കൊച്ചി : കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുത്താനാകാത്ത കടക്കയത്തിലേക്ക്. അഞ്ചുവര്‍ഷമായി ലഭിച്ച വായ്പാത്തുകയില്‍ ഒരുരൂപ പോലും കോര്‍പ്പറേഷന്‍ തിരിച്ചടച്ചിട്ടില്ലെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.

2007-2008 മുതല്‍ 2011-2012 വരെയുള്ള അഞ്ച് സാമ്പത്തികവര്‍ഷങ്ങള്‍ക്കിടയില്‍ 584.63 കോടിരൂപയാണ് വിവിധ ഏജന്‍സികളില്‍ നിന്നും കോര്‍പ്പറേഷന് വായ്പയായി ലഭിച്ചത്. 2011-12 സാമ്പത്തികവര്‍ഷം 32 കോടി രൂപ സര്‍ക്കാര്‍ ഗ്രാന്‍ഡായും നല്‍കി. ഇതടക്കം 616.63 കോടി രൂപയാണ് പൊതുഖജനാവില്‍നിന്നും കോര്‍പ്പറേഷന്‍ അഞ്ചുവര്‍ഷത്തേക്ക് ചെലവഴിച്ചത്.ഇതുകൂടാതെ കെ.ടി.ഡി.എഫ്.സിയില്‍ നിന്നും 44.42 കോടി രൂപ, ഹഡ്‌കോവില്‍ നിന്നും 168.02 കോടി രൂപ, എല്‍.ഐ.സിയില്‍ നിന്നും 65 കോടി രൂപ തുടങ്ങി 2011-12 സാമ്പത്തികവര്‍ഷം വരെ 1230.07 കോടി രൂപയാണ് കോര്‍പ്പറേഷന് കടബാധ്യതയായുള്ളത്.

1990-91 മുതല്‍ 1995-96 വരെയും 2004-05 മുതല്‍ 2006-07 സാമ്പത്തികവര്‍ഷം വരെയും കടമായി വാങ്ങിയത് 826.22 കോടി രൂപയാണ്.

കടം തിരികെ അടക്കാത്തതില്‍ സാങ്കേതികമായി പറഞ്ഞാല്‍ പല ഡിപ്പോകളും കെടിഡിഎഫ്‌സിയുടെ നിയന്ത്രണത്തിലാണെന്നതാണ് സത്യം.

കെ.എസ്.ആര്‍.ടിസിയുടെ 6037 ബസുകളില്‍ നിന്നും സര്‍ക്കാരിന് ഒരു രൂപ പോലും നികുതിയായും ലഭിക്കുന്നില്ല. നേരത്തെ എഴുതിത്തള്ളിയ 826.22 കോടി രൂപ, പിന്നീട് മാറ്റിയ 616.63 കോടി രൂപ എന്നിങ്ങനെ അഞ്ചുവര്‍ഷത്തിനിടെ 1442.85 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കായി ചെലവഴിച്ചിട്ടുണ്ട്.ആര്‍. ബാലകൃഷ്ണപിള്ള ട്രാന്‍സ്‌പോര്‍ട് മന്ത്രിയായിരുന്ന 1998 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ മാത്രമാണ് ട്രാന്‍സ്‌പോര്‍ട്ട് ലാഭകരമായി പ്രവര്‍ത്തിച്ചിട്ടുളഌ.

ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജന. സെക്രട്ടറി അഡ്വ. ഡി.ബി ബിനു വിവരാവകാശനിയമപ്രകാരം നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമായത്.