് അസ്ഥിക്ക് പൊട്ടലുണ്ടാവാനുള്ള സാധ്യത വളരെയേറെയാണ്. തൈറോയ്ഡ് തരുണാസ്ഥിയിലും പൊട്ടലുണ്ടാവാം. ആന്തരാവയവങ്ങളിലെല്ലാം ശ്വാസം മുട്ടലിന്റെ ലക്ഷണങ്ങള്‍ തീവ്രമായിരിക്കും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബലപ്രയോഗം നടത്തിയതിന്റെ പരിക്കുകളും ലഭിക്കാവുന്നതാണ്.

ഇങ്ങനെ നിരവധി കണ്ടെത്തലുകള്‍ താരതമ്യം ചെയ്താണ് പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെ മരണ കാരണം നിശ്ചയിക്കുന്നത്. ചിലപ്പോഴെങ്കിലും ഓരോന്നിന്റെയും എല്ലാ ലക്ഷണങ്ങളും പരിശോധനയിലൂടെ ലഭിക്കണമെന്നില്ല.

ഇനി ആദ്യത്തെ കഥയിലേക്ക് വരാം. വിനോദിന്റെ കഴുത്തില്‍ പാടുണ്ട്, പക്ഷേ തിരശ്ചീനമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ നേര്‍ മുകളിലായാണ് പാട്. കഴുത്തിന് മുന്‍ഭാഗത്ത് മാത്രമേ പാടുള്ളൂ. കഴുത്തിലെ മാസപേശികളില്‍ ചതവുകളും ഉണ്ടായിരുന്നു. തലേന്നാള്‍ കൂടെ മദ്യപിച്ച ആള്‍, പഴയ വൈരാഗ്യം മൂലം വീട്ടിലെത്തിച്ച സമയം കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതിന് ശേഷം കെട്ടില്‍തൂക്കിയതാണെന്ന് പിന്നീട് കണ്ടെത്തി.

രണ്ടാമത്തെ സംഭവത്തില്‍ കഴുത്തില്‍ മങ്ങിയ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഞ്ചും ഉദരവും മസ്തിഷ്‌കവും പരിശോധിച്ചതിന് ശേഷം കഴുത്ത് രണ്ടാമത് പരിശോധിച്ചപ്പോള്‍ മാത്രമാണ് പാട് വ്യക്തമായി കാണാനായത്. കഴുത്തിലെ കണ്ടെത്തലുകളെല്ലാം ഹാങ്ങിങ്ങിനോട് യോജിച്ചു നില്‍ക്കുന്നവ. ക്രൈം സീന്‍ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനായി. തൂങ്ങാനുപയോഗിച്ച മുണ്ട് മുറിയിലെ കട്ടിലിനടിയില്‍ നിന്നും ലഭിച്ചു. കുറെ നാളായി വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു ആള്‍. ആത്മഹത്യ ചെയ്തു എന്ന് പുറത്തറിഞ്ഞാല്‍ അപമാനമാണെന്ന് കരുതി മറച്ചുവെച്ചതാണ്.


(വ്യക്തികളുടെ പേരുകള്‍ യാഥാര്‍ത്ഥമല്ല, തിരിച്ചറിയാതിരിക്കാനായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.)

 

(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ലക്ചര്‍ ആണ് ലേഖകന്‍)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ. )