കോതമംഗലം: കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസ്സിന് മുകളില്‍ മരം വീണു. ബസ്സിന് മുന്‍ഭാഗത്തായതു കൊണ്ട് ആളപായമുണ്ടായില്ല. റോഡിന്റെ മലഞ്ചെരിവ് ഭാഗത്തുനിന്ന പാഴ് മരമാണ് ബസ്സിന് മുകളിലേക്ക് പതിച്ചത്. വ്യാഴാഴ്ച രാവിലെ 11-നാണ് അപകടം.
എരുമേലിയില്‍ നിന്ന് മാങ്കുളത്തേക്ക് പോകുകയായിരുന്ന ബസ്സിലാണ് മരം വീണത്. ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് പൊട്ടി. റേഡിയേറ്ററിനും കേടുപാട് ഉണ്ടായി. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കനത്ത മഴയില്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതാണ് മരം മറിയാന്‍ കാരണം. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് അര മണിക്കൂര്‍ കൊണ്ട് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
 
ദേശീയപാതയിലെ അപകട ഭീഷണി-മരവും റോഡിലെ കാടും


ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം മുതല്‍ അടിമാലി വരെ റോഡിന്റെ ഒരുവശം കൊക്കയും മറുഭാഗം മലഞ്ചെരിവുമാണ്. കൊക്കയില്‍ നില്‍ക്കുന്ന മരങ്ങള്‍ വാഹനങ്ങള്‍ക്ക് അനുഗ്രഹമാകുമ്പോള്‍ മലഞ്ചെരിവില്‍ അടിഭാഗം ദ്രവിച്ചും മണ്ണ് ഒലിച്ചും നില്‍ക്കുന്ന മരങ്ങള്‍ കാറ്റിലും മലയിടിച്ചിലിലും അപകടത്തിന് വഴി തെളിക്കുകയാണ്.
മലഞ്ചെരിവില്‍ റോഡിനോടു ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിനീക്കി യാത്രക്കാരുടെയും വാഹനങ്ങളുടെയും അപകട ഭീഷണി ഒഴിവാക്കാന്‍ ദേശീയപാത-വനം വകുപ്പ് അധികാരികള്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
മരങ്ങളും ഈറ്റക്കാടുകളും വളര്‍ന്ന് റോഡിലേക്ക് നീണ്ടുനില്‍ക്കുന്നതും അപകടത്തിന് കാരണമാവുന്നുണ്ട്. കാട് റോഡിലേക്ക് ഇറങ്ങിയിരിക്കുന്നതുകൊണ്ട് ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് അടുത്തെത്തിയാല്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. മഴക്കാലത്ത് കോട മൂടി നില്‍ക്കുന്ന സമയത്ത് ദിശയറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമാണ്. വനം വകുപ്പും ദേശീയപാത അധികാരികളും തമ്മിലുള്ള ശീതസമരം കാരണം അപകട ഭീഷണിയുള്ള മരം മുറിച്ചുനീക്കലും കാട് വെട്ടിമാറ്റലും അനന്തമായി നീളുന്നു.