forensic new
ബര്‍ക്കിന്റെ അസ്ഥിക്കൂടം

ശ്വാസതടസം മൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ചാണല്ലോ നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്ന 'Burking' കൊലപാതക രീതിയെക്കുറിച്ചുള്ള ഒരു കഥയാവാം ഇത്തവണ. കേരളത്തിലോ ഇന്ത്യയിലോ ഈ രീതി അവംലംബിച്ച് ഒരു കൊലപാതക പരമ്പര ഉണ്ടായതായി അറിവില്ല. വര്‍ത്തമാന കാലഘട്ടത്തില്‍ അത്ര പ്രസക്തമല്ലെങ്കിലും ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരും കുറ്റാന്വേഷണ ചരിത്രം പിന്തുടരുന്നവരും അറിഞ്ഞിരിക്കേണ്ടതാണ് സംഭവം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വൈദ്യശാസ്ത്ര-ശരീരഘടനാ ശാസ്ത്ര (Anatomy) പഠനങ്ങളൊക്കെ ശൈശവാവസ്ഥയിലാണ് അന്ന്. ലഭ്യമായ മൃതശരീരങ്ങള്‍ ശാസ്ത്രീയമായി കീറിമുറിച്ചാണ് (Anatomical dissection) അനാട്ടമി പഠനം നടത്തിയിരുന്നത്, ഇന്നും അത് തന്നെയാണ് പിന്തുടരുന്നതും. സ്‌കോട്ട്‌ലൻഡിലെ എഡിന്‍ബര്‍ഗായിരുന്നു അനാട്ടമി പഠനത്തിന്റെ പ്രധാന കേന്ദ്രം. ആത്മഹത്യ ചെയ്തവരുടെയും ജയിലില്‍ മരിച്ചവരുടെയും അനാഥരുടെയും മൃതശരീരം മാത്രമേ സ്‌കോട്ടിഷ് നിയമപ്രകാരം അനാട്ടമി പഠനത്തിനായി ഉപയോഗിക്കാനാവുമായിരുന്നുള്ളു.

Robert knox
ഡോ. റോബർട്ട് നോക്സ്

മൃതദേഹങ്ങളുടെ ലഭ്യതക്കുറവ് അന്നൊക്കെ പഠനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ടായിരുന്നു. മരണപ്പെട്ട് സംസ്‌കരിച്ച ദിവസം തന്നെ മൃതശരീരം ശ്മശാനങ്ങളില്‍ നിന്നും കുഴിച്ചെടുത്ത് അനാട്ടമി പഠനത്തിനായി ഉപയോഗിക്കുകയെന്ന കുറുക്കുവഴിയും കണ്ടുപിടിച്ചിരുന്നു. 

Dr. Robert Knox ആയിരുന്നു പ്രമുഖനായ അനാട്ടമി അദ്ധ്യാപകന്‍. വില്യം ബര്‍ക്കും (William Burke) വില്യം ഹെയറും (William Hare) ആയിരുന്നു ഡോക്ടര്‍ക്ക് പഠനത്തിനായി മൃതശരീരങ്ങള്‍ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നത്. എവിടുന്നെന്നോ എങ്ങനെ മരിച്ചെന്നോ ചോദിക്കാതെ അവര്‍ക്ക് മികച്ച പ്രതിഫലവും നല്‍കിയിരുന്നു. മൃതശരീരങ്ങള്‍ ലഭിക്കാന്‍ അവര്‍ വളരെ വ്യത്യസ്തമായ മറ്റൊരു മാര്‍ഗം ആയിരുന്നു അവലംബിച്ചത്. യാചകര്‍, നാടോടികള്‍, അനാഥര്‍ തുടങ്ങിയവരെ കൊലപ്പെടുത്തുക എന്നതായിരുന്നു അവരുടെ രീതി. ഭക്ഷണവും മദ്യവും നല്‍കാം എന്ന് പ്രലോഭിപ്പിച്ചു ഓരോരുത്തരെ വീട്ടിലെത്തിക്കുകയും അവര്‍ക്ക് നന്നായി മദ്യം നല്‍കുകയും ചെയ്യും. നന്നായി ലഹരിക്കടിമപ്പെടുമ്പോള്‍ ഹെയര്‍ അവരെ ബലം പ്രയോഗിച്ചു നിലത്തുകിടത്തുകയും വായും മൂക്കും അമര്‍ത്തി ശ്വാസം മുട്ടിക്കുകയും ചെയ്യും. 

അതെസമയം ബര്‍ക്ക് ഇരയുടെ നെഞ്ചില്‍ കയറി ഇരുന്ന് ബലം പ്രയോഗിക്കുകയും ചെയ്യും. Smothering, traumatic asphyxia എന്നീ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മദ്യലഹരിയിലായ നിരപരാധികളായ ഇരകള്‍ കൊല്ലപ്പെടുന്നത്.

16 കൊലകളാണ് ഇതേരീതിയില്‍ അവര്‍ നടത്തിയത്. 1828 ഒക്ടോബര്‍ 31-നാണ് അവസാനമായി അവര്‍ കൊല നടത്തിയത്. ഈ കേസില്‍ ഇരുവരും കൂടെ ഡോക്ടറും അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റവാളി ആണെന്ന് തെളിഞ്ഞതിനാല്‍ ബര്‍ക്കിനെ 1829 ജനുവരി 28 -ന് പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. 'Burke's the butcher, Hare's the thief, Knox the boy that buys the beef.' എന്നവസാനിക്കുന്ന ഒരു കവിത പോലും ഇതിനോടനുബന്ധിച്ചു രൂപപ്പെടുകയുണ്ടായി. ഈ രീതിയിലുള്ള കൊലപാതകങ്ങള്‍ക്ക് ബര്‍ക്കിങ് എന്ന പേര് വരെ ലഭിച്ചു. 

burking
ബര്‍ക്കിന്റെ പരസ്യമായ വധശിക്ഷയുടെ ചിത്രീകരണം

Smothering, traumatic asphyxia എന്നീ രണ്ട് വാക്കുകള്‍ പരിചയപ്പെടുത്താന്‍ കൂടി വേണ്ടിയാണ് ഈ സംഭവം വിവരിച്ചത്. 

Smothering: മൂക്കും വായും ബലമായി അടക്കപ്പെടുന്നതിനാല്‍ ശ്വാസം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടാകുന്നതാണിത്.. ഇങ്ങനെയുള്ള കൊലപാതകങ്ങള്‍ അത്ര വിരളമല്ല, കുട്ടികളില്‍ ആകസ്മികമായ അപകടങ്ങളിലൂടെയും ഇത് സംഭവിക്കാം. എന്നാല്‍ ഈ രീതിയില്‍ ആത്മഹത്യ ചെയ്യുക ഒട്ടും എളുപ്പമല്ല. ശാസ്ത്രീയമായ പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെ മരണകാരണം മനസിലാക്കാവുന്നതാണ്. 

Traumatic asphyxia: നെഞ്ചിനേല്‍ക്കുന്ന മര്‍ദ്ദം മൂലം നെഞ്ച് വികസിക്കാനാകാത്തതിനാല്‍ സ്വാഭാവികമായ രീതിയില്‍ ശ്വസന പ്രക്രിയ നടക്കാതാവുന്നു എന്നതാണ് കാരണം. വാഹനാപകടങ്ങള്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ അപകടങ്ങളില്‍ ഇങ്ങനെ മരണം സംഭവിക്കാറുണ്ട്. കുരിശില്‍ തറക്കുമ്പോളും കുറച്ച് വ്യത്യസ്തമായ പ്രക്രിയയിലൂടെ traumatic asphyxia മൂലം മരണം സംഭവിക്കാം. ശാസ്ത്രീയമായ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനാവുന്നതാണ്. അപകടങ്ങളിലൂടെയാണ് ഇത്തരം മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. 

കുരിശില്‍ തറക്കുന്നതും നമ്മള്‍ നേരത്തെ സഞ്ചരിച്ച കഥയിലെ ബര്‍ക്കിങ്ങും ഈ രീതിയിലുള്ള കൊലപാതകങ്ങളുടെ ഉദാഹരണങ്ങളാണ്. ഈ മാര്‍ഗ്ഗം അവലംബിച്ച് ചെയ്യുന്ന ആത്മഹത്യകള്‍ അത്യപൂര്‍വ്വമാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : വിക്കി പീഡിയ

അടുത്ത ഭാഗം: മുങ്ങിമരണങ്ങള്‍

(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ലക്ചര്‍ ആണ് ലേഖകന്‍)