തിരുവനന്തപുരം: നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ നിയമസഭ കൂട്ടാക്കാതിരുന്ന രേഖ നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. കമ്മീഷന്റെ ഉത്തരവും നിയമസഭ അംഗീകരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യം നിയമ രാഷ്ട്രീയവൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്‌ക്കെതിരെ 2005 ജുലൈ 19 ന് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ടി.എം.ജേക്കബ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പും അച്ചടിച്ച രൂപവും പൂര്‍ണരൂപത്തില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനു നല്‍കിയ അപേക്ഷയാണ് വിവാദമാകാവുന്ന സംഭവങ്ങള്‍ക്കിടയാക്കിയത്.

പ്രസംഗത്തിന്റെ കേട്ടെഴുത്ത് രേഖപ്പെടുത്തിയത് ഹരജിക്കാരന് നല്‍കി. എന്നാല്‍ വീഡിയോ ടേപ്പ് നല്‍കുന്നത് നിയമസഭയുടെ പ്രത്യേകാവകാശത്തിന്റെ ലംഘനമാവും എന്നായിരുന്നു അഡ്വ.ബിനുവിന് ലഭിച്ച മറുപടി. പ്രിവിലജസ് കമ്മിറ്റിയും സ്​പീക്കറും എടുത്ത തീരുമാനം അറിയിച്ചുകൊണ്ടുള്ള അണ്ടര്‍ സിക്രട്ടറിയുടെ കുറിപ്പിനെതിരെ കൊടുത്ത അപ്പീലും നിരസിക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അഡ്വ.ബിനു വിവരാവകാശക്കമ്മീഷന് പരാതി നല്‍കിയത്.

ഇതേ വിഷയത്തില്‍ നേരത്തെ ഹൈക്കോടതിയും നിയമസഭയും തമ്മിലും കത്തിടപാടുകള്‍ നടന്നിരുന്നു. ടി.എം. ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേസ്സില്‍ തെളിവായി വീഡിയോ പകര്‍പ്പ് നല്‍കാന്‍ ഹൈക്കോടതിയ്ക്ക് വേണ്ടി രജിസ്ട്രാര്‍ ആവശ്യപ്പെട്ടപ്പോഴും നിയമസഭയുടെ പ്രിവിലേജസ് കമ്മിറ്റി അത് നിരസിച്ചിരുന്നു. ഈ നിലപാട് കോടതി അംഗീകരിക്കുകയും ചെയ്തു.

നിയമസഭാപ്രസംഗത്തിന്റെ വീഡിയോ പൊതുജനത്തിന് നല്‍കാന്‍ പറ്റാത്ത രഹസ്യരേഖയാണെന്ന നിലപാട് എങ്ങനെ പ്രിവിലജസ് കമ്മിറ്റിക്കും സ്​പീക്കര്‍ക്കും സ്വീകരിക്കാനാവുമെന്നതാണ് പൊതുവെ ഉന്നയിക്കപ്പെടുന്ന ചോദ്യം. ചാനലുകളില്‍ ലൈവായിത്തന്നെയാണ് ലോക്‌സഭയുടെ പോലും അവിശ്വാസപ്രമേയചര്‍ച്ചകള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ആ നിലയ്ക്ക് അവ പൗരന് നല്‍കില്ല എന്നൊരു നിലപാട് സ്വീകരിക്കുന്നതെങ്ങനെ ?
' പ്രസംഗത്തിന്റെ അച്ചടി രൂപത്തിനില്ലാത്ത പ്രിവിലജ് വീഡിയോ ടേപ്പിന് ഉണ്ടെന്ന നിലപാട് പരസ്​പരവിരുദ്ധമാണ്. വിവരാവകാശനിയമം ഭരണഘടനയുടെ പരികല്പ്പനകളെയും ആശയപ്രകടനത്തിനുള്ള പൗരന്റെ മൗലികാവകാശത്തെയും അര്‍ഥപൂര്‍ണമാക്കുന്നതാണ്. നിയമസഭയില്‍ എന്തുനടക്കുന്നു എന്നറിയാന്‍ പൗരന് അവകാശമുണ്ട് ' വിവരാവകാശക്കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മുഖ്യകമ്മീഷണര്‍ പാലാട്ട് മോഹന്‍ദാസും കമ്മീഷണര്‍ പി.എന്‍. വിജയകുമാറും ചേര്‍ന്ന ഡിവിഷന്‍ബഞ്ചിന്റെ ഉത്തരവ്.

15 ദിവസങ്ങള്‍ക്കകം പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് നല്‍കണമെന്നാണ് നിയമസഭയ്ക്ക് വിവരാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം. കോടതിയ്ക്ക് നല്‍കാന്‍ കൂട്ടാക്കാത്ത രേഖ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കല്പ്പിച്ചതുകൊണ്ടുമാത്രം ഒരു പൗരന് നല്‍കുമോ ? അങ്ങനെ നല്‍കുന്നത് ഹൈക്കോടതിയോടുള്ള അനാദരവാകുമോ ? ആവശ്യപ്പെട്ട വിവരം നല്‍കുന്നില്ലെങ്കില്‍ സ്​പീക്കറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കമ്മീഷന് ശിക്ഷിക്കാന്‍ അധികാരമുണ്ട്. ഇങ്ങനെ ചെയ്യുന്നത് നിയമസഭയുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടാല്‍ അത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക