ജോര്‍ജ് ജോസഫ് സ്മിത്ത് എന്ന പരമ്പര കൊലപാതകിയുടെ കൈകളിലൂടെ ബാത്ത്ടബില്‍ മുങ്ങിമരിച്ച വധുക്കളെപ്പറ്റി ഡോ.ജിനേഷ് പി.എസ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം 

ഞ്ചടി നീളമുള്ള ആ ബാത്ത് ടബ്ബിന് സമീപം ചിന്താമഗ്‌നനായി നില്‍ക്കുകയാണ് ഇന്‍സ്‌പെക്ടര്‍ നീല്‍. അഞ്ചടി ഏഴിഞ്ച് പൊക്കമുള്ള മുങ്ങല്‍ വിദഗ്ധരായ സ്ത്രീകളെ മുക്കാല്‍ഭാഗം നിറച്ച ആ ബാത്ത്ടബ്ബിലേക്ക് പലതവണ ബലംപ്രയോഗിച്ച് തള്ളിയിട്ടു. ഓരോ തവണയും വെള്ളത്തില്‍ വീണ സ്ത്രീകളുടെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു.

പക്ഷേ പിന്മാറാന്‍ നീല്‍ തയാറല്ലായിരുന്നു. വീണ്ടും വീണ്ടും പലതവണ ഇത് തന്നെ ആവര്‍ത്തിച്ചു. ഓരോ തവണയും ആ ബാത്ത് ടബ്ബില്‍ വീഴുന്നവര്‍ക്ക് പരിക്കുപറ്റിക്കൊണ്ടിരുന്നു. പിന്നീട് ടബ്ബിന് സമീപം നിന്ന സ്ത്രീയുടെ കാലില്‍ പിടിച്ചുവലിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ആളുടെ തല വെള്ളത്തിനടിയിലായി. നീലും ഡോക്ടറും അരമണിക്കൂര്‍ കഠിനമായി പരിശ്രമിച്ചതിന് ശേഷമാണ് ആള്‍ക്ക് ബോധം തിരിച്ചുകിട്ടിയത്. വെള്ളത്തിന്റെ തള്ളല്‍ മാത്രമേ ബോധം വന്നപ്പോള്‍ ആള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.

1915 ജനുവരി മാസത്തിലാണ് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ ആര്‍തര്‍ നീലിന് ആ എഴുത്ത് ലഭിക്കുന്നത്. ലങ്കാഷെയറില്‍ നിന്നും ജോസഫ് ക്രോസ്ലി അയച്ച എഴുത്തില്‍ രണ്ട് പത്ര കട്ടിങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. 1914 ഡിസംബര്‍ മാസത്തിലെ ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രത്തിന്റെ പേജായിരുന്നു ഒന്ന്. 38 വയസ്സുള്ള മാര്‍ഗരറ്റ് എലിസബത്ത് ലോയിഡിനെ ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയ വാര്‍ത്തയായിരുന്നു അതിലുണ്ടായിരുന്നത്. ഭര്‍ത്താവ് ജോണ്‍ ലോയിഡ് ആണ് മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്.

1913 ഡിസംബര്‍ മാസത്തിലെ ഒരു കൊറോണര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെ വാര്‍ത്തയായിരുന്നു രണ്ടാമത്തേത്. ബ്ലാക്ക്പൂളില്‍ ഒരു ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മരിച്ചുകിടന്ന ആലീസ് സ്മിത്തിന്റെ വിവരങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഭര്‍ത്താവ് ജോര്‍ജ് സ്മിത്താണ് മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്.

രണ്ടു മരണങ്ങള്‍ തമ്മിലുള്ള അപാരമായ സാദൃശ്യമായിരുന്നു ജോസഫിനെ ഈ എഴുത്തെഴുതാന്‍ പ്രേരിപ്പിച്ചത്. എലിസബത്ത് ലോയിഡ് മരിച്ചുകിടന്ന 14 ബിസ്മാര്‍ക്ക് റോഡിലെ കെട്ടിടത്തില്‍ ഇന്‍സ്‌പെക്ടര്‍ പോയിരുന്നു. ഇത്ര ചെറിയ ഒരു ബാത്ത് ടബ്ബില്‍ എലിസബത്തിനെ പോലെ ഒരാള്‍ എങ്ങനെ മുങ്ങി മരിക്കും എന്ന സംശയവും തോന്നിയിരുന്നു. ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കൊറോണര്‍ ഡോക്ടര്‍ ബേയ്റ്റ്‌സിനെ കാണുകയായിരുന്നു അടുത്തപടി. ഇടത് കൈ മുട്ടിനു മുകള്‍ ഭാഗത്തായി ഒരു ചെറിയ ചതവ് ഒഴിച്ച് മറ്റു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഡോക്ടര്‍ ഉറപ്പുപറഞ്ഞു.

മറ്റൊരു കാര്യം കൂടി നീല്‍ കണ്ടുപിടിച്ചു. എലിസബത്ത് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് ജോണ്‍ ലോയിഡിനെ അവകാശിയാക്കി വില്പത്രം തയ്യാറാക്കിയിരുന്നു. മാത്രമല്ല അന്നേദിവസം തന്നെ തന്റെ എല്ലാ സമ്പാദ്യവും എലിസബത്ത് പിന്‍വലിച്ചിരുന്നു.

ജനുവരി 12നാണ് ഡോക്ടര്‍ ബേയ്റ്റ്‌സിന്റെ ഫോണ്‍ നീലിന് ലഭിക്കുന്നത്. യോര്‍ക്ക്ഷയര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും എലിസബത്തിന്റെ മരണകാരണം ഡോക്ടറോട് അന്വേഷിച്ചു എന്നു പറയാനാണ് ഡോക്ടര്‍ വിളിച്ചത്. 700 പൗണ്ടിന്റെ ഇന്‍ഷുറന്‍സ് ആയിരുന്നു എലിസബത്ത് എടുത്തിരുന്നത്, അവകാശി ജോണും. തുക ഇന്ന് ഏതാണ്ട് 56 ലക്ഷം ഇന്ത്യന്‍ രൂപ മതിക്കും. മറുപടി നല്‍കുന്നത് വൈകിപ്പിക്കാന്‍ ആയിരുന്നു ഇന്‍സ്‌പെക്ടറുടെ തീരുമാനം.

ഇന്‍സ്‌പെക്ടര്‍ ബ്ലാക്ക്പൂള്‍ പോലീസുമായി ബന്ധപ്പെട്ടു. മരിക്കുന്നതിനുമുമ്പ് മിസിസ് സ്മിത്ത്‌ 500 പൗണ്ടിന്റെ ഇന്‍ഷുറന്‍സ് എടുത്തിരുന്നുവെന്നും മരണശേഷം സ്മിത്ത് അത് കൈക്കലാക്കി എന്നും അറിഞ്ഞു. അതായത് ഇന്നത്തെ ഏതാണ്ട് 40 ലക്ഷം ഇന്ത്യന്‍ രൂപ മതിപ്പ്.

മുങ്ങിമരണം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് കൊടുക്കാന്‍ ഡോക്ടര്‍ക്ക് ഇന്‍സ്‌പെക്ടര്‍ നീല്‍ നിര്‍ദേശം നല്‍കി. യോര്‍ക്ക്‌ഷെയര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വക്കീലിന്റെ ഓഫീസ് നിരന്തരം നിരീക്ഷണവിധേയമാക്കി. വക്കീലിന്റെ ഓരോ നീക്കങ്ങളും 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരുന്നു. അവസാനം 1915 ഫെബ്രുവരി ഒന്നാം തീയതി ആ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. ലോയിഡിന്റെ വിശേഷണങ്ങളുടെ യോജിച്ച ആകാരമുള്ളയാള്‍.

'മി. ലോയിഡ്, ഞാന്‍ അന്വേഷിക്കുന്ന മി. സ്മിത്ത് നിങ്ങള്‍ തന്നെയാണോ?'

അല്ല എന്നായിരുന്നു ഉത്തരം. ബഹുഭാര്യത്വത്തിന് ലോയിഡിന്റെ പേരില്‍ കേസെടുക്കുന്നു എന്നറിയിച്ചപ്പോള്‍ സ്മിത്ത് താന്‍ തന്നെയാണെന്ന് ലോയിഡ് അംഗീകരിച്ചു. 1915 ഫെബ്രുവരി മാസമാണ് ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ബര്‍ണാഡ് സ്പില്‍സ്ബറി സ്‌ക്രീനിലെത്തുന്നത്. മാര്‍ഗരറ്റ് എലിസബത്ത് ലോയിഡ് എങ്ങനെ മരിച്ചു എന്നായിരുന്നു അദ്ദേഹത്തിനുള്ള ചോദ്യം.

മാര്‍ഗരറ്റ് ലോയിഡിന്റെ ശരീരം കുഴിച്ചെടുത്ത് പരിശോധിച്ചു. കൈമുട്ടിനു മുകളില്‍ ഒരു ചെറിയ ചതവുണ്ട് എന്ന് ഉറപ്പിച്ചു. കൂടാതെ രണ്ട് ചെറിയ പരിക്കുകള്‍ കൂടി കണ്ടെത്തി. മുങ്ങി മരണത്തിന്റെ ലക്ഷണങ്ങള്‍ വ്യക്തമല്ലായിരുന്നു. ഹൃദയസ്തംഭനം മൂലമുള്ള മരണമല്ല എന്ന് സ്പില്‍സ്ബറി ഉറപ്പിച്ചു. ശരീരത്തില്‍ വിഷം ഉണ്ടോ എന്നറിയാന്‍ വേണ്ടിയുള്ള രാസ പരിശോധനകളും നടത്തി. പൊടുന്നനെ വെള്ളത്തില്‍ വീണപ്പോള്‍ ഷോക്ക് ഉണ്ടായതാവാം മരണകാരണമെന്ന് അനുമാനിച്ചു.

5 അടി നീളമുള്ള ബാത്ത് ടബ്ബില്‍ പരീക്ഷണം നടത്താനുള്ള നിര്‍ദേശം ഫോറന്‍സിക് സര്‍ജന്‍ ഡോ. സ്പില്‍സ്ബറിയുടേതായിരുന്നു. അഞ്ചടി ഏഴിഞ്ച് പൊക്കമുള്ള ഒരാളുടെ കാലില്‍ വലിച്ച് ടബ്ബില്‍ വീണപ്പോള്‍ ഡോക്ടറുടെ അനുമാനം പോലെതന്നെ ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ ഒന്നുമില്ല, കുറച്ചുസമയം കൂടി വൈകിയിരുന്നെങ്കില്‍ ആള്‍ മരിച്ചു പോയേനേ. ഡോക്ടറും ഇന്‍സ്‌പെക്ടറും ഒരേസമയം ഉണ്ടായിരുന്ന സമയത്ത് പരീക്ഷണം നടത്തിയത് നന്നായി.

പത്രങ്ങളില്‍ തുടര്‍ച്ചയായ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു. ബാത്ത് ടബില്‍ വധുക്കളുടെ മരണങ്ങളുടെ സീരീസ് തന്നെ വാര്‍ത്തകളായി വന്നുകൊണ്ടിരുന്നു. ഫെബ്രുവരി എട്ടിന്റെ പത്രത്തില്‍ വന്ന സമാനമായ മരണത്തിന്റെ വാര്‍ത്ത പോലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ നീലിന് കൈമാറി. 1912 ജൂലൈ പന്ത്രണ്ടാം തീയതി മരിച്ച ബിയാട്രിസിന്റെ മരണവാര്‍ത്തയായിരുന്നു ഇത്.

1910 ലാണ് ഹെന്‍ട്രി വില്യംസ് ബിയാട്രിസിനെ കല്യാണം കഴിക്കുന്നത്. അവരുടെ വാടക വീട്ടില്‍ ബാത്ത് ടബ്ബ് ഇല്ലായിരുന്നു. വിവാഹത്തിന് രണ്ടുമാസത്തിനുശേഷം ഹെന്‍ട്രി വില്യംസ് ഒരു ബാത്ത് ടബ്ബ് വാടകയ്ക്ക് വാങ്ങി. ഇടയ്ക്കിടെ ചുഴലി രോഗം ഉണ്ടാകുമായിരുന്ന ബിയാട്രിസ് ഡോക്ടര്‍ ഫ്രാങ്കിന്റെ ചികിത്സയില്‍ ആയിരുന്നു. ജൂലൈ 12-ന് ബിയാട്രിസിന് ചുഴലി മൂലം തലവേദന ഉണ്ടായിരുന്നു. ഡോക്ടറെ കണ്ട ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ബിയാട്രിസ്. എന്നാല്‍ വൈകിട്ടോടെ ബാത്ത്ടബ്ബില്‍ ബിയാട്രിസ് മരിച്ചു കിടക്കുന്നു എന്നും പറഞ്ഞുള്ള ഹെന്‍ട്രിയുടെ ഫോണ്‍ ഡോക്ടര്‍ക്ക് ലഭിച്ചു. ഡോക്ടര്‍ എത്തുകയും പരിശോധിക്കുകയും ശരീരത്തില്‍ പരിക്കുകളൊന്നുമില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. ബാത്ത് ടബ്ബില്‍ വച്ച് ചുഴലി വന്നതായിരിക്കും എന്ന അനുമാനത്തില്‍ എത്തി. 2759 പൗണ്ടാണ് ബിയാട്രിസിന്റെ മരണശേഷം ഹെന്‍ട്രിക്ക് ലഭിച്ചത്. അതായത് ഇന്ന് മതിപ്പ് ഏകദേശം 2 കോടി 15 ലക്ഷം ഇന്ത്യന്‍ രൂപ.

ലോയിഡ് എന്നു വിളിക്കപ്പെടുന്ന സ്മിത്തിന്റെ ചിത്രം പോലീസ് ചീഫിന് അയച്ചുകൊടുത്തു. ഡോ. ഫ്രാങ്ക് ആളെ തിരിച്ചറിഞ്ഞു. സ്മിത്തും ലോയിഡും ഹെന്‍ട്രിയും ഒരാള്‍ തന്നെ. 1915 ഫെബ്രുവരി 15-ന് ജോര്‍ജ്ജ് ജോസഫ് സ്മിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ജൂണ്‍ 22-ന് ഓള്‍ഡ് ബെയിലി കോടതിയില്‍ ട്രയല്‍ ആരംഭിച്ചു. ബിയാട്രീസിന്റെ കൊലപാതകം സംബന്ധിച്ച വിഷയത്തിലാണ് പ്രധാനമായും വിചാരണ നടന്നത്. മറ്റുരണ്ട് കൊലപാതകത്തിന്റെ രീതികളും വിചാരണവേളയില്‍ കടന്നുവന്നു.

ജൂലൈ ഒന്നിന് സ്മിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നീട് മെയിഡ്‌സ്റ്റോണ്‍ ജയിലില്‍വച്ച് ഹാങ്മാന്‍ ജോണ്‍ എല്ലിസിനാല്‍ സ്മിത്ത് തൂക്കി കൊല്ലപ്പെട്ടു. കൊലപാതകങ്ങളുടെ സാദൃശ്യം കൊണ്ട് മാത്രം തെളിയിക്കപ്പെട്ട ഒരു കേസാണിത്, ഇത്തരത്തിലുള്ള ആദ്യത്തെ കേസ്. ഫോറന്‍സിക് ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കേസുകളില്‍ ഒന്ന്. ഈ കൊലപാതകങ്ങള്‍ കൂടാതെ സ്മിത്ത് നിരവധി പേരെ വിവാഹം കഴിക്കുകയും, ഭര്‍ത്താക്കന്മാര്‍ ഉള്ള സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയും, പല രീതിയില്‍ അവരുടെ സമ്പാദ്യം കൈക്കലാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

'Brides in the Bath Murders' എന്ന പേരില്‍ ഈ കൊലപാതക പരമ്പര അറിയപ്പെട്ടു.

Content highlights: 'Brides in the Bath Murders', Medico legal