തീരദേശങ്ങളിലുള്ള പോലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കുന്ന പോലീസിനെ സംബന്ധിച്ചിടത്തോളം വളരെയേറെ സമ്മര്‍ദം അനുഭവിക്കേണ്ടി വരും. വളരെ ഉയര്‍ന്ന ജനസംഖ്യയും ഭൂപ്രദേശത്തിന്റെ പ്രത്യേകതയും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയും കാരണം ഇവിടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വളരെ ചെറിയ പ്രശ്നങ്ങള്‍ പോലും താമസം വിനാ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പ്രദേശത്തെത്തന്നെ വലിയ കലാപഭൂമിയാക്കി മാറ്റും. പ്രശ്നങ്ങള്‍ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ സര്‍ക്കാരിനു തന്നെ തലവേദനയായി മാറും.
പൂന്തുറ പോലീസ് സ്റ്റേഷനിലാണ് എന്റെ തുടക്കം. വലിയ പരിചയ സമ്പത്തൊന്നും കൈമുതലായി ഉണ്ടായിരുന്നില്ല. എന്റെ ബന്ധുവായ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. വിജയന് ഇങ്ങനെ ഉപദേശിച്ചു,'തീരപ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ ക്രമസമാധാന നില ഭദ്രമാക്കാന്‍ ബലപ്രയോഗം കൂടാതെ മറ്റു പ്രായോഗികമായ മാര്‍ഗങ്ങള്‍ കൂടി അവലംബിക്കുന്നതാണ് ഉത്തമം. അക്രമാസക്തമാകുന്ന ജനക്കൂട്ടത്തിന്റെ മനസ് അറിയാന്‍ കഴിഞ്ഞാല്‍ മറു മരുന്ന് പ്രയോഗിക്കാന്‍ കഴിയും. ശക്തിയേക്കാള്‍ പ്രയോഗികതയും ബുദ്ധിയുമാണ് പ്രധാനം'. എന്‍. വിജയന് ഞങ്ങളുടെ നാടായ കൊല്ലം ജില്ലയിലെ മയ്യനാടു നിന്നും തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ ആളാണ്.
പൂന്തുറ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ചേരിയായും പൂന്തുറ, പൂന്തുറ, ബീമാപ്പള്ളി, ചെറിയതുറ,വലിയ തുറ ,ശംഖുമുഖം എന്നീ പ്രദേശങ്ങള്‍ 12 കി.മീ നീളത്തില്‍ കടലിനോട് ചേര്‍ന്ന് കിടക്കുകയാണ്. ക്രിസ്ത്യന്‍, ധീവര, മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞു താമസിക്കുകയാണ് ഇവിടെ. അവിടെ വര്‍ഗീയ ലഹളകള്‍ നിയന്ത്രണ വിധേയമാക്കാന്‍ ദിവസങ്ങളോളം എടുക്കേണ്ടി വന്നിട്ടുണ്ട്.
മൃഗീയമായ കൊലപാതകങ്ങള്‍, വീടുകള്‍ക്ക് തീവെക്കല്‍ എന്നിവയും വര്‍ഗീയ സംഘട്ടനങ്ങളും സാധാരണയായിരുന്നു. ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അവിടെ ചാര്‍ജ് എടുക്കേണ്ടി വന്നപ്പോള്‍ അറിയില്ലായിരുന്നു. ഈ കടലോര പ്രദേശങ്ങളിലെ മിക്കവാറും ആളുകള്‍ മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യുന്നു. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് അല്പം മദ്യപിച്ച് പൂസായി ജീവിക്കുന്നവരാണ്. നാടന്‍ ചാരായം എല്ലാ സ്ഥലത്തും സുലഭമാണ്.
രാവിലെ നാല് മണിയോടെ കടലില്‍പ്പോയി മീന്‍ പിടിച്ചിട്ട് ഉച്ചയ്ക്ക് മടങ്ങി വരും. മറ്റൊരു കൂട്ടര് രാത്രി പതിനൊന്ന് മണിയോടെ മത്സ്യബന്ധനത്തിന് പോയി രാവിലെ തിരിച്ചു വരും. അവര്‍ പിടിച്ചുകൊണ്ടുവരുന്ന മീന്‍ വാങ്ങാന്‍ ധനികരായ ആളുകള്‍ കാത്തുനില്ക്കും. അന്ന് മത്സ്യബന്ധനത്തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമായിരുന്നു.
ചാര്‍ജ് എടുത്ത് ഒരാഴ്ചക്കുള്ളില്‍ ഒരു വെള്ളിയാഴ്ച പോലീസ് സ്റ്റേഷനില്‍ പരേഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ രാവിലെ ഏഴു മണിയോടുകൂടി ഒരു ഫോണ്‍ സന്ദേശം കിട്ടി. പൂന്തുറയില്‍ രണ്ടു സമുദായത്തിലെ ആള്ക്കാര് തമ്മില്‍ സംഘട്ടനം നടക്കുന്നു. പരേഡ് ഉള്ള ദിവസമായതിനാല്‍ പതിനേഴോളം പോലീസുകാര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് പ്രശ്നബാധിത സ്ഥലത്ത് എത്തി. അനുഭവ സമ്പത്തുള്ള എന്റെ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ തോക്കും എടുത്തിരുന്നു.
പൂന്തുറ-ബീമാപ്പള്ളി റോഡില്‍ രണ്ട് സമുദായങ്ങള്‍ താമസിക്കുന്ന അതിര്‍ത്തിയാണ് 'No man's area' എന്നറിയപ്പെടുന്നത്. ആ റോഡില്‍ നിന്ന് കടപ്പുറത്തേക്ക് ഒരു ചരല് റോഡുണ്ട്. ആ റോഡിന്റെ തെക്കുവശത്ത് ഒരു സമുദായവും വടക്കു വശത്ത് മറ്റൊരു സമുദായവുമാണ് താമസിക്കുന്നത്. രണ്ടു സമുദായങ്ങളും രണ്ടുവശങ്ങളില്‍ മാത്രമേ മത്സ്യബന്ധനം നടത്താന്‍ പാടുള്ളു. അതൊക്കെ അംഗീകരിച്ചിരുന്ന യാഥാര്‍ഥ്യമാണെങ്കില്‍ ജനനിരോധന മേഖലയില്‍ മത്സ്യത്തിന്റെ നിഴല്‍ കണ്ടാല്‍ കൂടുതല്‍ ചിന്തിക്കില്ല രണ്ടു വിഭാഗക്കാരും. അവിടെ വല നിരത്തും. അവരുടെ ഭാഷയില്‍ ഇതിനെ മീന്‍പാടം എന്നാണ് പറയുന്നത്. പഴയ മിടുക്കന്മാര്ക്ക് മീന്‍പാടം കണ്ടാല്‍ ഏതു മീനാണെന്നുപോലും പറയാന്‍ കഴിയുമായിരുന്നു.
കടലില്‍ No man area യില്‍ മീന്‍പാടം കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ രണ്ടു സമുദായക്കാരും അവിടെ വല വിരിച്ചു. അതു തമ്മില്‍ കുരുങ്ങി വലകള്‍ കീറി. കടലില്‍ അവര്‍ തമ്മില്‍ സംഘട്ടനം നടക്കുന്നത് കണ്ടാണ് കരയിലുള്ള രണ്ടു വിഭാഗങ്ങള്‍ സംഘട്ടനം തുടങ്ങിയത്.
ഞങ്ങള്‍ പോലീസ് ജീപ്പിന്റെ ലൈറ്റിട്ടു. ഹോണടിച്ചു. ഒരു ഓപ്പറേഷന് പോലെ അവിടെ ചാടിയിറങ്ങി. ഒരു അഭ്യാസം കാണിച്ചു. രണ്ടുഭാഗത്തും ഉദ്ദേശം ആയിരത്തോളം ആള്‍ക്കാരുണ്ട്. പങ്കായവും മത്സ്യബന്ധനത്തിനുള്ള മറ്റ് ആയുധങ്ങളും കല്ലുകള്‍ പരസ്പരം എറിഞ്ഞും വലിയ സംഘട്ടനം നടക്കുന്ന രംഗം കണ്ടുകൊണ്ടാണ് ഞങ്ങള്‍ അവിടെ ചാടിയിറങ്ങിയത്. ആ ഒരു showയില്‍ രണ്ടു വിഭാഗങ്ങളും അവരുടെ വശങ്ങളിലോട്ട് ഒന്നു പിന്മാറി. രണ്ടു വിഭാഗത്തിന്റെ നടുവിലായി സ്ഥാനം പിടിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞത് ഒരു ശുഭസൂചനയായി ഞങ്ങള്‍ക്ക് തോന്നി. വീണ്ടും രണ്ടു ഭാഗങ്ങളും വളരെ ആക്രമണകാരികളായി തിരിച്ചു വന്നു. രണ്ടു വിഭാഗങ്ങളും പോലീസിന്റെ നേരെ തുടങ്ങി ആക്രമണം. അല്പം അകലത്തിലായതിനാല്‍ ഞങ്ങളെ കല്ലെറിഞ്ഞു.കല്ലേറ് തടയാനുള്ള ഷീല്‍ഡ് ഒന്നും അന്നില്ല.
ആക്രമണത്തില്‍ എനിക്കും എന്റെ കൂടെയുള്ള പോലീസുകാര്‍ക്കും പരിക്കേറ്റു. അന്ന് യൂണിഫോം നിക്കറില്‍ നിന്നും മാറി പാന്റ്സ് ആയിരുന്നെങ്കിലും പരേഡ് ദിവസം പഴയ നിക്കറും ക്രോസ് ബല്റ്റുമായിരുന്നു എന്റെ വേഷം. ആ രണ്ടു വിഭാഗത്തിനോടും പിന്മാറാന് താക്കീത് ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. വലിയ തുഴയുമായി നില്ക്കുന്ന അവരെ ലാത്തി ഉപയോഗിച്ചു പിരിച്ച് വിടുന്നത് പ്രായോഗികമല്ല. കണ്ണീര് വാതകം കടപ്പുറത്തെ കാറ്റില്‍ അപ്രായോഗികമാണ്. പിന്നെ ആകെ ആശ്രയം തോക്കു തന്നെ. എനിക്ക് താത്പര്യമില്ലാതിരുന്നിട്ടും രാമചന്ദ്രന് നായര്‍ എന്ന എന്റെ ഹെഡ് കോണ്‍സ്റ്റബിളിന്റെ നിര്‍ബന്ധത്തിലാണ് ഞാന്‍ തോക്കു കൂടി എടുക്കുന്നത്. അതു നന്നായി. അവര്‍ തമ്മിലുള്ള സംഘട്ടനത്തിന് അയവുണ്ടായി. എങ്കിലും അവരുടെ മധ്യത്തില്‍ നില്‍ക്കുകയായിരുന്ന പോലീസുകാരെ രണ്ടു വിഭാഗവും ആക്രമിച്ചുകൊണ്ടേയിരുന്നു.
സമീപത്തുള്ള മറ്റു പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പോലീസുകാരില്‍ നാല് പേരെ പട്രോളിങ്ങിന് അയച്ചു. പരിചയക്കുറവുള്ള എനിക്ക് നല്ലവരായ സഹപ്രവര്‍ത്തകരുടെ ശരിയായ ഉപദേശം സഹായകരമായി. മേലുദ്യോഗസ്ഥനും കലക്ടറും കൂടുതല്‍ പോലീസ് സേനയും സ്റ്റേഷനില്‍ നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് എത്തുമെന്നറിയാം. കുറഞ്ഞത് 45 മിനിറ്റ് സമയമെടുക്കും അവരെത്താന്‍. അത്രയും സമയം അവര്‍ തമ്മിലുള്ള സംഘട്ടനം നിയന്ത്രിക്കാനും സമീപപ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ നോക്കേണ്ടതും അത്യാവശ്യമാണ്. (തുടരും)