അഡ്വ.ഡി.ബി.ബിനുകൊച്ചി
കൊച്ചി: ലോകത്തിന്റെ പല ഭാഗങ്ങളിലായി ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ എണ്ണം ആറായിരത്തി അഞ്ഞൂറിലുമധികമെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് വിദേശജയില്‍വാസം അനുഭവിക്കുന്നവരുടെ എണ്ണം വെളിപ്പെടുത്തിയിട്ടുള്ളത്. 6569 പൗരന്‍മാരാണ് ഇത്തരത്തില്‍ ഔദ്യോഗിക കണക്കുപ്രകാരം ഇന്ത്യയ്ക്ക് പുറത്ത് തടവ് ജീവിതം അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യക്കാരാണെന്നല്ലാതെ ആരെല്ലാമാണ് അതെന്നോ അവരുടെ പേരുവിവരങ്ങള്‍, ഏത് സംസ്ഥാനത്ത് നിന്നുള്ളവര്‍ എന്നീ വിവരങ്ങള്‍ ഒന്നും തന്നെ കേന്ദ്രസര്‍ക്കാരിന് പോലും അറിയാത്ത സാഹചര്യമാണുള്ളതെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രവാസികളായ ഇന്ത്യക്കാരോട് ഒരു രാജ്യത്തെ വിദേശകാര്യമന്ത്രാലയം കാണിക്കുന്ന അനാസ്ഥയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച ഈ മറുപടി. വിവിധ രാജ്യങ്ങളിലായി തടവുജീവിതം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങളില്‍ എണ്ണം മാത്രമാണ് സര്‍ക്കാരിന്റെ പക്കല്‍ ഉള്ളതെന്ന് ഇതില്‍ നിന്ന് വ്യക്തം. പേരോ മറ്റ് വിവരങ്ങളോ അറിയില്ലെങ്കില്‍ പിന്നെ അറിയപ്പെടാത്ത ഇവരുടെ മോചനം എങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ഇവിടെ ബാക്കിയാകുന്നു. ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഉള്ളവരാണെന്ന് വ്യക്തമാക്കുന്ന വിവരം സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍ അത് നല്‍കാന്‍ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടി കത്തിലുണ്ട്.

സര്‍ക്കാര്‍ കണക്കുപ്രകാരം സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നത്. 1691 പേരാണ് ഇവിടത്തെ ജയിലുള്ള ഇന്ത്യക്കാര്‍. കുവൈത്താണ് തൊട്ടുപുറകേയുള്ളത്1161, യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ തടവുകാരുടെ എണ്ണം 1012 ആണ്. അമേരിക്കയില്‍ 155 പേരും ഇംഗ്ലണ്ടില്‍ 426 പേരും ചൈനയില്‍ 157 പേരും ബംഗ്ലാദേശില്‍ 167 പേരും ഇറ്റലിയില്‍ 121 പേരുമാണ് ജയിലുള്ള ഇന്ത്യക്കാര്‍. പാകിസ്താനില്‍ 254, മലേഷ്യയില്‍ 187, സിംഗപ്പൂരില്‍ 156 എന്നിങ്ങനെ പോകുന്നു തടവില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ കണക്കുകള്‍. ക്യൂബയിലും കംബോഡിയയിലും അംഗോളയിലും ഓരോ ഇന്ത്യക്കാര്‍ വീതം തടവില്‍ കഴിയുന്നുണ്ട്. പ്രവാസികളായ തടവുകാരുടെ മോചനത്തിനായി ന്യായമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ പറയുമ്പോഴും മിക്കവരുടേയും പേരുവിവരം പോലും ലഭ്യമല്ല എന്നതാണ് വിചിത്രം. ഇതില്‍ ആരെല്ലാം എന്ത് കുറ്റത്തിന്റെ പേരിലാണ് തടവില്‍ കഴിയുന്നതെന്നും വ്യക്തമല്ല. പിന്നെ എങ്ങനെ ഇവരുടെ മോചനം സര്‍ക്കാര്‍ സാധ്യമാക്കുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നല്‍കിയ രേഖകള്‍