''യിഡ്‌സ് രോഗികളുടെ രക്തം നിറച്ച സിറിഞ്ചുമായി ആളുകള്‍ കറങ്ങി നടക്കുന്നു'', ''എയിഡ്‌സ് രോഗിയായ തൊഴിലാളി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിര്‍മിച്ച ശീതള പാനീയത്തില്‍ അയാളുടെ രക്തം കലര്‍ന്നിട്ടുണ്ട് സൂക്ഷിക്കുക'', ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മിക്കവാറും വാട്‌സ് ആപ്, ഫേസ് ബുക്ക് മെസ്സേജുകളായി കിട്ടാത്തവരില്ല. 

പല സെലിബ്രിറ്റികളും ഒന്ന് തുമ്മിയാല്‍, അവരൊന്നു ആശുപത്രിയുടെ പടികണ്ടാല്‍ പിന്നെ അയാള്‍ മരിച്ചുവെന്നും ഗുരുതരമായ രോഗമായിരുന്നു വെന്നും, കൂടെ ഇത്തിരി മേമ്പൊടിക്ക് ലൈംഗിക രോഗമോ, മദ്യപാനം മൂലം ഉള്ള കരള്‍ രോഗമോ, എന്തിനു എയിഡ്‌സ് ആണെന്ന് വരെ പ്രചാരണങ്ങള്‍ നടത്തിക്കളയും ചിലര്‍. 

കിംവദന്തികള്‍  പെട്ടെന്ന് വാര്‍ത്തകളില്‍ വരികയും, പ്രചരിക്കുകയും കുറെ ആളുകള്‍ അത് ഏറ്റുപിടിച്ച് പിന്നീട് മാധ്യമങ്ങളിലൂടെ പ്രചരിച്ച് കുറച്ചൊന്നുമല്ല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.  ഒരു കുറ്റകൃത്യമെന്ന നിലയില്‍ കാണുമ്പോള്‍ അപവാദ പ്രചരണങ്ങള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും പിന്നീട് വ്യക്തിപരമായും സാമൂഹികമായും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.  

അടുത്ത കാലത്ത് കാസര്‍ഗോഡും കോഴിക്കോടുമൊക്കെ നടന്ന ''കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു'' എന്ന വ്യാജ വാര്‍ത്തകള്‍ പോലീസിനും രക്ഷിതാക്കള്‍ക്കും കുറച്ചൊന്നുമല്ല തലവേദന ഉണ്ടാക്കിയത്. ചില ആളുകള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ തക്കം പാര്‍ത്തിരിക്കുകയാണന്നും, ചില കുട്ടികളെ തട്ടിക്കൊണ്ടു പോയീ തല മുണ്ഡനം ചെയ്തു വിട്ടയച്ചുവെന്നും മറ്റും വാര്‍ത്തകള്‍ പരന്നു. ഇത് ഭയന്ന് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ തയ്യാറാകാത്ത സാഹചര്യം അടുത്തകാലത്ത് സംഭവിച്ചതാണ്. 

crime and mind

ഒടുവില്‍  സാമൂഹികപ്രവര്‍ത്തകരും പോലീസും ഒക്കെ ഇടപെട്ട് ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ വരെ നടത്തേണ്ടി വന്നു. പിന്നീട് ആണ് ഇത് കുറച്ചു കുട്ടികള്‍ മെനഞ്ഞെടുത്ത  ഒരു നുണക്കഥയാണെന്ന് മനസിലാക്കുന്നത്. 

പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു പിന്നില്‍ സമൂഹത്തിന്റെ മാനസികവും വൈകാരികവുമായ അവസ്ഥയ്ക്കും, ആധുനിക സാങ്കേതിക വിദ്യയ്ക്കുമൊക്കെ കാര്യമായ പങ്കുണ്ട്.

ഗോര്‍ഡന്‍ ആള്‌പോര്‍ട്, സഗിമാന്‍, എഫ്. എച് ആള്‍പോര്‍ട്ട്, ഫെസറ്റിഗര്‍ തുടങ്ങിയവര്‍ കിംവദന്തിയുടെ  സാമൂഹിക മനശാസ്ത്രത്തെ പറ്റി പഠനങ്ങള്‍ നടത്തിയിട്ടുള്ളവരാണ്.

ആള്‍ പോര്‍ട്ട്, പോസ്റ്റ്മാന്‍ തുടങ്ങിയവരുടെ മനശാസ്ത്ര നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തിത്വ സവിശേഷതകളാണ് കിംവദന്തികള്‍ പിറവിയെടുക്കുന്നതിനും പ്രചരിക്കുന്നതിനും കാരണമെന്ന് പറയുന്നു.

അതായത് വ്യക്തികള്‍ പലപ്പോഴും, കേട്ട് കേള്‍വികളെ അവരവരുടെ സങ്കല്പങ്ങളും, വ്യക്തിപരമായ അനുഭവങ്ങളും, മാനസികാവസ്ഥകളുമായി ബന്ധപ്പെടുത്തി മനസിലാക്കുകയും അവരവരുടേതായ അര്‍ഥങ്ങള്‍ കൊടുത്ത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. 

എന്നാല്‍ ഫെസ്റ്റിഗറിനെ പോലുള്ള നിരീക്ഷകരുടെ അഭിപ്രായത്തില്‍ വ്യക്തി പരമായ ഘടകങ്ങളെക്കാളുപരി കിംവദന്തികള്‍ പ്രചരിക്കുന്ന സാമൂഹിക അവസ്ഥകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതായതു നിലനില്‍ക്കുന്ന രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളും  സമൂഹത്തിന്റെ മാനസികാവസ്ഥയുമാണ്  കിംവദന്തികള്‍ ഉടലെടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കാരണമെന്നു പറയുന്നു.

 

മാനസിക-വൈകാരിക അവസ്ഥകളും അപവാദ പ്രചരണങ്ങളും

 കിംവദന്തികള്‍ കേള്‍ക്കുന്നയാളുടെ മാനസിക വൈകാരിക അവസ്ഥകള്‍ക്കും കാര്യമായ പങ്കുണ്ട്. അമിതമായ ഭയവും ആശങ്കകളുള്ള  ഒരു സമൂഹത്തില്‍ ഇത് സ്വാഭാവികമായ ഒരു കാര്യമാണ്. കേള്‍ക്കുന്ന കിംവദന്തിയുമായി വ്യക്തിയുടെ ജീവിതാനുഭവങ്ങള്‍ എത്രമാത്രം താദാത്മ്യം പ്രാപിക്കുന്നുണ്ടെന്ന കാര്യം പ്രധാനമാണ്. അതായതു ഇത്തരത്തിലുള്ളതോ, സമാനമായതോ ആയ അനുഭവങ്ങളിലൂടെ കടന്നു പോകുന്നതോ പോയിട്ടുള്ളതോ ആയ ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ പെട്ടെന്ന് വിശ്വസിക്കാനുള്ള സാധ്യത കൂടുതലാണ്. 

 എല്ലാവരെയും ഒരുപോലെ ബാധിക്കുന്നതോ ബാധിക്കാന്‍ സാധ്യത ഉള്ളതോ അയ കാര്യങ്ങള്‍ പെട്ടന്ന് പ്രചരിക്കപ്പെടും. അടുത്തകാലത്ത് നിറഞ്ഞു നിന്ന വാര്‍ത്തകളായ ഐ എസ്സില്‍ ആളുകളെ ചേര്‍ക്കലും, ഭിക്ഷാടകര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന വാര്‍ത്തകളുമൊക്കെയായി ഇതിനെ ചേര്‍ത്തു വായിക്കാവുന്നതാണ്. 

കുട്ടികളെയും അവരുടെ ഭാവിയെക്കുറിച്ചുമുള്ള രക്ഷിതാക്കളുടെ  അമിതമായ ഭയം ആശങ്കയുണ്ടാക്കുകയും അത് മറ്റുള്ളവരോട് പറയുമ്പോള്‍ സ്വാഭാവികമായും ലഭിക്കുന്ന മനശാന്തി വ്യക്തികളുടെ ഉത്കണ്ഠ കുറയ്ക്കുന്നുമുണ്ട്. 

മറ്റ് ആളുകള്‍ ഇത്തരം അരക്ഷിതാവസ്ഥ മനസിലാക്കുമ്പോള്‍ തനിക്കും സഹായം കിട്ടാന്‍ സാധ്യതയുണ്ടെന്ന വിശ്വാസമാണ് ഇത്തരം വാര്‍ത്തകള്‍ മറ്റുള്ളവരോട് പറയുന്നതിന്റെ പിന്നില്‍.  ചുരുക്കി പറഞ്ഞാല്‍  ഒരു സമൂഹത്തിന്റെ അരക്ഷിതാവസ്ഥയുടെ വെളിപ്പെടുത്തല്‍ കൂടെയാകാം ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. 

പലപ്പോഴും കിംവദന്തികളില്‍ വീണു പോകുന്നവര്‍ മനസിന് ചാഞ്ചല്യം കൂടുതലുള്ളവരായിരിക്കും...അതുപോലെ തന്നെ കിംവദന്തികളുടെ സത്യാവസ്ഥ വെളിച്ചത്തു വരാതിരിക്കുന്തോറും അത് ഉറച്ച വിശ്വാസങ്ങളാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരിക്കലും നല്ല വാര്‍ത്തകള്‍ പെട്ടന്ന് പടര്‍ന്നു പിടിക്കില്ല...എന്നാല്‍ അല്പം മോശം വാര്‍ത്തകളാണങ്കിലോ..? അത് നമ്മള്‍ പോലുമറിയാതെ വിശ്വസിക്കുകയും പ്രാധാന്യം കൊടുക്കുകയും ചെയ്യും. ഇത് മനുഷ്യ സഹജമായ ഒരു പ്രതിഭാസമാണ്. 

അടുത്ത കാലത്തു ജീവിച്ചിരിക്കെ പലതവണ കൊല്ലപെട്ടവരാണ് അന്തരിച്ച ജയലളിതയും, ചലച്ചിത്ര നടന്‍ സലിം കുമാറും, ഇന്നസെന്റുമൊക്കെ. ഇവരൊക്കെ അവരവരുടെ കര്‍മ മേഖലകളില്‍  വിജയം വരിച്ചവരാണ്. ഇവരൊക്കെ അവാര്‍ഡുകള്‍ നേടിയപ്പോളോ മറ്റു നേട്ടങ്ങള്‍ കൈവരിച്ചപ്പോളോ, സലിം കുമാര്‍ എന്ന നടന്‍ ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ വച്ച് ''കമ്പാര്‍ട്ട്‌മെന്റ്'' എന്ന നല്ലൊരു സിനിമ സംവിധാനം ചെയ്തപ്പോഴോ ലഭിക്കാത്ത പ്രചാരണമാണ് പലപ്പോഴും മേല്പറഞ്ഞ വാര്‍ത്തകള്‍ക്ക് ലഭിച്ചത്. 

ഒരു പക്ഷെ ഇത്തരം വാര്‍ത്തകള്‍ പിറവിയെടുക്കാനുള്ള കാരണം അസൂയയോ, വിദ്വേഷമോ ഒക്കെയാവാം. എന്നാല്‍ ഇത് പ്രചരിക്കുന്നതിനു പിന്നില്‍ ആ വാര്‍ത്ത നല്‍കുന്ന വൈകാരിക അവസ്ഥകള്‍ക്കും ആവേശത്തിനും പ്രാധാന്യമുണ്ട്. 

അതായത് സെലിബ്രിറ്റികളുടെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ പ്രചരിക്കുന്നത് അതിനൊരു ഉദാഹരണമാണ്. പലപ്പോഴും മദ്യപാനമോ മറ്റു മോശം സ്വഭാവങ്ങളോ ഒക്കെ ബന്ധിപ്പിച്ചാവും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അടുത്തിടെ എവിടെയോ കേട്ട ഒരു തമാശ ഓര്‍ക്കുന്നു. ഒരു രാജ്യത്തു പ്രധാനമന്ത്രി ഭാര്യയോടും കുട്ടികളോടുമൊത്ത് അവധിക്കാലം ചിലവഴിക്കാന്‍ കുറച്ചുദിവസം അവധിയെടുത്താല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കണമെങ്കില്‍ വാര്‍ത്തയ്ക്ക് ചെറിയ ഒരു മാറ്റം വരുത്തി ''ഒരു സ്ത്രീയ്ക്കും രണ്ടുകുട്ടികള്‍ക്കുമൊപ്പം  പ്രധാനമന്ത്രി അവധിക്കാലം ചിലവഴിക്കാന്‍ പോകുന്നു'' എന്ന് മാറ്റിയാല്‍ വാര്‍ത്തയുടെ ഉള്ളടക്കത്തിന് മാറ്റവുമില്ല, കൂടുതല്‍ വായനക്കാര്‍ വായിക്കുകയും ചെയ്യുമത്രേ. വായനക്കാര്‍ക്ക് ഇത്തരം വാര്‍ത്തകളാണ് ആവശ്യം എന്ന നിലയിലേക്ക് പല നവമാധ്യമങ്ങളും വഴിമാറിത്തുടങ്ങിയിരിക്കുന്നു.

അവ്യക്തമായ വാര്‍ത്തകള്‍

ചില കാര്യങ്ങള്‍ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. ഉദാഹരണത്തിന് മിക്കവാറും സോഷ്യല്‍ മീഡിയയില്‍ വന്നു പോകുന്ന ഒരു വാര്‍ത്തയാണ് 'ശീതള പാനീയത്തില്‍ എച്ച് ഐ വി അണു ബാധിതനായ വ്യക്തിയുടെ രക്തം വീണിട്ടുണ്ട്, അത് കുടിക്കരുത്.'  ഒരിക്കലും അങ്ങനെ എച്ച്് ഐ വി പകരില്ല എന്ന് നല്ല ശതമാനം ആളുകള്‍ക്കും അറിയാം. 

എന്നാല്‍ അത് എച്ച് ഐ വി ആയതുകൊണ്ടും, നിലനില്‍ക്കുന്ന മുന്‍വിധികള്‍ കൊണ്ടും അതുമായി ബന്ധപെട്ടു ശാസ്ത്രീയമായ അറിവുകളെ സ്വീകരിക്കാന്‍ സദാചാരം നമ്മെ അനുവദിക്കാത്തത് കൊണ്ടും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുകയും  അത് പടര്‍ന്നു പന്തലിക്കുകയും ചെയ്യും. 

മറ്റൊരു ഉദാഹരണം നോക്കിയാല്‍ എല്ലാ ദിവസവും ക്ലാസ്സില്‍ വരുന്ന ഒരു കുട്ടി കുറച്ചു ദിവസങ്ങളായി ക്ലാസ്സില്‍ വരുന്നില്ല ! എന്നാല്‍ എന്തുകൊണ്ടാണ് അവന്‍ ക്ലാസ്സില്‍ വരാത്തതെന്നതിനു കൃത്യമായ അറിവ് ആര്‍ക്കും ഇല്ല എന്ന് കരുതുക....എന്തെല്ലാം വാര്‍ത്തകളാകും ചര്‍ച്ചയാവുക...ഒരു പക്ഷെ എന്തെങ്കിലും അസുഖം, കുടുംബത്തിലാര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു, അവന്‍ സ്‌കൂള്‍ ഇഷ്ടമില്ലാത്തത് കൊണ്ട് സ്‌കൂള്‍ മാറി.....പക്ഷെ എന്തായിരിക്കും ശരിയായ കാരണം?....പലപ്പോഴും അവ്യക്തമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ വ്യക്തികള്‍ ശ്രമിക്കാതിരിക്കുകയും പിന്നീട് ഓരോരുത്തരുടെയും വ്യക്തിപരമായ വ്യാഖ്യാനങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് നല്‍കുകയും ഏറ്റവും എരിവും പുളിയുമുള്ള വാര്‍ത്തകള്‍ ആളുകള്‍ ഏറ്റുപിടിച്ചു പ്രചരിപ്പിക്കുകയും ചെയ്യും.

കുപ്രചരണങ്ങളിലൂടെ നേട്ടങ്ങള്‍ കൊയ്യുന്നവര്‍

ചില ആളുകള്‍ കുപ്രചരണങ്ങള്‍ പടച്ചു വിടുന്നതില്‍  രാജാക്കന്‍മാരാണ്. മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റിക്ക് സ്വഭാവമുള്ള ഇവര്‍ മറ്റുള്ളവരെപ്പറ്റി അപവാദം പറഞ്ഞു പരത്തുന്നതിലൂടെയും സന്തോഷം കണ്ടെത്തും. സോഷ്യല്‍ മീഡിയയുടെ വരവ് കൂടി ആയപ്പോള്‍ ഇത്തരക്കാര്‍ ആഹ്ലാദത്തിന്റെ പരമകോടിയിലാണ്. നേരിട്ട് മുഖം നോക്കാതെ എന്തും വിളിച്ചു പറയ്യാന്‍ പറ്റുന്ന സ്വാതന്ത്ര്യം ഇങ്ങനെയുള്ള മാധ്യമങ്ങളിലൂടെ സാധിക്കും. 

ചിലര്‍ മോശം വാര്‍ത്തകളിലൂടെ പ്രശസ്തരായവരാണ്. രാഷ്ട്രീയം, സിനിമ, തുടങ്ങിയ മേഖലകളില്‍ കുപ്രസിദ്ധിയിലൂടെ പ്രശസ്തരായവര്‍ നിരവധിയാണ്. വിവാദങ്ങള്‍ മനപ്പൂര്‍വം ഉണ്ടാക്കുകയും, കിംവദന്തികള്‍ തൊടുത്തു വിടുകയും കച്ചവട സാദ്ധ്യതകള്‍ കൃത്യമായി അറിഞ്ഞു കച്ചവടം നടത്തുന്നവരുമാണ് ഇക്കൂട്ടര്‍.

കിംവദന്തികള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് അഡിക്ഷന്‍, ഫേസ് ബുക്ക് അഡിക്ഷന്‍, അതുപോലെ മറ്റു മാനസിക പ്രശ്‌നങ്ങള്‍, വ്യക്തിത്വ വൈകല്യങ്ങള്‍  തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി പരിഹരിക്കേണ്ടതുണ്ട്.

ചില ആളുകള്‍ എല്ലാ പുതിയ വാര്‍ത്തകളും ആദ്യം ഷെയര്‍ ചെയ്യണമെന്നു വിശ്വസിക്കുന്നവരാണ്. അതായത് വ്യക്തിക്ക് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനപ്പുറം ആദ്യം ഷെയര്‍ ചെയ്യണം എന്ന ചിന്ത ആവര്‍ത്തിച്ച് വരികയും  ഇത് ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ തീവ്രമായി മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വരുന്നവരാണ് ഇവര്‍. ഇത്തരം അവസ്ഥകളെ ഫിയര്‍ ഓഫ് മിസ്സിംഗ് ഔട്ട് എന്നാണ് വിളിക്കുക. ഇത്തരം വൈകല്യങ്ങള്‍ വ്യക്തിയുടെ ജീവിതത്തിലും, കുടുംബ സാമൂഹിക ബന്ധങ്ങളിലും പ്രശ്‌നങ്ങള്‍  സൃഷ്ടിക്കുന്നുവെങ്കില്‍ ചികത്സ അത്യാവശ്യമാണ്.

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)