തിരുവനന്തപുരം : മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പോലീസ് ഐ.ജി. വിന്‍സെന്‍ എം പോള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിവരാവകാശനിയമപ്രകാരം പരസ്യപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫെന്‍സ് ഫോറം സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്‍കിയ അപേക്ഷ സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിരസിച്ചിരുന്നു. ഇതിനെതിരെ വിവരാവകാശ കമ്മീഷന് സമര്‍പ്പിച്ച അപ്പീലിലാണ് ഈ ഉത്തരവ്.

പോലീസ് അന്വേഷണം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പിയും ബിനു ആവശ്യപ്പെട്ടിരുന്നു. അതും അനുവദിക്കപ്പെടുകയുണ്ടായില്ല.

പോലീസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗമാണ് റിപ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നതെന്നും ഈ വിഭാഗത്തെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് അറിയിച്ചത്. കോടതി സമര്‍പ്പിച്ച രേഖയെ സംബന്ധിച്ച പോലീസ് അന്വേഷണം പൂര്‍ത്തിയാകാത്തതുകൊണ്ട് ആ രേഖയും പരസ്യപ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ലെന്നും പോലീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വാദിച്ചു. പി.ഐ.ഒ വിന്റെ തീരുമാനം അപ്പല്ലറ്റ് അതോറിറ്റിയായ പോലീസ് ഹെഡ്ക്വാര്‍ട്ടേസ് ഐ.ജി.യും ശരിവെക്കുകയുണ്ടായി.

സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞ ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് ഏത് സാഹചര്യത്തിലാണ് ഒരു രഹസ്യറിപ്പോര്‍ട്ട് ആയി വിശദീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

കോടതി ആവശ്യപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഒരു സാഹചര്യത്തിലും രഹസ്യരേഖയായി കണക്കാക്കാനാവില്ലെന്നു ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ പാലാട്ട് മോഹന്‍ദാസും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ പി.എന്‍.വിജയകുമാറും ചേര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

അഡ്വ. ഡി.ബി.ബിനു,
കൊച്ചിന്‍ ചേമ്പര്‍ ഓഫ് ലോയേഴ്‌സ്,
പ്രോവിഡന്‍സ് റോഡ് കൊച്ചി18.

ഉത്തരവിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക