കുറ്റാന്വേഷണത്തിന് വേണ്ടി വൈദ്യശാസ്ത്ര തത്വങ്ങളെ പ്രയോജനപ്പെടുത്തുന്ന വിഭാഗമാണല്ലോ ഫൊറന്‍സിക് മെഡിസിന്. അതിനാല്‍ തന്നെ പല ചരിത്ര വസ്തുതകളുമായും കഥകളുമായും മിത്തുകളുമായും ബന്ധപ്പെട്ടിരിക്കുന്നു ഈ വിഭാഗത്തിന്റെ ചരിത്രം.
പോസ്റ്റ്മോര്‍ട്ടം പരിശോധനകളിലൂടെ മരണകാരണം കണ്ടെത്തുക, വൈദ്യവൃത്തിയില്‍ നൈതിക നിലവാരം ഉറപ്പുവരുത്തുക എന്നതൊക്കെ ഫൊറന്‍സിക് മെഡിസിന് വിഭാഗത്തിന്റെ പ്രധാന ചുമതലകളാണ് എന്നറിയാമല്ലോ.
ബിസിഇ 2200 കാലഘട്ടത്തില്‍ ബാബിലോണ്‍ ഭരിച്ചിരുന്ന രാജാവായ ഹമുറാബിയുടെ കാലത്താണ് ആദ്യമായി മെഡിക്കോലീഗല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു നിയമസംഹിത എഴുതപ്പെട്ടത്. ഡോക്ടറുടെ ചുമതലകളെ കുറിച്ചുള്ള നിര്‍വചനവും രോഗികളെ ചികിത്സിക്കുന്നതില്‍ വീഴ്ച്ചയുണ്ടായാല്‍ ഡോക്ടര്‍ക്കെതിരെ സ്വീകരിക്കേണ്ട ശിക്ഷാ നടപടികളെക്കുറിച്ചുമൊക്കെ ഹമുറാബിയുടെ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുപോലെ പുരാതന നാഗരിക സംസ്കാരങ്ങളില്‍ പലയിടങ്ങളിലും വൈദ്യവൃത്തിയെ കുറിച്ചും ചികിത്സകന്റെ കടമകളെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. പുരാതന ഇന്ത്യയില്‍ വേദങ്ങളിലും സ്മൃതികളിലും മെഡിക്കോ ലീഗല്‍ തത്ത്വങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിസിഇ 460 - 350 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന അരിസ്റ്റോട്ടിലും മുറിവുകളുമായി ബന്ധപ്പെട്ട മെഡിക്കോലീഗല്‍ വിഷയങ്ങളും വൈദ്യവൃത്തിയിലെ നൈതികതയും അവതരിപ്പിച്ചിരുന്നു.
മരണകാരണം എന്തെന്ന് വ്യക്തമാക്കാനാവശ്യമായ പരിശോധനകളോ അറിവുകളോ അന്നുണ്ടായിരുന്നില്ലെന്ന് അറിയാമല്ലോ. ബിസിഇ 44-ല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസറുടെ മൃതദേഹ പരിശോധന നടത്തിയത് ഫിസിഷ്യനായ ആന്റിസ്റ്റീഷ്യസ് ആയിരുന്നു.
ശരീരത്തില്‍ 23 മുറിവുകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും വാരിയെല്ലുകള്‍ക്കിടയിലൂടെ കടന്നുപോയ മുറിവ് കാരണമാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം ബാഹ്യ പരിശോധനകളിലൂടെ അഭിപ്രായപ്പെട്ടു.
മധ്യ-ആധുനിക കാലഘട്ടങ്ങളില്‍ ശാസ്ത്രത്തിനുണ്ടായ പൊതുവായ വളര്‍ച്ചകള്‍ ഫൊറന്‍സിക് മെഡിസിനിലും ഉണ്ടായി. പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കൂടുതലായി ചെയ്യുവാനും കൂടുതല്‍ കൃത്യമായി മരണകാരണം കണ്ടുപിടിക്കാനും തുടങ്ങി.
എഡിഇ 1302-ല്‍ ഇറ്റലിയിലാണ് നമ്മള് ഇന്ന് ചെയ്യുന്നതുപോലെയുള്ള ബാഹ്യ-ആന്തര പരിശോധനകള്‍ കൂടിച്ചേര്‍ന്ന പോസ്റ്റ്മോര്‍ട്ടം പരിശോധന നടന്നത്. 1556-ല്‍ ചെക്ക് റിപ്പബ്ലിക്കിലെ ബൊഹീമിയയില്‍ ആണ് ആദ്യമായി മറവുചെയ്യപ്പെട്ട മൃതശരീരം പുറത്തെടുത്ത് (Exhumation) പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയത്.
17-18 നൂറ്റാണ്ടുകളിലായി നിരവധി പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്തിയ ഇറ്റാലിയന്‍ അനാട്ടമിസ്റ്റായിരുന്ന ജിയോവാനി മോര്ഗാഗ്നിയും രക്തത്തില്‍ നിന്നും ആഴ്സെനിക്ക് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന മാര്‍ഷ് ടെസ്റ്റ് കണ്ടുപിടിച്ച ഫ്രഞ്ച് രസതന്ത്രജ്ഞനായിരുന്ന മാത്യു ഓര്ഫിലയും ജര്‍മന്‍ ഡോക്ടറായിരുന്ന ജൊഹാന്‍ ലുഡ്വിഗ് കാസ്പെറും ഇറ്റാലിയന്‍ സര്ജന് ആയിരുന്ന പോളോ സാക്കിയസും ഫൊറന്‍സിക് മെഡിസിന് വളരെയധികം സംഭാവനകള്‍ നല്കി.
19-20 നൂറ്റാണ്ടുകളിലായി നാം ഇന്നു കാണുന്ന തരത്തിലുള്ള നിരവധി പഠനങ്ങള്‍ നടക്കുകയും പല നൂതന സാങ്കേതികവിദ്യകളും പോസ്റ്റ്മോര്‍ട്ടം പരിശോധനയിലും കുറ്റാന്വേഷണത്തിലും ഉപയോഗിക്കപ്പെടുകയുമുണ്ടായി.
ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥനും ബിയോമെട്രിക് വിദഗ്ദ്ധനയുമായ അല്‍ഫോണ്‍സ് ബെര്ട്ടില്ലണ് ശരീരത്തിന്റെ അളവുകളില്‍ നിന്നും വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആന്ത്രോപോമെട്രി (Anthropometry) കണ്ടുപിടിച്ചു.
സര് വില്യം ഹെര്‍ഷെല്‍, ഡോ. ഹെന്റി ഫോള്ഡ്സ് എന്നിവരുടെ പഠനങ്ങളുടെ തുടര്‍ച്ചയായി ഫ്രാന്‍സിസ് ഗാല്‍ട്ടന്‍ 1892-ല്‍ ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ രീതി കണ്ടുപിടിച്ചു. തുടര്‍ന്ന് 1897-ല്‍ കൊല്‍ക്കത്തയില്‍ ആദ്യത്തെ ഫിംഗര്‍പ്രിന്റ് ബ്യൂറോ ആരംഭിച്ചു.
ഫ്രാന്‍സിലെ ഷെര്‍ലക് ഹോംസ് എന്ന് വിളിക്കപ്പെട്ട ശാസ്ത്രജ്ഞനായ ഡോ. എഡ്മണ്ട് ലൊക്കാര്‍ഡ് കുറ്റാന്വേഷണ ശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തമായ എക്സ്ചേഞ്ച് പ്രിന്‍സിപ്പിള്‍ അവതരിപ്പിച്ചു. രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിച്ചാല്‍, അതിനൊരടയാളം ഉണ്ടായിരിക്കുമെന്നതാണ് ഈ സിദ്ധാന്തം.
ഈ സിദ്ധാന്തപ്രകാരം കൊലപാതകകേസുകളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ നിന്നും തെളിവുകള്‍/അടയാളങ്ങള്‍ ശേഖരിക്കുവാനാരംഭിച്ചു. ഇങ്ങനെ ലഭിക്കുന്ന അടയാളങ്ങളിലൂടെ കുറ്റവാളിയിലേക്കെത്തുവാനും എളുപ്പമായിത്തുടങ്ങി.
പലപ്പോഴും മൃതശരീരത്തില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകളില്‍ നിന്നും കുറ്റവാളിയുടെ DNA വേര്‍തിരിക്കാന്‍ സാധിക്കും. ബ്രിട്ടീഷ് ജനിതക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ അലെക് ജെഫ്റി 1985-ല്‍ ആണ് DNA ഫിംഗര്‍ പ്രിന്റിങ് സാങ്കേതികവിദ്യ കണ്ടുപിടിച്ചത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും കുറ്റവാളികളെ കണ്ടെത്താനും ഇത്രയും സഹായിക്കുന്ന മറ്റൊരു സാങ്കേതികവിദ്യ ഇല്ല എന്നുതന്നെ പറയാം.
വിശദമായ ബാഹ്യപരിശോധനയും ശരീരം തുറന്ന് ആന്തര പരിശോധനയും നടത്തുകയാണ് നിലവില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ചെയ്യുന്നത്. എന്നാല്‍ ആധുനിക ഇമേജിങ് സാങ്കേതിക വിദ്യകളായ CT, MRI തുടങ്ങിയവ ഉപയോഗിച്ചു മൃതശരീരങ്ങള്‍ തുറക്കാതെ ശരീരത്തിനകത്തെ പരിക്കുകളും അസുഖങ്ങളും കണ്ടുപിടിക്കുന്ന സാങ്കേതികവിദ്യയാണ് വിര്‍ട്ടോപ്സി (Virtopsy).
ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് സംബന്ധമായ പഠനങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യയിലും അധികം വൈകാതെ ഈ സാങ്കേതികവിദ്യ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
അടുത്തഭാഗം: പോസ്റ്റ്മോര്‍ട്ടം പരിശോധന-ഒരവലോകനം
(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന് വിഭാഗത്തില്‍ ലക്ചര്‍ ആണ് ലേഖകന്‍)