കോടികളുടെ നഷ്ടമുണ്ടാക്കി

കോഴിക്കോട്: സ്വകാര്യമേഖലയിലെ വാക്‌സിന്‍ നിര്‍മാതാക്കളെ സഹായിക്കാന്‍ വേണ്ടി മൂന്നുപൊതുമേഖലാ വാക്‌സിന്‍ നിര്‍മാണയൂണിറ്റുകള്‍ അടച്ചിടുക വഴി കേന്ദ്ര ആരോഗ്യവകുപ്പ് അസംഖ്യം കുഞ്ഞുങ്ങളുടെ മരണത്തിനും കോടിക്കണക്കിന് രൂപാ നഷ്ടത്തിനും കാരണക്കാരായെന്ന്് സര്‍ക്കാര്‍ രേഖകള്‍തന്നെ വെളിപ്പെടുത്തുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഗുരുതരായ വീഴ്ച്ചകളുടെ ചിത്രം വെളിച്ചത്തുകൊണ്ടുവന്നത്. 2008-09 കാലയളവില്‍ രാജ്യം നേരിട്ടത് ഗുരുതരമായ വാക്‌സിന്‍ ക്ഷാമമാണ്. ഈ കാലയളവില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വീകരിച്ചത് ഒട്ടും ആശാസ്യമല്ലാത്ത നടപടികളും. വാക്‌സിന്‍ ക്ഷാമം നേരിട്ട 2008-09 ല്‍ ഡിഫ്റ്റീരിയ, ടെറ്റനസ് അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ രേഖകളില്‍ നിന്നുതന്നെ വ്യക്തമാകുന്നു.

രാജ്യത്ത് ഒരു വര്‍ഷത്തേക്ക് ചുരുങ്ങിയത് 18 കോടി ഡോസ് ടെറ്റനസ് വാക്‌സിനെങ്കിലും വേണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള കണക്ക്. എന്നാല്‍ 70 ലക്ഷം ഡോസേ ലഭ്യമായിരുന്നുള്ളൂ. 2009 മെയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസം വിതരണം ചെയ്യാനായി വാക്‌സിന്‍ ഉണ്ടായിരുന്നതേയില്ല. ഡി.പി.ടി. വാക്‌സിന്‍ മെയ് 15 മുതല്‍ ജൂലൈ 8 വരെ ലഭ്യമല്ലായിരുന്നു. 4.5 കോടി ഡോസ് വാക്‌സിന്‍ വേണ്ട സമയത്ത് ആകെയുണ്ടായിരുന്നത് 2.5 കോടി ഡോസാണ്. ഇത്തരത്തില്‍ വലിയ തോതിലുള്ള ക്ഷാമം നേരിട്ട സമയത്ത് ആരോഗ്യമന്ത്രാലയം ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചുമില്ല.

വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന നിലവാരം ഇല്ലെന്ന പേരുപറഞ്ഞാണ് മൂന്ന് പൊതുമേഖലാ വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയത്. പിന്നീട് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും പഴയ മാനദണ്ഡത്തില്‍ തന്നെയാണ് അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വാക്‌സിന്‍ യൂണിറ്റുകളെ സഹായിക്കാന്‍ വേണ്ടി തിരക്കിട്ട് അടച്ചുപൂട്ടിയതാണെന്നതിന്റെ തെളിവാണിതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. യൂണിറ്റുകള്‍ പൂട്ടുമ്പോള്‍ സ്വീകരിക്കേണ്ട ബദല്‍ നടപടികള്‍ ആരോഗ്യവകുപ്പ് കൈകൊണ്ടതുമില്ല. 2008 ജനുവരി 15 ന് പൂട്ടിയ യൂണിറ്റുകള്‍ തുറന്നത് 2010 ഫെബ്രുവരി 22 നാണ്.

2008-ല്‍ ആരോഗ്യമന്ത്രിയായിരുന്ന അന്‍പുമണി രാംദാസ് ലോക്‌സഭയില്‍ പറഞ്ഞത് വാക്‌സിന്‍ ക്ഷാമമില്ലെന്നാണ്. പ്രശ്‌നം രാജ്യസഭയില്‍ വൃന്ദാ കാരാട്ട് കണക്കുകള്‍ നിരത്തി വാദിച്ചപ്പോള്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മന്ത്രി കൈകഴുകുകയും ചെയ്തു. 2009-10 വര്‍ഷത്തില്‍ 2010.64 ലക്ഷം ഡോസ് ടെറ്റനസ് വാക്‌സിന്‍ വേണമെന്നാണ് കണക്ക്. എന്നാല്‍ 2009 ഏപ്രില്‍ 1 വരെയുള്ള സ്റ്റോക്കെടുപ്പ് പ്രകാരം 396.06 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണുണ്ടായിരുന്നത്. ഇതുതന്നെയാണ് ഡിഫ്തീരിയ, ടെറ്റനസ് എന്നിവയ്‌ക്കെതിരായ ഡി.പി.ടി, ഓറല്‍ പോളിയോ വാക്‌സിന്‍ എന്ന ഒ.പി.വി, അഞ്ചാംപനിയ്‌ക്കെതിരായ മീസില്‍സ് വാക്‌സിന്‍, ക്ഷയത്തിനെതിരായ ബി.സി.ജി. എന്നീ വാക്‌സിനുകളുടേയും കാര്യം്.

ബി.സി.ജി. വാക്‌സിന്‍ 1109.49 ലക്ഷം ഡോസ് വേണ്ടിടത്ത് 298.04 ലക്ഷം ഡോസാണ് ഉള്ളത്. ഇതിലും ദയനീയമായിരുന്നു 2008-09 ലെ അവസ്ഥ. 1783.10 ലക്ഷം ഡോസ് ടെറ്റനസ് വാക്‌സിന്‍ വേണ്ട സമയത്ത് ഉണ്ടായിരുന്നത് 70.11 ലക്ഷം ഡോസ് മാത്രം. വാക്‌സിന്‍ ക്ഷാമമുണ്ടെങ്കില്‍ അത് ലഭ്യമാക്കാന്‍ ചുരുങ്ങിയത് മൂന്നുമാസമെങ്കിലും എടുക്കാറുണ്ട്. 2009 ജനുവരി മുതല്‍ മെയ് വരെ ഒട്ടും വാക്‌സിന്‍ ശേഖരം ഇല്ലാത്ത അവസ്ഥ ഇതുണ്ടാക്കി. ക്ഷാമമുണ്ടായപ്പോള്‍ ഓര്‍ഡര്‍ നല്‍കാന്‍ വൈകിയതു വഴി അതിലും വൈകിയാണ് വാക്‌സിന്‍ ലഭിച്ചത്. ഇങ്ങനെ ബാക്കി വന്നതാണ് ഇപ്പോള്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. 2009 നവംബര്‍ 10 ന് ആരോഗ്യവകുപ്പിന് വേണ്ടി ഡയറക്ടര്‍ ദ്വീപ് ശേഖര്‍ വാക്‌സിന്‍ ക്ഷാമം ഇല്ലെന്ന് വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാലത്ത് പൊതുമേഖല യൂണിറ്റില്‍ നിന്ന് വാക്‌സിന്‍ വാങ്ങാതെ അമിതവില കൊടുത്ത്് സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നാണ് കുറെ വാങ്ങിയത്.

ബി.സി.ജി. വാക്‌സിന്‍ 10 ഡോസിന് 13 രൂപ പൊതുസ്ഥാപനങ്ങളില്‍ വിലയുള്ളപ്പോള്‍ വാക്‌സിന്‍ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് വാങ്ങിയത് 17.05 രൂപയ്ക്കാണ്. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 562 ആണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആസ്​പത്രികളിലെ മാത്രം കണക്ക്. ഡല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആസ്​പത്രിയില്‍ മാത്രം 71 കുട്ടികളാണ് ഒരു വര്‍ഷത്തിനിടെ ഈ രീതിയില്‍ മരിച്ചത്.

1783 ലക്ഷം ഡോസ് ടി.ടി ആവശ്യമുള്ള സമയത്ത് 2008-2009 ല്‍ ലഭ്യമായത് 1378 ലക്ഷം ഡോസ് മാത്രം. 404 ലക്ഷം ഡോസിന്റെ കുറവ് വകുപ്പ് തന്നെ സമ്മതിക്കുകയാണിവിടെ. ഈ വാക്‌സിന്‍ ഗ്രൂപ്പുകളുടെ മൊത്തം കുറവ് 1122 ലക്ഷം ഡോസാണ്. 2007 ജനുവരി 1 മുതല്‍ 2008 ഡിസംബര്‍ 31 വരെ ഡിഫ്റ്റീരിയ മൂലം 134 പേരും ടെറ്റനസ് ബാധിച്ച് 734 പേരും അഞ്ചാംപനി മൂലം 284 പേരും മരിച്ചതായാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്ക്. 2007 ലും 2008-ലും ഡി.ടി., ഡി.ടി.പി വാക്‌സിനുകള്‍ക്ക് കേരളത്തില്‍ ക്ഷാമം ഉണ്ടായിരുന്നുവെന്ന് സംസ്ഥാന കുടുംബക്ഷേമ അഡീഷനല്‍ ഡയറക്ടര്‍ ഡോ. പി. കെ. ജമീല വിവരാവകാശ നിയമപ്രകാരം നല്‍കിയ കുറിപ്പില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ എത്ര ശതമാനം ദൗര്‍ലഭ്യമുണ്ടെന്നതിനുള്ള കൃത്യമായ കണക്ക് ലഭ്യമല്ലെന്നും അവര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാറിന്റെ യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിനെ വാക്‌സിന്‍ ക്ഷാമം തളര്‍ത്തുന്നതായി ഒക്‌ടോബറില്‍ ചേര്‍ന്ന ആരോഗ്യകാര്യ-പാര്‍ലമെന്ററി സമിതി വിലയിരുത്തുകയുണ്ടായി. കസൂളി സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കുനൂര്‍ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ചെന്നൈ ബി.സി.ജി വാക്‌സിന്‍ ലാബ് എന്നീ സ്ഥാപനങ്ങളാണ് ഗുണനിലവാരക്കുറവ് പറഞ്ഞ് പൂട്ടിയത്. ഏറ്റവുമധികം ജീവന്‍ രക്ഷാ വാക്‌സിനുകള്‍ കയറ്റി അയച്ചിരുന്ന ഇന്ത്യ ഈ അടച്ചുപൂട്ടല്‍ മൂലം വാക്‌സിന്‍ ക്ഷാമമുള്ള രാജ്യമായി മാറി.

ക്ഷാമം പരിഹരിക്കാനായി സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വന്‍വിലയ്ക്ക് വാക്‌സിന്‍ വാങ്ങിയ വകയില്‍ 2008-09 ല്‍ മാത്രം 11 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി. മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ ഇനത്തില്‍ നഷ്ടം ചുരുങ്ങിയത് 50 കോടിയില്‍ കൂടുതലാണെന്നാണ് ഏകദേശ കണക്ക്. കൃത്രിമമായി സൃഷ്്ടിച്ച ക്ഷാമം മൂലം 2007 മുതല്‍ 2009 കാലത്ത് വാക്‌സിനുകള്‍ക്ക് രണ്ടിരട്ടിയോളമാണ് വില വര്‍ധിച്ചത്. ബി.സി.ജി. വാക്‌സിന് 10 ഡോസിന് 13 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 29 രൂപയാണ്.

ഈ നിരക്കില്‍ ലക്ഷക്കണക്കിന് ഡോസ് വാക്‌സിനാണ് വാങ്ങുന്നത്. 2009-2010 ല്‍ ബി.സി.ജി. പൂര്‍ണ്ണമായും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് വാങ്ങിയത്. 10 ഡോസിന് 29.28 രൂപ നിരക്കില്‍ 1011.09 ലക്ഷം ഡോസ് വാക്‌സിനാണ് വാങ്ങിയത്. 25 ദശലക്ഷം കുഞ്ഞുങ്ങള്‍ക്ക് 2008 മെയ് മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് ഒരു ഡോസ് വാക്‌സിന്‍ പോലും നല്‍കാന്‍ കഴിയാത്ത ഗുരുതരമായ സാഹചര്യം നേരിട്ടു. ഈ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.


വിവരാവകാശപ്രകാരം ലഭ്യമായ രേഖകളുടെ പൂര്‍ണരൂപം ഇവിടെ വായിക്കാം.