നിക്ക് അവളെ മറക്കാന്‍ കഴിയുന്നില്ല സാര്‍.. മുന്‍പൊക്കെ അവളെ കാണാന്‍ രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പില്‍ ചെല്ലുമ്പോള്‍ എന്നെ നോക്കി അവള്‍ ചിരിക്കുമായിരുന്നു.. എന്റെ പ്രണയം എങ്ങനെ അവളോട് പറയുമെന്ന ആശങ്കയായിരുന്നു ആദ്യമൊക്കെ.. ഒടുവില്‍ അവളുടെ കോളേജില്‍ പഠിക്കുന്ന എന്റെ സുഹൃത്ത് മുഖാന്തിരം ഞാന്‍ അവളെ ജീവന് തുല്യം സ്‌നേഹിക്കുന്നുവെന്ന് അറിയിച്ചു. പക്ഷെ അവള്‍ക്കു എന്നെ അങ്ങനെയൊന്നും കാണാന്‍ കഴിയില്ലത്രേ...പിന്നീട് അവള്‍ എന്റെ മുഖത്തൊന്നു നോക്കുക പോലും ചെയ്യുന്നില്ല.. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല, മനസിന് ഒരു സന്തോഷവുമില്ല. അവള്‍ എന്റെ പ്രണയം നിരസിച്ചിട്ടും എല്ലാ ദിവസവും അവളറിയാതെ ബസ്സ്‌സ്‌റ്റോപ്പില്‍ പതിവ് പോലെ അവളെ കാണാന്‍ പോകും. അവള്‍ക്കുള്ള എഴുത്തുകള്‍ പതിവുപോലെ ഡയറിയില്‍ കുറിച്ചിടും. എനിക്ക് സങ്കടം സഹിക്കാന്‍ പറ്റുന്നില്ല സാര്‍..എന്നെ സഹായിക്കണം! ഒരിക്കല്‍ മന:ശാസ്ത്രജ്ഞനെ കാണാന്‍ വന്ന ഏകദേശം ഇരുപത്തിയാറു വയസുള്ള ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണിത്.

മറ്റൊരു ചെറുപ്പക്കാരനാണെങ്കില്‍ അമിതമായ ലഹരി ഉപയോഗം, എല്ലാവരോടും ദേഷ്യം, ദേഷ്യം സഹിക്കാനാവാതെ വരുമ്പോള്‍ വീട്ടിലെ ടിവിയും മറ്റു വീട്ടുപകരണങ്ങളും തല്ലിപ്പൊട്ടിക്കും, ഒരു ദിവസം മരിക്കാനായി മൂക്കറ്റം മദ്യപിച്ചു സ്വന്തം ബൈക്ക് നിര്‍ത്തിയിട്ട ബസിന്റെ പിന്നിലിടിച്ചുകയറ്റി.. സാരമായ പരിക്കുകളുമായി കുറച്ചു ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആ സമയത്ത് പോലും മകന്റെ അമിത ദേഷ്യവും ലഹരിയോടുള്ള ആസക്തിയും കണ്ടിട്ടാണ് രക്ഷിതാക്കള്‍ ഡിസ്ചാര്‍ജിനു മന:ശാസ്ത്രജ്ഞനെ കാണാന്‍ തീരുമാനിക്കുന്നത്. 

ഏതാണ്ട് എട്ടു മാസമായുള്ള പ്രണയം... ഒരു ദിവസം നമുക്ക് നല്ല സുഹൃത്തുക്കളാകാമെന്നു തന്റെ കാമുകി പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ആദ്യമൊക്കെ ലഹരിയില്‍ അഭയം തേടി, പിന്നീട് മരിച്ചു കളയാമെന്നു തോന്നി തുടങ്ങി..അവളെ നേരില്‍ കണ്ടാല്‍ അവളെയും കൊല്ലും ഞാനും ചാകും സാറെ..

പ്രണയ പരാജയവും പ്രണയ നൈരാശ്യവുമൊക്കെ ജീവിതത്തില്‍ ഒരു തവണയെങ്കിലും അനുഭവിക്കാത്തവര്‍ വിരളമാണ്..എന്നാല്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും ഈ വിഷമസന്ധിയെ അഭിമുഖീകരിക്കുക. ചിലര്‍  കാര്യങ്ങളെ വളരെ പെട്ടന്ന് മറക്കുന്നവരാണ്, മറ്റു ചിലര്‍ ജീവിതത്തിന്റെ നല്ല സമയം നഷ്ട പ്രണയത്തിന്റെ ഭാണ്ഡവും പേറി ജീവിക്കുന്നവരാണ്. എന്നാല്‍ മറ്റു ചിലരാവട്ടെ ഇതിനെ ജീവിതത്തിനേറ്റ കനത്ത പരാജയമായി കണ്ട് ജീവിതം അവസാനിപ്പിക്കാന്‍ തുനിയുന്നവരും, അവളെയും കൊല്ലും ഞാനും ചാകും എന്ന് വാശിപിടിക്കുന്നവരുമാണ്..

ഈ പ്രണയം വല്ലാത്തൊരു പഹയന്‍ തന്നെ. പ്രണയം തലയ്ക്കു പിടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയാത്ത തരത്തിലേക്ക് മനുഷ്യനെ മാറ്റി മറിക്കാനുള്ള എന്തോ ഒരു  ലഹരി  അതിലുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ പക്വതയില്ലാത്ത പ്രണയം വെറും ഹോര്‍മോണുകള്‍ ആണെന്നും  ഒരിക്കലും പ്രണയിക്കരുതെന്നുമൊക്കെ പറഞ്ഞാല്‍ ഇല്ലാതാവുന്ന ഒന്നാണ് പ്രണയമെങ്കില്‍ എന്നേ ഈ പ്രണയം മനുഷ്യരില്‍ നിന്നും അപ്രത്യക്ഷമായിരുന്നേനെ..! 

പ്രണയം നിരസിച്ചതിന് സഹപാഠിയെ അഗ്‌നിക്കിരയാക്കിയ വാര്‍ത്ത അല്പം ആശങ്കകളോടെയാണ് കേരള സമൂഹം കേട്ടത്. അകാലത്തില്‍ പൊലിഞ്ഞ രണ്ടു വിദ്യാര്‍ഥികളെ ഓര്‍ത്താല്‍ ഇവരില്‍ ആരാണ് ശരി ആരാണ് തെറ്റ് എന്ന് പോലും പറയാനാവാത്ത വിധം സംഭ്രമത്തിലാണ് ഈ വാര്‍ത്ത കേട്ട ഒട്ടുമിക്ക ആളുകളും. ഇഷ്ടം തോന്നുന്ന  ആളെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക.. എങ്ങനെയാണു സ്‌നേഹം വെറുപ്പായി മാറുക.?

lakshmi
കൊല ചെയ്യപ്പെട്ട ലക്ഷ്മി

മാനസിക കാരണങ്ങള്‍ 

മേല്‍പറഞ്ഞ സംഭവങ്ങളെ  വളര്‍ത്തു ദോഷവും, പുതു തലമുറയുടെ പ്രശ്‌നങ്ങളുമൊക്കെയായി വ്യാഖ്യാനിക്കുമ്പോള്‍ തികച്ചും വ്യക്തിപരമായ വൈകല്യങ്ങളാണ് ഇത്തരം പെരുമാറ്റങ്ങളുടെ  പിന്നിലുള്ളതെന്നും, അതിന്റെ മന:ശാസ്ത്രവശത്തെപ്പറ്റിയും മനോരോഗങ്ങളുമായോ വ്യക്തിത്വ വൈകല്യങ്ങളുമായോ ഉള്ള  ബന്ധത്തെപ്പറ്റിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. 

എല്ലാ വ്യക്തികളും അവരവരുടെ മാനസിക വൈകാരിക അവസ്ഥകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നവരാണ്. എന്നാല്‍ ചിലരില്‍ ഈ വ്യത്യാസം അവരുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സ്വസ്ഥമായ ജീവിതത്തിനു വിഘാതമാവുകയും ചെയ്യും. ചിലരില്‍ കണ്ടുവരുന്ന വ്യക്തിത്വ സവിശേഷതകള്‍ മൂലം അവര്‍ പ്രതികാരം തീവ്രമായി മനസില്‍ സൂക്ഷിക്കുന്നവരും സ്വയം നിയന്ത്രിക്കാനുള്ള കഴിവില്‍ തകരാറുള്ളവരും മോശം ജീവിത സാഹചര്യങ്ങളെ സഹിക്കാന്‍ പറ്റാത്തവരും ബന്ധങ്ങളില്‍ അമിതമായി സ്വാര്‍ത്ഥതയുള്ളവരും തനിക്കു പ്രിയപ്പെട്ടവരുടെ സ്‌നേഹം തനിക്ക് മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധമുള്ളവരും അധികം ചിന്തിക്കാതെ എടുത്തു ചാടി പെരുമാറുന്നവരുമായിരിക്കും.   
    
ഓരോ വ്യക്തിക്കും ജീവിതം, താന്‍ പ്രതീക്ഷിക്കുന്ന തരത്തിലാവണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ തന്റെ ആഗ്രഹത്തിന് വിപരീതമായി കാര്യങ്ങള്‍ വരുമ്പോള്‍ ഒട്ടും സഹിക്കാന്‍ പറ്റാതെ വന്നാലോ? ചില ആളുകളുടെ വ്യക്തിത്വത്തില്‍ ഈ സ്വഭാവം ഉണ്ടായിരിക്കുകയും ജീവിതത്തിലേല്‍ക്കേണ്ടി വരുന്ന ചെറിയ ചെറിയ വിഷമങ്ങളെ അല്ലെങ്കില്‍ തിരിച്ചടികളെ പോലും സഹിക്കാന്‍ കഴിവില്ലാത്തവരുമായിരിക്കും. ജീവിതത്തില്‍ സന്തോഷം മാത്രം കിട്ടി മോശം അനുഭവങ്ങളെ സഹിക്കാന്‍ പറ്റാത്ത തരത്തിലേക്ക് ചില വ്യക്തികള്‍ എത്തപ്പെടാറുണ്ട്. ഇത്തരം സ്വഭാവമുള്ളവര്‍ കാര്യങ്ങളെല്ലാം തന്റെ വരുതിക്ക് വരണമെന്ന് ആഗ്രഹിക്കുകയും അതല്ലാതെ വരുമ്പോള്‍ തകര്‍ന്നു പോകുന്നവരുമാണ്.
    
വ്യക്തി കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് ചില പ്രത്യേക തരത്തിലുള്ള ചിന്താരീതികള്‍ പഠിക്കുകയും അതിന്റെ പോരായ്മകള്‍ മനസിലാക്കാതെ അവര്‍ പോലും അറിയാതെ  ഈ  ചിന്തകള്‍ വച്ച് പുലര്‍ത്താറുമുണ്ട്. ഉദാഹരണത്തിന് ' മറ്റുള്ളവര്‍ എല്ലായ്‌പ്പോഴും സന്തോഷം മാത്രം തരണം'', കാര്യങ്ങള്‍ ഞാനാഗ്രഹിക്കുന്നപോലെ നടക്കണം, അല്ലെങ്കില്‍ എനിക്ക് അത് ഒരിക്കലും സഹിക്കാന്‍ കഴിയില്ല'', ''ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ സഹിക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് ഏതു വിധേനയും അതിനെ ഒഴിവാക്കണം'', ''മറ്റുള്ളവര്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി നില്ക്കാന്‍ പാടില്ല'' ഇത്തരം ചിന്തകള്‍ തന്റെ വ്യക്തിത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ പലപ്പോഴും വികലമായ വ്യക്തിത്വവും പേറി ജീവിക്കുന്നവരായിരിക്കും.
    
വിഷമങ്ങളെ സഹിക്കാന്‍ കഴിവില്ലാത്തവര്‍ പെട്ടന്ന് തന്നെ സന്തോഷം വേണമെന്ന് ആഗ്രഹിക്കുന്നവരും, അങ്ങനെ അല്ലാത്തപ്പോള്‍ അമിതമായി മാനസിക സമ്മര്‍ദമനുഭവിക്കുന്നവരും, വളരെയധികം അസൂയയോടെ പെരുമാറുന്നവരുമായിരിക്കും. അതുപോലെ തന്നെ തനിക്കു വിഘാതമായി നില്‍ക്കുന്ന സാഹചര്യങ്ങളോടും വ്യക്തികളോടും അങ്ങേയറ്റം ശത്രുത വച്ചുപുലര്‍ത്തുന്നവരുമായിരിക്കും ഇത്തരക്കാര്‍. 
അതിക്രമങ്ങള്‍ക്ക് കൂടുതലും പെണ്‍കുട്ടികള്‍ ഇരയാവുന്നു !

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളായിരിക്കും ആസിഡ് ആക്രമണങ്ങള്‍ക്കും പ്രണയം നിരസിച്ചതിന് കൊല ചെയ്യപ്പെടുന്നതിനുമൊക്കെ ഇരകളാവുക. പുരുഷ മേധാവിത്ത സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് സ്ത്രീ സ്വന്തമായി  തീരുമാനങ്ങള്‍ എടുക്കുന്നതിനെ വിശാലമായി പ്രോത്സാഹിപ്പിക്കാനൊന്നും കഴിയില്ല. ഒരു തരത്തില്‍ പ്രണയാഭ്യര്‍ഥന നടത്തുമ്പോള്‍ പോലും സ്ത്രീയില്‍ നിന്നും 'നോ' കേള്‍ക്കേണ്ടി വരുമ്പോള്‍ തന്റെ സ്വത്വത്തെ (Identity) അല്ലെങ്കില്‍ ഒരു ആണിന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്ന, ജീവിതത്തിലേറ്റ പരാജയമായിട്ടായിരിക്കും ചില ആളുകള്‍ മനസിലാക്കുക. 

അതുപോലെ തന്നെ ഇത്തരം ആളുകള്‍ അവരുടെ സ്വത്വത്തിന്റെ പൂര്‍ത്തീകരണം നടക്കുന്നത്  തന്റെ പ്രണയിനിയോട് ചേരുമ്പോള്‍ മാത്രമാണന്നു വിശ്വസിക്കുന്നു. അങ്ങനെ അല്ലാതെ വരുമ്പോള്‍ അത് തന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു എന്ന തോന്നല്‍ അവനില്‍ ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീയുടെ സ്വത്വത്തെ വേര്‍തിരിച്ചു കാണാതെ അവള്‍ എന്റെ ഭാഗമാണെന്നും പ്രണയിനിയുടെ സ്‌നേഹം തനിക്കു മാത്രമേ ആകാവൂ എന്നും നിര്‍ബന്ധമുള്ളവരായിരിക്കും. അങ്ങനെ അല്ലാതെ വരുമ്പോള്‍ തന്റെ വ്യക്തിത്വത്തിന് തന്നെ ഏറ്റ തിരിച്ചടിയായി അതിനെ കാണുകയും ഒരിക്കലും സഹിക്കാനാവാത്ത പകയായി അവശേഷിക്കുകയുമാണ് ചെയ്യുന്നത്. 

മാനസിക രോഗങ്ങള്‍

ചില പ്രത്യേക തരത്തിലുള്ള വ്യക്തിത്വ വൈകല്യമുള്ളവര്‍ (Personality Disorder) ഒട്ടും തന്നെ വിഷമങ്ങൾ സഹിക്കാന്‍ പറ്റാതെ വരുന്നവരാണ്. തന്റെ ആഗ്രഹത്തിനെതിരായി വരുന്ന കാര്യങ്ങള്‍ സഹിക്കാന്‍ പറ്റാത്തവരും അങ്ങനെ വരുമ്പോള്‍ പ്രവചനാതീതമായ രീതിയില്‍ പെരുമാറുന്നവരാണ് ഇത്തരം ആളുകള്‍.  അതില്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വ വൈകല്യമാണ് ഇമോഷണലി അണ്‍സ്റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ (Emotionally Unstable Personality Disorder). 

വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനും വികാരങ്ങളെ മനസിലാക്കുന്നത്തിനുമുള്ള  തകരാറുകള്‍ ഇത്തരം  വ്യക്തികളില്‍ കാണാറുണ്ട്. ഉദാഹരണത്തിന് പെട്ടന്ന് ദേഷ്യം വരിക, സന്തോഷം, സങ്കടം എന്നിങ്ങനെ പ്രവചനാതീതമായി വൈകാരികാവസ്ഥകളില്‍ പെട്ടന്ന് മാറ്റം വരുന്നവരാണ് ഇത്തരക്കാര്‍. ആളുകളുമായി പെട്ടെന്ന് അടുക്കുകയും അവര്‍ക്കുവേണ്ടി എന്തും  ചെയ്തു കൊടുക്കാന്‍ സന്നദ്ധരായിരിക്കുന്നവരുമായിരിക്കും ഇവര്‍. മറ്റേ വ്യക്തിയില്‍ നിന്നും സഹിക്കാന്‍ പറ്റാത്ത എന്തെങ്കിലും കാര്യങ്ങള്‍ സംഭവിച്ചാല്‍ അവരെ ഏറ്റവും വെറുക്കുന്നവരുമാവും  ഇത്തരക്കാര്‍. 

കാര്യങ്ങളെ അതിന്റെ അങ്ങേയറ്റം നല്ലതും  ചീത്തയുമായി മാത്രം കാണുകയും എന്നാല്‍ അതിനപ്പുറം നല്ല കാര്യങ്ങളെയും ചീത്ത കാര്യങ്ങളെയും സമ്മിശ്രമായി കാണാന്‍ പറ്റാത്ത സ്വഭാവ സവിശേഷതകള്‍ ഉള്ളവരുമായിരിക്കും. ഇതിനെ സ്പ്ലിറ്റിങ് (Splitting) എന്നാണ് പറയുക. അതുപോലെ തന്നെ ഇത്തരം വ്യക്തിത്വമുള്ളവര്‍ ചിന്തിക്കാതെ എടുത്തുചാടി പ്രതികരിക്കുന്നവരുമായിരിക്കും. 

''മറ്റുള്ളവര്‍ എന്നെ എല്ലായ്‌പ്പോഴും സ്‌നേഹിക്കണം'', ''ഞാന്‍ വൈകാരികമായി വളരെ തൊട്ടാവാടി ആണ്. അതുകൊണ്ട് എല്ലാവരും എന്റെ വികാരങ്ങളെ കാര്യമായി പരിഗണിക്കണമെന്നും'', ആഗ്രഹിക്കുന്നവരാണ്  ഇത്തരം ആളുകള്‍. അവരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം  മുറിവേല്പിക്കുകയും ആത്മഹത്യാ പ്രവണതകള്‍ കാണിക്കുകയും, അധികം ചിന്തിക്കാതെ മറ്റൊരാളുടെ മേല്‍ ശാരീരികമായ അതിക്രമങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.

പ്രണയ നൈരാശ്യവും അക്രമവുമായി ബന്ധപെട്ടു വരുന്ന മറ്റൊരു വ്യക്തിത്വ വൈകല്യമാണ് ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ (Anti-Social Personality Disorder).  ആരോടും കടപ്പാടില്ലാതിരിക്കുകയും, അങ്ങേയറ്റം സ്വാര്‍ത്ഥത ഉള്ളവരുമാണ് ഇവര്‍.

 മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഇവര്‍. അമിതമായി നുണപറയുന്ന പ്രവണതയും ഇത്തരം ആളുകള്‍ കാണിക്കാറുണ്ട്. ലഹരിക്കടിമപ്പെടുന്ന അവസ്ഥയിലും പ്രവചനാതീതമായി കുറ്റകൃത്യങ്ങളിലേക്ക് വ്യക്തികള്‍ പോകാനുള്ള സാധ്യത കൂടുതലാണ്.

മേല്‍പറഞ്ഞ വ്യക്തിത്വ വൈകല്യങ്ങള്‍ക്ക് ജനിതകപരമായ കാരണങ്ങളും തലച്ചോറിന്റെ ഘടനാപരമായ വ്യത്യാസങ്ങളും വ്യക്തിയുടെ കുട്ടിക്കാല വൈകാരിക അവസ്ഥകളും ജീവിതസാഹചര്യങ്ങളുമൊക്കെയായി ചേര്‍ത്തുള്ള പഠനങ്ങളുണ്ട്. മിക്കവാറും എല്ലാ വ്യക്തിത്വ വൈകല്യങ്ങളും വ്യക്തിയുടെ കൗമാര കാലഘട്ടത്തിന്റെ തുടക്കത്തിലോ കൗമാര കാലഘട്ടത്തിലോ  ഒക്കെയാണ് അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. നേരത്തെ തന്നെ വ്യക്തിത്വ വൈകല്യങ്ങള്‍ തിരിച്ചറിയുകയും, വ്യക്തിയുടെ ഇത്തരം പെരുമാറ്റങ്ങളെ വളരെ പ്രാധാന്യത്തോടെ മനസിലാക്കി മന:ശാസ്ത്രജ്ഞന്റെയോ മനോരോഗവിദഗ്ദ്ധന്റെയോ സഹായത്താടെ പരിഹരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)