കൊച്ചി: കേരളത്തിന് ഒരു നിയമസഭനിര്‍മ്മാണസഭയും മന്ത്രിസഭയും ഉണ്ടായിരിക്കെ ഗവര്‍ണറുടെ ഒപ്പിന്റെ മാത്രം പിന്‍ബലത്തില്‍ ഓര്‍ഡിനന്‍സ് ആയി മാറുകയും അത് സഭയില്‍ അവതരിപ്പിക്കാതെ വീണ്ടും സര്‍ക്കാര്‍ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്തവ ഡസന്‍കണക്കിനെന്ന് വിവരാവകാശരേഖ. വിവിധ നിയമങ്ങളുടെ ഭേദഗതിനിര്‍ദേശങ്ങളാണ് ഭരണഘടനയുടെ രീതിയ്ക്ക് ചേരാത്ത രീതിയില്‍ പലതവണ പുതുക്കിക്കൊണ്ടിരുന്നത് എന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ അടുത്ത നിയമസഭ കൂടി ആറ് ആഴ്ച്ചയ്ക്കകം അത് ചര്‍ച്ച ചെയ്ത് നിയമമാക്കി മാറ്റണമെന്നിരിക്കെ രണ്ടും മൂന്നും തവണ സഭ കൂടിയിട്ടും സഭയുടെ പരിഗണനയ്ക്ക് വെക്കാത്ത ഓര്‍ഡിനന്‍സുകള്‍ ഉണ്ടായിരുന്നെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നു.

ഭരണഘടനയുടെ അന്തസത്തയെ വെല്ലുവിളിയ്ക്കുന്നതും നിയമസഭയെ നോക്കുകുത്തിയാക്കുന്നതുമായ ഈ നടപടി യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി തവണ ആവര്‍ത്തിച്ചുവെന്നും ഇത് സംബന്ധിച്ച രേഖകളില്‍ നിന്ന് വ്യക്തം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 70 ഓളം ഓര്‍ഡിനന്‍സുകളാണ് പുറപ്പെടുവിച്ചത്. ഇതില്‍ 25 ഓളം റീ ഇഷ്യൂ ചെയ്യുകയുണ്ടായെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. അതില്‍ തന്നെ പലതും അഞ്ചില്‍ കൂടുതല്‍ തവണ പോലും ഗവര്‍ണറുടെ പരിഗണനയ്ക്ക് വന്നു.

2013 ലെ അബ്കാരി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2012 ലെ കേരള മുദ്രപത്ര (ഭേദഗതി) ഓര്‍ഡിനന്‍സ്, 2012 ലെ ആധാരമെഴുത്തുകാരുടേയും പകര്‍പ്പെഴുത്തുകാരുടേയും സ്റ്റാമ്പ് വെണ്ടര്‍മാരുടേയും ക്ഷേമനിധി ഓര്‍ഡിനന്‍സ് തുടങ്ങി നിരവധി ഓര്‍ഡിനന്‍സുകളാണ് പലതവണ സഭ ചേര്‍ന്നിട്ടും സഭയുടെ പരിഗണനയ്ക്ക് വരാതെ കാലാവധി തീര്‍ന്ന് അസാധുവാകുകയും പിന്നീട് വീണ്ടും ഗവര്‍ണറുടെ മുന്നിലെത്തി പുതുക്കുകയും ചെയ്തിട്ടുള്ളത്. 10-11-2011 പുറപ്പെടുവിച്ച നിയമസഭ (അയോഗ്യതകള്‍ നീക്കം ചെയ്യല്‍) ഭേദഗതി ഓര്‍ഡിനന്‍സ് മൂന്നു തവണയാണ് ഗവര്‍ണറെ കൊണ്ട് പുതുക്കി ഒപ്പിട്ട് വീണ്ടും ഓര്‍ഡിനന്‍സ് ആക്കി പുനര്‍വിജ്ഞാപനം ചെയ്തത്. 2012 ലെ കേരള വെറ്റിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാല (ഭേദഗതി) ഓര്‍ഡിനന്‍സ് പിന്നീട് രണ്ടുതവണ പുതുക്കിയ ഓര്‍ഡിനന്‍സ് ആക്കി ഇറക്കുകയുണ്ടായി.

ഇത് സഭയെ നോക്കിക്കുത്തിയാക്കുന്ന പ്രവര്‍ത്തനമാണെന്നും ഭരണഘടന നിര്‍വ്വഹണസംവിധാനത്തെ വെല്ലുവിളിയാണെന്നും 1986 ലെ ഡി.സി. വാദ്വാ-ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ ജസ്റ്റിസ് പി.എന്‍. ഭഗവതിയുടെ സുപ്രധാനമായ വിധിയുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് 213 ന്റ ദുരുപയോഗമാണ് ഇതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെങ്കില്‍ സഭ ചേരാതിരിക്കുകയും അസാധാരണമായ ഒരു സാഹചര്യം നിലനില്‍ക്കുകയും വേണമെന്നാണ് നിയമം. അതേസമയം ഓര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ തുടര്‍ന്ന് സഭ ചേരുമ്പോള്‍ അത് ചര്‍ച്ച ചെയ്ത് നിയമമാക്കി മാറ്റുകയും വേണം. അതിന് പകരം പലതവണ സഭ ചേര്‍ന്നിട്ടും മേല്‍പ്പറഞ്ഞ പല ഓര്‍ഡിനന്‍സുകളും സഭയുടെ പരിഗണനയ്ക്ക് വരാതെ വീണ്ടും വീണ്ടും പുതുക്കി ഗവര്‍ണറെ കൊണ്ട് ഒപ്പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

പല തവണ അസാധുവാകുകയും പിന്നീട് അഞ്ചോളം തവണ ഗവര്‍ണറുടെ പരിഗണനയ്ക്ക് വന്ന ഓര്‍ഡിനന്‍സുകളുമുണ്ട് ഈ സര്‍ക്കാരിന്റെ കാലത്തെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2011 ലെ കേരള സംസ്ഥാന ജലവിഭവ റെഗുലേറ്ററി അതോറിറ്റി ഓര്‍ഡിനന്‍സ് ആറ് തവണയാണ് ഗവര്‍ണറെ കൊണ്ട് പുതുക്കിയത്. ഇത് ഗുരുതരമായ ഭരണഘടനലംഘനമാണ്. 2011 ലെ കേരള അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക്‌സ് ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ് നാലുതവണയാണ് ഗവര്‍ണറുടെ മുന്നിലേക്ക് അസാധുവായതിനെ തുടര്‍ന്ന് പോയത്. 2012 ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സിന്റെ ഗതിയും ഇതുതന്നെ. കേരളത്തിലെ സര്‍വകലാശാലകളുടെ കാര്യത്തില്‍ മാത്രം ഇരുപതോളം ഓര്‍ഡിനന്‍സുകളാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ഇതില്‍ ഭൂരിഭാഗവും പിന്നീട് സഭയുടെ പരിഗണനയ്ക്ക് വരാതെ പുതുക്കി കൊണ്ടിരുന്നവയാണ്.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയും വി.എം.സുധീരന്‍ സ്പീക്കറും ആയിരുന്ന കാലത്ത് സമാനമായ സാഹചര്യമുണ്ടായപ്പോള്‍ സ്പീക്കര്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവന്നത് അക്കാലത്ത് വിവാദമായിരുന്നു. പല നിയമഭേദഗതികളും ഓര്‍ഡിനന്‍സുകളായി പറന്നുകളിയ്ക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ സഭയ്ക്ക് ഒരു റോളുമില്ലേ എന്ന വിമര്‍ശനം അന്നത്തെ സ്പീക്കര്‍ പരസ്യമായി ഉന്നയിക്കുകയായിരുന്നു. സമാനമായ സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനന്‍സ് രാജാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. സഭ സമ്മേളിക്കുന്ന ഈ സമയത്ത് ഇതില്‍ ചിലത് സഭയുടേയും ചിലത് സബ്ജക്ട് കമ്മിറ്റിയുടേയും പരിഗണനയ്ക്ക് വരാമെങ്കിലും ഇതുവരെ നടന്നതില്‍ തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്ന രീതിയായിരുന്നുവെന്നതാണ് സത്യം. കേരളത്തിന് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു നിയമനിര്‍മ്മാണസഭയും ജനപ്രതിനിധികളും ഉണ്ടെന്നിരിക്കെ ഗവര്‍ണറുടെ ഒപ്പിന്റെ ബലത്തില്‍ മാത്രം നിയമങ്ങളെ നിലനിര്‍ത്തുന്നത് ജനപ്രതിനിധിസഭയുടെ അന്തസത്തയെ തന്നെ ചോദ്യംചെയ്യുന്നതാണ്.

അഡ്വ.ഡി.ബി.ബിനു-കൊച്ചി