അഡ്വ. ടി ആസിഫലി, കണ്ണൂര്‍
കോഴിക്കോട്: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതുകൊണ്ട് കഷ്ടമുണ്ടായ മുന്നൂറിലേറെ അപേക്ഷകര്‍ക്ക് വിവരാവകാശകമ്മീഷന്‍ നഷ്ടപരിഹാരം വിധിച്ചതായി കമ്മീഷന്‍ വെളിപ്പെടുത്തി. തലശ്ശേരിയിലെ അഡ്വ ടി. ആസഫലി നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് കമ്മീഷന്‍ ഈ വിവരം നല്‍കിയത്.

വിവരാവകാശ നിയമത്തിലെ 19(8) (b) വകുപ്പില്‍, വിവരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതുകൊണ്ടോ തെറ്റായ തീരുമാനമെടുത്തതുകൊണ്ടോ പൗരന് കഷ്ടനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന പി.ഐ.ഒ മാരില്‍ നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. പൊതുവെ ഈ നടപടിക്രമമാണ് പിന്തുടരാറുള്ളത്.

നടപടിക്രമങ്ങള്‍ വൈകിച്ചതിന് കേരളത്തിലും നിരവധി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരില്‍നിന്ന് പിഴ ഈടാക്കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അപൂര്‍വമായേ ആവശ്യമുയരാറുള്ളൂ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ മുമ്പാകെ ഇത്തരത്തില്‍ പെട്ട നൂറുകണക്കിന് പരാതികള്‍ വരികയും അനുകൂല വിധികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്.