സ്‌കൂളിലെ ടീച്ചറാണ് അമ്മയോട് പറഞ്ഞത് പത്തു വയസ്സുകാരനെ ഡോക്ടറെ കാണിക്കാന്‍ . 'പഠിക്കാന്‍ മോശമാണ്. ക്ലാസില്‍ അടങ്ങിയിരിക്കില്ല. മറ്റു കുട്ടികളെ ഉപദ്രവിക്കുന്നതാണ് വേറൊരു പ്രശ്‌നം. കുട്ടിയെക്കുറിച്ച് മറ്റു മാതാപിതാക്കള്‍ പരാതി പറയുന്നു. ഇനി ഡോക്ടറെ കണ്ടിട്ടു മതി സ്‌കൂളില്‍ വിടുന്നതെന്നാണ് ടീച്ചറും പ്രിന്‍സിപ്പാളും പറയുന്നത്. 'അമ്മയോടു കുട്ടിയെക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ - ' ഇത്തിരി വികൃതിയുണ്ടെന്നേ വിചാരിച്ചുള്ളൂ. മാറിക്കോളും എന്നു കരുതി. ചോദിച്ചു വന്നപ്പോഴാണ് വീട്ടില്‍ നിന്നും പൈസ മോഷ്ടിക്കുന്നതും , തര്‍ക്കുത്തരം പറയുന്നതും ഉള്‍പ്പെടെയുള്ള ഒരുപാടു കാര്യങ്ങള്‍ അവന്റെ അമ്മ പറയുന്നത്. അവരുടെ കണ്ണില്‍ ഇതെല്ലാം 'ഇത്തിരി വികൃതി 'യായിട്ടേ തോന്നിയുള്ളൂ. 

ഇത് ഒരു ഉദാഹരണം. ഇനി മറ്റൊരു സാഹചര്യം നോക്കാം. 'ഇവന് വല്ലാത്ത വികൃതിയാണ്. എന്തെങ്കിലും ചെയ്യണം'' എന്നാണ് അച്ഛന്റെയും അമ്മയുയെയും പരാതി. പരിശോധനാ മുറിയില്‍ കയറിയതും അവര്‍ കുട്ടിയെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ചു . കുട്ടിക്ക് കുറ്റങ്ങളും, പ്രശ്‌നങ്ങളും മാത്രം. അവനെക്കുറിച്ച് ഒരു നല്ല കാര്യം പോലുമില്ല അവര്‍ക്ക് പറയാന്‍. എങ്ങനെയെങ്കിലും അവനെ ശരിയാക്കണം എന്നതാണ് ആവശ്യം. എന്നാല്‍ ഓരോ കാര്യങ്ങളായി വിശദമായി പരിശോധിച്ചപ്പോള്‍ പ്രായത്തിന്റെ ചില്ലറ കുസൃതിത്തരങ്ങളല്ലാതെ മറ്റൊന്നുമില്ല എന്നു മനസ്സിലായി. കുട്ടിയെ തങ്ങള്‍ വരച്ച വരയില്‍ നിര്‍ത്തണം എന്ന അവരുടെ സങ്കല്‍പത്തിനായിരുന്നു പ്രശ്‌നം.

ഈ രണ്ട് ഉദാഹരണങ്ങള്‍ നോക്കൂ.  ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മനസ്സിലാവാത്ത അമ്മയും , ചെറിയ കാര്യങ്ങള്‍ പര്‍വതീകരിക്കുന്ന അച്ഛനമ്മമാരും .ഇവ രണ്ടും ആരോഗ്യകരമായ പ്രവണതകളല്ല. മറ്റു കുട്ടികളെ അടിക്കുക, നുള്ളുക, അവരുടെ സാധനങ്ങള്‍ മോഷ്ടിക്കുക, തുടങ്ങിയ പ്രവണതയുള്ള കുട്ടികളുടെ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. 

സഹപാഠിയെ ബലാത്സംഗം ചെയ്യുന്നവരും, കൊല ചെയ്യുന്നവരുമായ കൗമാരക്കാരുടെ കഥകളും ഇപ്പോള്‍ കൂടി വരുന്നു. അതുകൊണ്ടാണ് നമ്മള്‍ ഈ വിഷയത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത്. എല്ലാ വികൃതിക്കുട്ടന്‍മാരും പ്രശ്‌നക്കാരാവണമെന്നില്ല. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കണ്ടാല്‍ ശരിയായ ചികിത്സ തേടേണ്ടതുണ്ട്. കുട്ടികളില്‍ കണ്ടു വരാറുള്ള ചില പ്രശ്‌നങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ADHD (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍കൈനറ്റിക് ഡിസോര്‍ഡര്‍ )

ചില കുട്ടികളെ കണ്ടിട്ടില്ലേ? ഒരിടത്ത് അടങ്ങിയിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. എപ്പോഴും ഓടിക്കളിക്കും. ഒരിടത്ത് ഇരുത്തിയാല്‍ തന്നെ കൈകാലുകള്‍ സദാ ചലിപ്പിച്ചു കൊണ്ടിരിക്കും. സ്വിച്ചിട്ടാല്‍ ഓടുന്ന യന്ത്രം പോലെ എപ്പോഴും ഊര്‍ജ്ജസ്വലര്‍ .അതോടൊപ്പം തന്നെ  അശ്രദ്ധ (inattention ), എടുത്തു ചാടുന്ന പ്രകൃതം (impulsivtiy) എന്നിവയും കാണാം. വരും വരായ്കകള്‍ ആലോചിക്കാതെ എന്തു  സാഹസികതയ്ക്കും , പരീക്ഷണങ്ങള്‍ക്കും മുതിരുന്നവരായതു കൊണ്ടു തന്നെ സ്ഥിരമായി പരിക്കേല്‍ക്കുന്നവരും ആയിരിക്കും ഇവര്‍. ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാറില്ല. എന്നാല്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കടുത്ത രീതിയില്‍ ആവര്‍ത്തിച്ചു കാണുകയും , അതു കാരണം സ്‌കൂളിലോ മറ്റു സാഹചര്യങ്ങളിലോ കുട്ടിയുടെ സാധാരണ പ്രവൃത്തികള്‍ക്ക് അലോസരമുണ്ടാക്കുകയും ചെയ്യുന്നതായി കണ്ടാല്‍ വിദഗ്ദ്ധ സഹായം തേടേണ്ടതാണ്. 

Oppositional defiant disorder (ഒപ്പോസിഷനല്‍ ഡിഫൈന്റ് ഡിസോര്‍ഡര്‍ ) 

സമപ്രായക്കാരായ മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തമായി, സ്ഥിരമായി മുതിര്‍ന്നവരെ അനുസരിക്കാതിരിക്കാനും ധിക്കരിക്കാനുമുള്ള പ്രവണതയാണ് ഈ കുട്ടികളില്‍ കാണാറുള്ളത്. എന്നാല്‍ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇവര്‍ ഉണ്ടാക്കാറില്ല . ഈ അവസ്ഥ ശരിയായ സമയത്ത് തിരുത്തിയില്ലെങ്കില്‍ കണ്ടക്റ്റ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലേക്കു പോകാം. എളുപ്പത്തില്‍ പ്രകോപിപ്പിക്കപ്പെടുന്നതും, മറ്റുള്ളവര്‍ക്ക് പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നതും ഇവരുടെ പ്രത്യേകതയാണ്. ഈ അവസ്ഥ നിര്‍ണ്ണയിക്കുന്നതിനു മുന്‍പ് കുട്ടിക്ക് മറ്റേതെങ്കിലും തരത്തിലുള്ള മാനസിക രോഗം ഉണ്ടോ എന്നും പരിശോധിക്കണം .കുട്ടിയുടെ പ്രായവും കണക്കിലെടുക്കണം. 

Conduct disorder ( കണ്ടക്റ്റ് ഡിസോര്‍ഡര്‍)

കണ്‍ഡക്റ്റ് ഡിസോര്‍ഡര്‍ എന്നാല്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയാണ്. ഒപ്പോസിഷനല്‍ ഡിഫൈന്റ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങളോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുന്ന രീതിയിലുള്ള പെരുമാറ്റവും ഈ കുട്ടികളില്‍ നിന്നുണ്ടാകാം. താഴെ പറഞ്ഞിരിക്കുന്നവയില്‍ ചിലതാണ് ഉദാഹരണങ്ങള്‍.

 1.സാധാരണയില്‍ കവിഞ്ഞ അനുസരണക്കേട്.
 2.മറ്റു കുട്ടികളോട് ക്രൂരത കാണിക്കാനുളള പ്രവണത.
 3.സ്ഥിരമായി വഴക്കിടാനും മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കാനുമുള്ള പ്രവണത.
 4.അകാരണമായ നിസ്സഹകരണ മനോഭാവം
 5.സാധനങ്ങള്‍ നശിപ്പിക്കുക ,അനാവശ്യമായി സാധനങ്ങള്‍ കത്തിക്കുക തുടങ്ങിയ പ്രവൃത്തികള്‍  ചെയ്യാനുള്ള പ്രവണത. 
 6.മൃഗങ്ങളോട് ക്രൂരത കാണിക്കുക 
 7.മോഷ്ടിക്കാനുള്ള പ്രവണത.

സ്ഥിരമായി കുട്ടി ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. 

ചിലരുടെപ്രശ്‌നങ്ങള്‍ വീട്ടിലോ ,കുടുംബത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നവയാണ്  (Conduct disorder confined to the family context ). മറ്റു സാഹചര്യങ്ങളില്‍ സാധാരണ പെരുമാറ്റം അവര്‍ കാണിച്ചേക്കാം. അതുകൊണ്ടു തന്നെ അവരുടെ കുടുംബ പശ്ചാത്തലം സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍,  വീട്ടിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷം ,മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ,ഗാര്‍ഹിക പീഡനം തുടങ്ങിയ പ്രശ്‌നങ്ങളാണ് സാധാരണയായി ഇത്തരം കുടുംബങ്ങളില്‍ കാണാറുള്ളത്. എന്നാല്‍ പലപ്പോഴും കുട്ടിയുമായി പരിശോധനക്കു വരുന്ന രക്ഷിതാക്കള്‍ പലരും ഈ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാറില്ല. അവരുടെ കണ്ണില്‍ ഇവയൊന്നും തന്നെ പ്രാധാന്യമുള്ളതുമാവാറില്ല. 'ഇവന്റെ പെരുമാറ്റം ശരിയല്ല , എന്തെങ്കിലും മരുന്ന് വേണം' എന്നാണ് അവര്‍ പറയാറുള്ള സ്ഥിരം വാചകം. പതിയെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുമ്പോഴാണ് മറ്റു പ്രശ്‌നങ്ങള്‍ പുറത്തേക്ക് വരാറുള്ളത്. എന്നാല്‍ പോലും അത് അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. അവരുടെ കാഴ്ചപ്പാടില്‍ ' അനുസരിക്കാത്ത കുട്ടി' മാത്രമാണ് കുറ്റവാളി. 

കണ്ടക്റ്റ് ഡിസോര്‍ഡര്‍ ഉള്ള കുട്ടികളില്‍ ചിലരെങ്കിലും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിയാത്തവരാണ് (unsocialized conduct disorder)  .സഹാനുഭൂതിയില്ലായ്മയാണ് പ്രധാന പ്രശ്‌നം. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും സാഹചര്യത്തിനൊത്തുയരാനും പലപ്പോഴും ഇവര്‍ക്കു കഴിയാറില്ല. അതുകൊണ്ടു തന്നെ സൗഹൃദങ്ങളും കുറവായിരിക്കും. എന്നാല്‍ ചിലര്‍ക്ക് വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല . മാത്രമല്ല ദൃഢമായ സുഹൃദ്‌വലയം ഉണ്ടായെന്നും വരാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ള മറ്റു കുട്ടികളുമായാണ് കൂട്ടുകെട്ട് ഉണ്ടാകുന്നതെങ്കില്‍ സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളിലും അവര്‍ പങ്കാളികളാവാറുണ്ട്. അതും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നയിക്കാം. 

ഈ പ്രശ്‌നങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യം എന്താണ്?  ചെറിയ പ്രശ്‌നങ്ങള്‍ തിരുത്താന്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ അവഗണിക്കും തോറും തിരുത്താനുള്ള സാധ്യതയും കുറയും. ADHD പോലുള്ള പ്രശ്‌നങ്ങള്‍ അവഗണിക്കുമ്പോള്‍ കുട്ടിയുടെ പഠനവും മറ്റും അവതാളത്തിലാവാം. പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരായതുകൊണ്ട് ലഹരി പോലുള്ള പ്രശ്‌നങ്ങളിലും ചെന്നെത്താം. ഇതെല്ലാം ഒഴിവാക്കാവുന്ന പ്രശ്‌നങ്ങളാണ്. 

ഒപ്പോസിഷനല്‍ ഡിഫൈന്റ്  ഡിസോര്‍ഡര്‍ ഉള്ള കുട്ടികളെ ശരിയായ സമയത്ത് കണ്ടെത്തി ചികിത്സ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് കണ്ടക്റ്റ് ഡിസോര്‍ഡര്‍ ഉണ്ടാകാനുള്ള സാധ്യതയേറും. മാത്രമല്ല കണ്ടക്റ്റ് സിസോര്‍ഡര്‍ ഭാവിയില്‍ ഗുരുതരമായ വ്യക്തിത്വ വൈകല്യങ്ങളിലേക്കും നയിക്കാം (antisocial personaltiy disorder). ഇങ്ങനെയാണ് വികൃതിക്കുട്ടന്‍മാര്‍ പതിയെ കുറ്റവാളികളും വില്ലന്‍മാരും ആവുന്നത്. 

ADHD എന്ന അവസ്ഥ മരുന്നുകള്‍ കൊണ്ടും, ബിഹേവിയറല്‍ തെറാപ്പി എന്ന ചികിത്സാരീതി കൊണ്ടുമാണ് ചികിത്സിക്കുന്നത്.. എന്നാല്‍ മറ്റുള്ളവയ്ക്ക്  പ്രധാനമായും  ദീര്‍ഘകാലത്തെ ബിഹേവിയറല്‍ തെറാപ്പിയാണ് നിര്‍ദ്ദേശിക്കാറ്. കുട്ടിയോടൊപ്പം അച്ഛനമ്മമാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും , കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കു ചികിത്സ നല്‍കേണ്ടതും പ്രധാനമാണ്. ഒരേയൊരു കാര്യമാണിവിടെ ശ്രദ്ധിക്കേണ്ടത് .കുട്ടിക്കുറുമ്പുകള്‍ എല്ലാം പ്രശ്‌നങ്ങളാണെന്നു ധരിച്ച് കുട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല. എന്നാല്‍ കുട്ടി അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോള്‍ , കുട്ടിയോടുള്ള അമിത വാത്സല്യത്താല്‍ അത് കാണാതെ  പോവരുത്. സംശയം തോന്നിയാല്‍ വിദഗ്ദാഭിപ്രായം തേടുക. ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ ഡോക്ടറെ കാണുകയെന്നാല്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴും സ്വീകാര്യമല്ലായിരിക്കാം. അതു കൊണ്ടാണ് ഇതുവരെ വരാതിരുന്നത് എന്ന് ചിലര്‍ പറയാറുമുണ്ട്.  എന്നാല്‍ അത്തരം ചിന്തകള്‍ മാറ്റി വയ്ക്കുക . കാരണം അതിനേക്കാള്‍ എത്രയോ പ്രധാനമാണ് നിങ്ങളുടെ കുട്ടിയുടെ ഭാവിയും ജീവിതവും .

(ന്യൂഡല്‍ഹിയിലെ ഡോ:രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ആന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ സീനിയര്‍ റെസിഡന്റാണ് ഡോ.ശില്‍പ)