പയ്യന്നൂര്‍: കുന്നരു കാരന്താട്ടുണ്ടായ വാഹനാപകടത്തില്‍ ദമ്പതിമാരും രണ്ട് കുട്ടികളും വയോധികയും അടക്കം അഞ്ചുപേര്‍ മരിച്ചു. അതിവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം. ടിപ്പര്‍ ലോറിഡ്രൈവര്‍ മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ രാത്രി എട്ടുമണിയോടെ കസ്റ്റഡിയിലെടുത്തതായും പയ്യന്നൂര്‍ പോലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ താലൂക്ക് ആസ്പത്രിയില്‍
വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ലോറി ദേഹത്തേക്കു പാഞ്ഞുകയറിയാണ് വഴിയാത്രക്കാരിയായ വയോധികയുടെ മരണം. രാമന്തളി വടക്കുമ്പാട് കോളനിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കാനാച്ചേരി ഗണേശന്‍ (38), ഭാര്യ ലളിത (36), മകള്‍ ജിഷ്ണ (ഏഴ്), ഗണേശന്റെ സുഹൃത്ത് രാമന്തളി വടക്കുമ്പാട്ടെ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ (മൂന്ന്), റോഡില്‍ മത്സ്യം വാങ്ങാനെത്തിയ കുന്നരു കാരന്താട്ടെ നടുവിലെ പുരയില്‍ ദേവകി അമ്മ (70) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാമന്തളി വടക്കുമ്പാട്ടുനിന്ന് പുതിയങ്ങാടി ചൂട്ടാട് ബീച്ചിലേക്ക് ഓട്ടോ റിക്ഷയില്‍ പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കോടു ഭാഗത്തുനിന്നു വന്ന ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മീന്‍ വില്ക്കുന്ന ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു. മീന്‍ വാങ്ങാനെത്തിയ ദേവകി അമ്മയുടെ ദേഹത്ത് കയറി. തൊട്ടരികിലെ മതിലും തകര്‍ത്താണ് ടിപ്പര്‍ ലോറി നിന്നത്. അപകടം നടന്നയുടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. മീന്‍ നിറച്ച ഗുഡ്സ് ഓട്ടോറിക്ഷയിലെ മത്സ്യപ്പെട്ടികള്‍ തെറിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആസ്?പത്രിയില്‍ എത്തിച്ചത്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ ഗണേശന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും, മറ്റുള്ളവര്‍ തുടര്‍ന്നും മരിച്ചു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ ഗണേശന്റെ സുഹൃത്ത് ശ്രീജിത്ത്, ഭാര്യ ആശ, ഗണേശന്റെ ജ്യേഷ്ഠന്‍ കമലാക്ഷന്റെ മകള്‍ ആതിര (ഒമ്പത്), മീന്‍വണ്ടിയുടെ ഡ്രൈവര്‍ കക്കംപാറയിലെ സി.അനില്‍കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു.രാമന്തളി ഓണപ്പറമ്പിലെ ശേഖരന്‍ എന്നു വിളിക്കുന്ന സന്തോഷ് ആണ് അപകടം വരുത്തിയ ടിപ്പര്‍ ലോറി ഓടിച്ചിരുന്നത്.

ഈ അപകടത്തിന് തൊട്ടുമുമ്പ് ഇതേ ടിപ്പര്‍ ലോറി ഒരു കാറിലും തട്ടിയിരുന്നു.കുന്നരു കാരന്താട്ടെ കുഞ്ഞമ്പുവിന്റെ ഭാര്യയാണ് മരിച്ച ദേവകി അമ്മ. മക്കള്‍: കാര്‍ത്ത്യായനി, വിലാസിനി (ഡല്‍ഹി), ദിനേശന്‍. മരുമക്കള്‍: കുഞ്ഞപ്പന്‍, പ്രജിന.മരിച്ച ഗണേശന്‍ ദാമോദരന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: കമലാക്ഷന്‍, തങ്കമ്മ, ദിനേശന്‍. മരിച്ച ലളിത രാഘവന്റെയും പാറുവിന്റെയും മകളാണ്. സഹോദരങ്ങള്‍: അമ്മിണി, ബാബു, മാധവി, കുമാരി, സരോജിനി, സുമതി, പരേതരായ ജനാര്‍ദനന്‍, ഗോപി, അശോകന്‍.