അഡ്വ.ഡി.ബി.ബിനു കൊച്ചി


സാധാരണക്കാര്‍ കറന്റ് ബില്ല് അടയ്ക്കാന്‍ ഒരുദിവസം വൈകിയാല്‍ പോലും വൈദ്യുതി വിച്ഛേദിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ അതേ വൈദ്യുതി വകുപ്പുതന്നെ വന്‍കിട ഉപഭോക്താക്കള്‍ വൈദ്യുതി ബില്ല് അടയ്ക്കാതെ കോടിക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയിട്ടും യാതൊന്നും ചെയ്തില്ലെതിന് രേഖകള്‍. ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കളില്‍നിന്ന് കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 197 കോടിയിലേറെ രൂപയാണെന്നും 13 വര്‍ഷമായിട്ടും പണം തിരിച്ചുപിടിക്കാത്ത സംഭവങ്ങള്‍ പോലുമുണ്ടെന്നും ഈ രേഖകള്‍ തെളിയിക്കുന്നു. വന്‍കിട ഉപഭോക്താക്കളുടെ കുടിശ്ശിക കണ്ടില്ലെന്ന് നടിക്കുന്ന കെ.എസ്.ഇ.ബി. സാധാരണക്കാരോട് കാണിക്കുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും വ്യക്തമായ മുഖമാണ് ഇവിടെ തെല്‍ുന്നത്.

എന്നാല്‍ ഇതില്‍ പലതിലും കേസുകളും സ്‌റ്റേകളും സംഭവിച്ചിട്ടുണ്ടെന്ന് ന്യായം പറയുന്ന വൈദ്യുതിവകുപ്പ് പക്ഷേ നിയമനടപടികള്‍ ഉള്ളവയ്ക്കായി തുടര്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുമില്ല. പേള്‍ ലൈറ്റ് വയര്‍ പ്രൊഡക്ട്‌സ് എന്ന കമ്പനി കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ളത് 40 കോടിയാണ്. സിലിക്കല്‍ മെറ്റലേര്‍ജിക്കല്‍സ് 25 കോടി, ബിനാനി സിങ്ക് 19 കോടി, ഇന്‍ഡ്‌സില്‍ ഇലക്ട്രോസ്‌മെല്‍റ്റേഴ്‌സ് 14 കോടി.... ഇങ്ങനെ പോകുന്നു വന്‍കിട ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള കുടിശികയുടെ ഭീമന്‍ കണക്കുകള്‍.

ഇതെല്ലാം വര്‍ഷങ്ങളായി കേസില്‍പ്പെട്ട് കിടക്കുകയാണെന്നാണ് വൈദ്യുതിവകുപ്പ് പറയുന്നത്. കേരളാ ഹൈക്കോടതിക്ക് മുന്നിലുള്ള അമ്പതിലേറെ കേസുകളെടുത്താല്‍ 197,19,56,068 രൂപയാണ് (197 കോടി 19 ലക്ഷത്തി അമ്പത്തിയാറായിരത്തി അറുപത്തിയെട്ട്) വിവിധ കമ്പനികള്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞ് സാധാരണക്കാരന്റെ നിരക്ക് കൂട്ടുന്ന ബോര്‍ഡിന് വന്‍കിട ഉപഭോക്താക്കളുടെ കാര്യത്തിലുള്ള സമീപനം എങ്ങനെയെന്ന് നോക്കാം. 5 കോടി രൂപ കുടിശ്ശിക വരുത്തിയ എക്‌സല്‍ ഗ്ലാസസ് എന്ന കമ്പനി കേസുമായി 1999ല്‍ കോടതിയില്‍ പോയി. നിലവില്‍ സ്‌റ്റേയൊന്നുമില്ല. പക്ഷേ 13 വര്‍ഷം കഴിഞ്ഞിട്ടും തുക തിരിച്ചുപിടിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഈ രേഖകള്‍ തെളിയിക്കുന്നു.

കമ്പനികള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയാല്‍ അതിന്റെ നിയമപരമായ തുടര്‍നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ടായിരിക്കെ ബോര്‍ഡ് അതിന് ശ്രമിക്കാറില്ലെന്ന് വ്യക്തമാണിവിടെ. ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം നിര്‍മ്മാണ കമ്പനിയായ ഹിന്‍ഡാല്‍കോ, ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാന്‍ സ്റ്റുഡിയോ എന്നിവയും കുടിശ്ശികയായി സര്‍ക്കാരിന് കോടികള്‍ നല്‍കാനുള്ളതായി പട്ടികയിലുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ സ്ഥാപനം നല്‍കാനുള്ളത് ഏഴ് കോടിയോളം രൂപയാണ്. അബാദ് ബില്‍ഡേഴ്‌സ്, അസറ്റ് ഹോംസ്, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളും വന്‍തോതില്‍ കുടിശിക വരുത്തിയിട്ടുണ്ട്. വൈദ്യുത ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഈ പട്ടികയും പുറത്തുവന്നിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക