കേരളത്തില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളും സ്ത്രീകളോടുള്ള അതിക്രമങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അന്യ നാട്ടുകാര്‍ 'മല്ലൂസ്' എന്നൊക്കെ വിളിച്ചു പരിഹസിക്കുമ്പോള്‍ മലയാളി ആയതില്‍ അഭിമാനിക്കുന്നു എന്ന് അല്പം അഹങ്കാരത്തോടെ പറഞ്ഞിരുന്ന നമുക്ക് കിട്ടിയ എത്ര കഴുകിയാലും മായാത്ത കറയാണ് ജിഷയും സൗമ്യയും ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്ന ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവവുമൊക്കെ. ഇവരെയൊക്കെ കൂടാതെ എത്രയോ സ്ത്രീകള്‍....വാര്‍ത്തകളില്‍ വരാത്തവര്‍.. പ്രതികരിക്കാന്‍ കഴിയാതിരുന്നവര്‍.

കഴിഞ്ഞ ദിവസം അല്‍പ്പം  പരിഹാസത്തോടെ അന്യ സംസ്ഥാനക്കാരിയായ സഹപ്രവര്‍ത്തക ചോദിച്ചു....ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ വിദ്യാസമ്പന്നരുടെ നാടായ കേരളത്തിലെപ്പോഴും പീഡന വാര്‍ത്തകള്‍ മാത്രമേ കേള്‍ക്കാനുള്ളല്ലോ...? ഇതെന്താ ഇങ്ങനെ ? പ്രതിരോധത്തിലൂന്നി അല്പം കാര്യമായി തന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും എവിടെയോ ഇത്തിരി നൊമ്പരം ബാക്കിയായത്  പോലെ തോന്നി. നമുക്കോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ..? നമ്മുടെയൊക്കെ അമ്മയും സഹോദരിയും, ഭാര്യയും, മകളുമൊക്കെ  സുരക്ഷിതയല്ല എന്ന് തന്നെയാണ് നിരന്തരം നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

നമുക്ക് ചുറ്റും വലിയ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്..കഴിഞ്ഞ ദിവസങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കേട്ട ചില നാട്ടു സംസാരങ്ങളാണിത്. ഒരുപാട് പേര്‍ ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷകൊടുക്കണമെന്നും ആളുകളെ ബോധവല്‍ക്കരിക്കണമെന്നുമൊക്കെ പറയുമ്പോള്‍..... 'ഈ പെണ്ണുങ്ങളുടെ സമ്മതമില്ലാതെ എങ്ങനെയാ ഇതൊക്കെ നടക്കുന്നെ! അല്ലെങ്കില്‍ ഇവരൊക്കെ ഒന്നുറക്കെ കരഞ്ഞാല്‍ ആളുകള്‍ കേള്‍ക്കില്ലേ ?..ഇതൊക്കെ വളര്‍ത്തു ദോഷമാണെന്നെ....മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി ജീവിക്കുന്നവരെയൊന്നും ആരും കുതിരകേറാന്‍ വരികേല !. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടേല്‍ ഇവളുമാരുടെ സ്വഭാവം കൊണ്ട് തന്നെയാ ! പിന്നെ ഇവളുമാരുടെയൊക്കെ വേഷം കേട്ടലോ?. ഇങ്ങനെ എന്തെല്ലാം വ്യാഖ്യാനങ്ങളാണ് ഓരോരുത്തരും നല്‍കുന്നത്.

ഇത്തരം പ്രസ്താവനകളിറക്കുന്നവരാരും കൊടും കുറ്റവാളികാളോ വിദ്യാഭ്യാസമില്ലത്തവരോ അത്ര മോശപ്പെട്ടവരോ ഒന്നുമല്ല. ഇവരൊക്കെ  സാധാരണ മനുഷ്യര്‍ മാത്രമാണ്. ഓരോ വ്യക്തിക്കും അവരവരുടേതായ കാഴ്ചപ്പാടുകളും ചിന്താരീതികളും വിശ്വാസങ്ങളുമൊക്കെയുണ്ടാവും ചിലപ്പോള്‍ ചില വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ പറ്റാത്ത വിധം ദൃഢമായിരിക്കുകയും ചെയ്യും. ഇതിനു പിന്നില്‍ വ്യക്തിയുടെ കുട്ടിക്കാല ജീവിതാനുഭവങ്ങളും ആ വ്യക്തി വളര്‍ന്നു വന്ന കുടുംബപരവും സാമൂഹികവുമായ  സാഹചര്യവുമൊക്കെയായി ചേര്‍ത്തു വച്ച് മനസിലാക്കേണ്ടിയിരിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നതും എന്റെ കാഴ്ചപ്പാടുകളും മാത്രമാണ്  ശരി എന്നു മാത്രം വിശ്വസിക്കുകയും കൃത്യമായ വിവേകത്തോടെ കാര്യങ്ങളെ കാണാനാവാതെ ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞുകേട്ടതിനെ മാത്രം വിശ്വസിക്കുന്നവരുമാണിവര്‍.

ലൈംഗികാതിക്രമങ്ങളും പീഡനങ്ങളുമൊക്കെയായി ബന്ധപ്പെട്ടു ഒരുപാട് തെറ്റിദ്ധാരണകള്‍ ആളുകള്‍ വച്ച് പുലര്‍ത്താറുണ്ട്. അവയില്‍ ചിലത് ഇവിടെ വിവരിക്കട്ടെ.

'ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ ഇത് ആരോടും പറയില്ല'

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ ഇത് ആരോടും പറയില്ല എന്ന തെറ്റിദ്ധാരണ പല ആളുകളും വച്ചുപുലര്‍ത്താറുണ്ട്. അതിക്രമത്തിനു ഇരയായവര്‍ ഇത് പുറത്തു പറഞ്ഞാല്‍ ആളുകള്‍ കുറ്റപ്പെടുത്തും, താന്‍ വെറുക്കപ്പെടുമെന്ന ചിന്തയും, നിയമങ്ങളിലും ക്രമസമാധാന സംവിധാനത്തിലുമുള്ള വിശ്വാസമില്ലായ്മയും, സമൂഹത്തില്‍ നിന്ന് വേണ്ട തരത്തിലുള്ള പിന്തുണ കിട്ടുമോയെന്ന ആശങ്കയുമൊക്കെ ഈ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുകയും ചെയ്യും.  

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഇരയുടെ ഭാഗത്തു നിന്ന് ഇത്രയും ധൈര്യപൂര്‍വമുള്ള പ്രതികരണം ഉണ്ടാവുമെന്ന്...ഒടുവില്‍ പല നടിമാര്‍ക്കും ഇത് സംഭവിച്ചിരുന്നുവെന്ന വാര്‍ത്തകളും ഇപ്പോള്‍ വന്നു തുടങ്ങിയിരിക്കുന്നു. അങ്ങനെ ഒരാള്‍ കാണിച്ച ധൈര്യം മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണിവിടെ. ലൈംഗികാതിക്രമങ്ങള്‍ ഭയന്ന് പ്രതികരിക്കാതെ വരുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുകയേ ഉള്ളു എന്ന സത്യം മനസിലാക്കേണ്ടിയിരിക്കുന്നു.ഓരോ സ്ത്രീയ്ക്കും പ്രതികരിക്കുവാനുള്ള ധൈര്യം നല്‍കുകയും അവരെ സംരക്ഷിക്കുവാനും സാന്ത്വനിപ്പിക്കാനുമുള്ള സന്നദ്ധത സമൂഹം കാണിക്കുകയുമാണ് വേണ്ടത്.

'സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ ആസ്വദിക്കുന്നു'

ലൈംഗികതയില്‍ അല്പം വയലന്‍സ് ഒക്കെയാവാമെന്നു വിശ്വസിക്കുന്നവര്‍ വിരളമല്ല. കുടുംബ പ്രശ്‌നങ്ങള്‍ക്കും ലൈംഗിക പ്രശ്‌നങ്ങള്‍ക്കുമൊക്കെ ചികിത്സ തേടിവരുമ്പോള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ ആളുകള്‍ പങ്കു വയ്ക്കാറുണ്ട്.  

ഒട്ടു മിക്ക ബി ഗ്രേഡ് സിനിമകളിലും ബലാത്കാരമായ ലൈംഗിക ബന്ധം സ്ത്രീകള്‍ ആസ്വദിക്കുന്നതായാവും ചിത്രീകരിക്കുക..ഉദാഹരണത്തിനു ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍ ആദ്യമൊക്കെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ കീഴടങ്ങി ലൈംഗികകത ആസ്വദിക്കുന്ന തരത്തില്‍ ദൃശ്യവത്കരിക്കുമ്പോള്‍ വിവേകത്തോടെ ചിന്തിക്കാന്‍ കഴിയാത്തവരുടെ മനസ്സില്‍ തെറ്റിദ്ധാരണയുടെ വിത്ത് പാകുകയാണ് ചെയ്യുന്നത്.

തന്റെ സമ്മതത്തോടെയല്ലാത്ത ലൈംഗിക ബന്ധം ഒരു സ്ത്രീയ്ക്കും ആസ്വദിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് അത്യാവശ്യമാണ്. എന്നാല്‍ ചില ആളുകള്‍ അക്രമകരമായ ലൈംഗികത ആസ്വദിക്കുന്നവരാണ്‌. ഇങ്ങനെയുള്ളവര്‍ മറ്റുള്ളവരുടെ വേദനയില്‍ സന്തോഷം കാണുന്ന സാഡിസ്റ്റ് സ്വഭാവമുള്ളവരാണ്. അവര്‍ പങ്കാളിയുടെ മേല്‍ അധികാരവും നിയന്ത്രണവും കോപവും അതിക്രമവുമൊക്കെ കാണിക്കുമ്പോള്‍ വല്ലാത്ത  സംതൃപ്തി ഉണ്ടാകുന്നവരാണ്. 

'പുരുഷനെ ലൈംഗിക അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് സ്ത്രീയാണ്'

'എല്ലാം സ്ത്രീകളുടെ കുഴപ്പമാണ് ! അവരാണു എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം' ഇങ്ങനെ പറഞ്ഞു കാര്യങ്ങള്‍ പെട്ടന്ന് തീര്‍പ്പ് കല്പിക്കാന്‍ എളുപ്പമാണ്. സ്ത്രീ പുരുഷന്റെ സ്വത്വത്തിന്റെ ഭാഗമാണ്‌. അല്ലാതെ അവര്‍ക്ക് വേറിട്ടൊരു സ്വത്വമില്ല എന്ന് പുരുഷന്റെ മനസിലുറച്ചുപോയ വിശ്വാസമാണിതിന് കാരണം.  ഒരു സ്ത്രീ പുരുഷനെ നോക്കുകയോ തുറന്നു സംസാരിക്കുകയോ ചെയ്യുമ്പോള്‍ അതിനെ മറ്റു പല രീതികളിലും വ്യാഖ്യാനിക്കുന്നത് തെറ്റായ പ്രവണതയാണ്. വ്യക്തിത്വ വൈകല്യമുള്ളവരുടെ കാഴ്ചപ്പാടുകള്‍ക്ക് പിന്നില്‍ വ്യക്തിയുടെ ധാര്‍മിക മൂല്യങ്ങള്‍ക്കും സാമൂഹിക ബോധത്തിനും വളര്‍ന്നു വന്ന കുടുംബ സാഹചര്യങ്ങള്‍ക്കും കാര്യമായ പങ്കുണ്ട്. 

'ബാലാല്‍ക്കാരത്തിന് ഇരയാവുമ്പോള്‍ സ്ത്രീകള്‍ ഉറക്കെ കരയും'

ലൈംഗികാതിക്രമങ്ങള്‍ നടക്കുമ്പോള്‍ പ്രതിരോധിച്ചുകൊണ്ട് സ്ത്രീകള്‍ ഉറക്കെ കരയുമെന്നുള്ളത് എല്ലാ സാഹചര്യങ്ങളിലും ശരിയാവണമെന്നില്ല. അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ പുരുഷന്റെ ശാരീരിക മേല്‍ക്കോയ്മയില്‍ അതിക്രമങ്ങളെ അഭിമുഖീകരിക്കുമ്പോഴുള്ള നിസ്സഹായാവസ്ഥ വ്യക്തിയെ ശാരീരികമായും മാനസികമായും തളര്‍ത്തിക്കളയും. പ്രതികരിക്കാന്‍ പോയിട്ട് ഒന്ന് ഉറക്കെ കരയാന്‍ പോലും സ്ത്രീകള്‍ക്കായെന്നു വരില്ല.

'ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ അത് മറക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അത് അവരുടെ ഭാവിയെ ബാധിക്കും'

ഒരു സമൂഹമൊന്നടങ്കം ഇങ്ങനെ ചിന്തിച്ചാലോ? ആര്‍ക്കും ആരെയും ശാരീരികമായും മാനസികമായും വേദനിപ്പിക്കാന്‍ അവകാശമില്ല. മനസമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ തന്റെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മേലുള്ള കടന്നു കയറ്റമാകാതെ ശ്രദ്ധിക്കണം. സര്‍വം സഹയായ സ്ത്രീ ഇനിയും മാറേണ്ടിയിരിക്കുന്നു. ആശങ്കകള്‍ മാതാപിതാക്കളോടെങ്കിലും തുറന്നു പറയാന്‍ പറ്റുന്ന സാഹചര്യമുണ്ടാവണം. മോശം സ്പര്‍ശം ആരുടെ ഭാഗത്ത് നിന്നായാലും 'നോ' പറയാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് വീട്ടിലും സ്‌കൂളിലും അത്യാവശ്യമുള്ള കാര്യമാണ്.  

'കൊടും കുറ്റവാളികള്‍ മാത്രമേ ലൈംഗിക അതിക്രമങ്ങള്‍ ചെയ്യുന്നുള്ളൂ'

കൊടും കുറ്റവാളികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റുന്നവരുമാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് മുതിരുക എന്നത് തെറ്റായ ധാരണയാണ്. ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നില്‍ വ്യക്തിയുടെ സമൂഹത്തിലുള്ള സ്ഥാനമാനങ്ങളോ പദവിയോ ചെയ്യുന്ന തൊഴിലോ കുടുംബ മഹിമയോ ഒന്നും ഒരു മാനദണ്ഡം അല്ല. വ്യക്തിത്വ വൈകല്യങ്ങളുമായി ജീവിക്കുന്നവര്‍ ഏതു സാമൂഹിക തൊഴില്‍ സാഹചര്യങ്ങളിലും ഉണ്ടാവും. സ്വന്തം ഭര്‍ത്താവാല്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായി എല്ലാം സഹിച്ചു വര്‍ഷങ്ങളോളം സര്‍വം സഹയായി ജീവിതം തള്ളിനീക്കുന്നവരും വിരളമല്ല, നമ്മുടെ സമൂഹത്തില്‍.

'നല്ല സ്വഭാവമുള്ളവര്‍ ഒരിക്കലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാവില്ല'

ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു ചില ആളുകള്‍ പറഞ്ഞു കേള്‍ക്കുന്ന പ്രസ്താവനയാണ് അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ ആരും കുതിരകേറാന്‍ വരില്ലത്രെ ! ലൈംഗികാതിക്രമങ്ങള്‍ക്ക് ഇങ്ങനെയുള്ള വേര്‍തിരിവുകളില്ല എന്ന് മനസിലാക്കേണ്ടി ഇരിക്കുന്നു. സ്വഭാവശുദ്ധിയോ സൗന്ദര്യമോ  പ്രായമോ ഒന്നും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതിനു ഒരു തടസമല്ല. പ്രത്യേകിച്ച് സ്ത്രീകള്‍ ചെയ്യുന്ന തൊഴിലുമായൊക്കെ ബന്ധിപ്പിച്ചു മുന്‍വിധികളോടെ പ്രസ്താവനകളിറക്കുന്നത് തെറ്റായ പ്രവണതയാണ്. ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന വ്യക്തിയെ സംബന്ധിച്ചടത്തോളം അഭിനയിക്കുക എന്നത് അവരുടെ തൊഴിലാണെന്നു കാണുന്നതിനു പകരം അവര്‍ എന്തിനും തയ്യാറായി നടക്കുന്നവരാണെന്ന ധാരണ അപകടം പിടിച്ചതാണ്. 

ഇത്തരം തെറ്റിദ്ധാരണകളും മുന്‍വിധികളും വച്ച് പുലര്‍ത്തുമ്പോള്‍ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൂടി വരുന്നതിന് മാത്രമേ അത് വഴി വയ്ക്കൂ. തെറ്റായ ധാരണകളും മുന്‍വിധികളും ഏറ്റവും കൂടുതല്‍ കാണുന്നത്  ലൈംഗികതയുമായി ബന്ധപ്പെട്ടു വരുന്ന വിഷയങ്ങളിലാണ്. ഉദാഹരണത്തിനു ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരു പാര്‍ക്കില്‍ ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ അവര്‍ കാമുകീ കാമുകന്മാരണെന്നു മാത്രം ചിന്തിക്കുന്നതിനപ്പുറത്തേക്ക് ഒരു പക്ഷെ  അവര്‍ നല്ല സുഹൃത്തുക്കളാണെന്നോ സഹോദരി സഹോദരന്മാരാണെന്നോ ചിന്തിക്കാന്‍ പറ്റാത്ത തരത്തിലേക്ക് നമ്മെ എത്തിക്കുന്നതിനു പിന്നില്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്.

ശരിയായ സുഹൃത്ബന്ധങ്ങളെക്കുറിച്ചും അത്  പരസ്പര ബഹുമാനത്തിലൂടെ  ഒരുമിച്ചു വളരാനുതകുന്നതാണെന്നുമുള്ള  തിരിച്ചറിവ് വളരെ അത്യാവശ്യമാണ്. ലൈംഗികതയെപ്പറ്റിയും എതിര്‍ലിംഗത്തെപ്പറ്റിയുമുള്ള കാഴ്ചപ്പാടിലും ഇനിയും ഒരുപാട് ദൂരം നാം  മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)