മാവേലിക്കര: നഗരത്തെ നടുക്കി വീണ്ടും സ്വകാര്യബസ് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മിച്ചല്‍ ജങ്ഷനില്‍ സിഗ്‌നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ സ്വകാര്യബസ് ഇടിച്ചാണ് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നഗരത്തിലുംസമീപപ്രദേശങ്ങളിലുമുണ്ടായ എല്ലാ അപകടങ്ങളിലും ഒരുഭാഗത്ത് സ്വകാര്യബസുകളാണെന്ന പ്രത്യേകതയുണ്ട്.

നഗരത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രികര്‍ക്ക് പേടിസ്വപ്നമാണ് സ്വകാര്യബസുകളുടെ മത്സരപ്പാച്ചില്‍. നഗരത്തില്‍, പ്രത്യേകിച്ച് മിച്ചല്‍ ജങ്ഷനില്‍ എല്ലാവിധ നിയമങ്ങളെയും വെല്ലുവിളിച്ചാണ് സ്വകാര്യബസുകള്‍ പായുന്നത്.

സ്വകാര്യബസ്സുകളിലെ ഡ്രൈവര്‍മാരാണ് മിക്കപ്പോഴും സിഗ്‌നല്‍ സംവിധാനം തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ പെരുമാറുന്നത്. ഇടത് ഭാഗത്തേക്കുള്ള സിഗ്‌നല്‍ വീണില്ലെങ്കിലും ഫ്രീലെഫ്റ്റ് ആണെന്ന് അവകാശപ്പെട്ട് സ്വകാര്യ ബസ്സുകള്‍ കാത്തുകിടക്കുന്ന മുഴുവന്‍ വാഹനങ്ങളെയും മറികടന്ന് എത്തി ഇടത്തേക്ക് തിരിയുന്നു.

ഇത് പലപ്പോഴും ഇവിടെ അപകടങ്ങള്‍ വരുത്തുന്നു.ഇതേപോലെയാണ് കിഴക്കുനിന്ന് എത്തുന്ന സ്വകാര്യബസുകളും. വാഹനങ്ങളുടെ നീണ്ടനിരയുണ്ടെങ്കിലും ഇവര്‍ വലതുഭാഗത്തുകൂടി കയറിവന്ന് സിഗ്‌നല്‍ തെറ്റിച്ച് വടക്കോട്ട് തിരിഞ്ഞ് ബസ്സ്റ്റാന്‍ഡിലേയ്ക്ക് പോകുന്നു. ഇത്തരത്തില്‍ നിയമം തെറ്റിക്കുന്ന സ്വകാര്യബസുകള്‍ പലപ്പോഴും ഇവിടെ ഗതാഗത കുരുക്കും സൃഷ്ടിക്കാറുണ്ട്.

സ്വകാര്യബസുകളുടെ അമിതവേഗതയ്ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ നിരവധി പരാതികള്‍ ഗതാഗത ഉപദേശക, താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ഉയരാറുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പേരിന് നടപടികള്‍ സ്വീകരിച്ച് പ്രതിഷേധം താത്കാലികമായി തണുപ്പിക്കും. ഒരാഴ്ച കഴിയുന്നതോടെ കാര്യങ്ങള്‍ വീണ്ടും പഴയപടിയാകും.