കൊച്ചി: മൂവാറ്റുപുഴ നഗരത്തില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 6.45 ഓടെ മൂവാറ്റുപുഴ പി.ഒ. ജങ്ഷനിലെ സിഗ്നലിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ വാഴക്കുളം തൈപ്പറമ്പില്‍ രമ്യ നിഷാദ് (28), പട്ടിമറ്റം ചേലക്കുളം രാമചന്ദ്രന് (44) എന്നിവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.
തൊടുപുഴ-എറണാകുളം റൂട്ടില്‍ ഓടുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. തൊടുപുഴ ഭാഗത്തു നിന്ന് അമിത വേഗത്തില്‍ വന്ന ബസ്, സിഗ്നല്‍ മറി കടക്കുന്നതിനിടെ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.
ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. തൊടുപുഴ-എറണാകുളം റൂട്ടിലോടുന്ന മിക്ക സ്വകാര്യ ബസ്സുകളും അമിത വേഗത്തിലാണ് ഓടുന്നതെന്ന് ആക്ഷേപമുണ്ട്. ഏതാനും ദിവസം മുമ്പ് ഇതേ റൂട്ടിലോടുന്ന മറ്റൊരു സ്വകാര്യ ബസ്സും മുടവൂരില്‍ വീട്ടുമതില്‍ ഇടിച്ചുതകര്‍ത്തിരുന്നു.