എടപ്പാള്‍: സംസ്ഥാനപാതയില്‍ മാണൂരില്‍ സ്വകാര്യബസുമായി ഉരസി നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി. ബസ് വൈദ്യുതിത്തൂണിലിടിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. തൃശ്ശൂരില്‍നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ടുനിന്ന് പാലായിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസും മാണൂര്‍ വളവില്‍ ഉരസിയാണ് അപകടമുണ്ടായത്. ഇതോടെ നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി. ബസ് റോഡരികിലുള്ള പഴയ പാതയിലേക്ക് പാഞ്ഞുകയറി വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നു.
ബസിടിച്ചതോടെ വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണു. ബസ് മറിയാതെനിന്നതും വൈദ്യുതി നിലച്ചതുംമൂലം ആര്‍ക്കും കാര്യമായ പരിക്കേറ്റില്ല. പിന്നീട് പോലീസും വൈദ്യുതി ഓഫീസ് അധികൃതരുമെത്തി നടപടികള്‍ സ്വീകരിച്ചു.